മാപ്പിള ഗറില്ലകളെ ഉപയോഗിച്ച് കമ്മ്യൂണിസ്റ്റ് സംസ്ഥാനം ഉണ്ടാക്കാനാണ് ഇ.എം.എസ് മലപ്പുറം രൂപീകരിച്ചതെന്ന കരുണാകരന്റെ വാദത്തെ എതിർത്ത വ്യക്തിയാണ് വി.എസ്: എൻ.പി ആഷ്‌ലി
Kerala
മാപ്പിള ഗറില്ലകളെ ഉപയോഗിച്ച് കമ്മ്യൂണിസ്റ്റ് സംസ്ഥാനം ഉണ്ടാക്കാനാണ് ഇ.എം.എസ് മലപ്പുറം രൂപീകരിച്ചതെന്ന കരുണാകരന്റെ വാദത്തെ എതിർത്ത വ്യക്തിയാണ് വി.എസ്: എൻ.പി ആഷ്‌ലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd July 2025, 9:24 am

കോഴിക്കോട്: വി.എസിനെക്കുറിച്ചുള്ള ചർച്ചകൾ കപടവിഷയങ്ങളിൽ ഒതുക്കേണ്ടത് എല്ലാ പക്ഷത്തുമുള്ള മതരാഷ്ട്രവാദികളുടെയും വർഗീയവാദികളുടെയും ആവശ്യമാണെന്ന് അധ്യാപകനായ എൻ.പി ആഷ്‌ലി. മുസ്‌ലിം വിഭാഗത്തെക്കുറിച്ച് അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദൻ വർഗീയ പരാമർശങ്ങൾ നടത്തിയെന്ന ആരോപണങ്ങൾ ഉയരുന്നതിനിടയാണ് അദ്ദേഹത്തിന്റെ വിമർശനം. 1967 മുതല്‍ 1975 വരെയുള്ള നിയമസഭാ രേഖകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തന്റെ വാദങ്ങൾ മുന്നോട്ടുവെക്കുന്നത്.

തന്റെ ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. മാപ്പിള ഗറില്ലകളെ ഉപയോഗിച്ച് സംസ്ഥാനഭരണം പിടിച്ചെടുത്ത് കമ്മ്യൂണിസ്റ്റ് സംസ്ഥാനം ഉണ്ടാക്കാൻ വേണ്ടിയാണ് ഇ.എം.എസ് നമ്പൂതിരിപ്പാട് മലപ്പുറം ജില്ലാ രൂപീകരണത്തിന് മുൻകൈ എടുക്കുന്നതെന്ന് കെ. കരുണാകരൻ നിയമസഭയിൽ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. കോൺഗ്രസിന്റെ അത്തരം മലപ്പുറം ജില്ലാ വിരുദ്ധ പ്രസ്താവനകൾ ജനസംഘത്തിന്റെ വാദം പോലെയാണെന്ന് പറഞ്ഞ് ആ ചർച്ചകളിൽ കോൺഗ്രസ് വാദങ്ങളെ എതിർത്ത നേതാവ് വി. എസ് അച്യുതാനന്ദനാണെന്ന് എൻ.പി ആഷ്‌ലി കൂട്ടിച്ചേർക്കുന്നു.

‘മുസ്‌ലിം ലീഗ് അന്ന് സി.പി.ഐ.എം നേതൃത്വം കൊടുക്കുന്ന സപ്തകക്ഷിമന്ത്രിസഭയിലെ അംഗമാണ്. കോൺഗ്രസ് പ്രതിപക്ഷത്തും. അറുപതുകളാണ്. ഗൾഫ് തുടങ്ങുന്നതേയുള്ളൂ. കേരളത്തിലെ മുസ്‌ലിങ്ങളുടെ സാമ്പത്തിക സ്ഥിതി തീർത്തും മോശമാണ്. അന്നത്തെ നിലപാടാണ് ഇപ്പറയുന്നത്. ഇത് കൂടാതെ രണ്ട് കാരണങ്ങൾ കൊണ്ട് കൂടി വി.എസ് അച്യുതാനന്ദൻ ഏതെങ്കിലും തരത്തിൽ വർഗീയവാദിയാണെന്ന് പറയുന്നതിനെ ഞാൻ എതിർക്കും.

കേരളത്തിലെ വർഗീയതയുള്ള പ്രസ്താവനകൾ അഴിമതിക്കാരായ രാഷ്ട്രീയക്കാരും സമുദായ നേതാക്കന്മാരും വാർത്താചക്രം ഉണ്ടാക്കി ജനങ്ങളുടെ ശ്രദ്ധ മാറ്റാൻ നടത്തുന്ന ഒരേർപ്പാടാണ്. സാമ്പത്തിക-അധികാര താത്പര്യങ്ങളെ മറച്ച് പിടിക്കാൻ അവർക്ക് ഇത്തരം വൈകാരികത വളരെ ഉപകാരപ്രദമാണ്. കേരളത്തിന്റെ കഴിഞ്ഞ കാൽ നൂറ്റാണ്ടിലെ ഏറ്റവും അഴിമതിയില്ലാത്ത, ജനകീയനായ നേതാവ് എന്നുറപ്പിച്ച് പറയാവുന്ന നേതാവാണ് വി. എസ് അച്യുതാനന്ദൻ.

സൂര്യനെല്ലിയിലും കോഴിക്കോടും അടക്കമുള്ള ക്രൂരമായ പെൺവാണിഭങ്ങൾ, പാർട്ടികൾക്കും വിവിധ ഓഫിസുകൾക്കും അടിയിൽ പടർന്നു കിടക്കുന്ന ആൺകോയ്മയുടെയും സാമ്പത്തിക തട്ടിപ്പുകളുടെയും പാരിസ്ഥിതിക ചൂഷണത്തിന്റെയും അധോലോകങ്ങളിൽ ആണ് നിർമിക്കപ്പെടുന്നത്. അവയ്‌ക്കെതിരെ ഏറ്റവും നിശിതവും നിർണായകവുമായ നിലപാടെടുക്കുന്ന ആൾക്ക് ഇത്തരം തട്ടിപ്പ് നടത്തേണ്ട കാര്യമില്ല,’ എൻ.പി ആഷ്‌ലി കുറിച്ചു.

കേരളത്തിന്റെ സാമാന്യബോധത്തിൽ കാര്യങ്ങൾ വന്നടിഞ്ഞു കിടക്കുന്നത് വാർത്താശകലങ്ങളും പോസ്റ്ററുകളും മീമുകളും ട്രോളുകളും ചേർന്ന് പൊലിപ്പിക്കുന്ന സമകാലിക വൈകാരികതയിൽ നിന്നാണെന്ന് പറഞ്ഞ എൻ.പി ആഷ്‌ലി, സന്ദർഭമോ വസ്‌തുതയോ അറിയാതെ ഏതെങ്കിലും റിപ്പോർട്ടിൽ നിന്ന് ലഭിച്ച ചില വാക്യങ്ങൾക്ക് ഒരാളെ വർഗീയവാദിയാക്കാനുള്ള കെൽപ്പുണ്ടെന്നും പറഞ്ഞു.

‘അവിടെ നിന്നോ ഇവിടെ നിന്നോ ലഭിക്കുന്ന ചില വാക്യങ്ങൾ എടുത്ത് ഒരാളെ വർഗീയവാദിയാക്കാം. അതിനെ വൈറൽ ആക്കാൻ ശേഷിയുള്ള, അതിലൂടെ സ്വന്തം താത്പര്യങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന ആവാസവ്യവസ്ഥ എല്ലാ വിഭാഗക്കാർക്കും ഉണ്ട്,’ അദ്ദേഹം പറഞ്ഞു.

കേരളത്തിലെ എല്ലാ മുസ്‌ലിം സാമുദായിക-രാഷ്ട്രീയ പാർട്ടികളും എന്നും തള്ളിക്കളഞ്ഞിട്ടുള്ള സംഘടനയാണ് എൻ.ഡി.എഫ് എന്ന മുസ്‌ലിം വലതുപക്ഷ-ഭീകര സംഘടന. അവർക്കെതിരെ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞതാണ് വി.എസിന്റെ മുസ്‌ലിം വിരുദ്ധതക്ക് തെളിവായി അവതരിപ്പിക്കപ്പെടുന്ന വാക്കുകളെന്ന് എം.സി.എ നാസർ എന്ന പത്രപ്രവർത്തകൻ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘നിശ്ചേതനമായ ഓർമ ശക്തിയും വിശദമായോ ആഴത്തിലോ എന്തെങ്കിലും മനസിലാക്കാനോ ഉള്ള ക്ഷമയോ ശ്രദ്ധയോ ഇല്ലാത്ത അലസതയും ചേർന്ന ഒരു പൊതുമണ്ഡലത്തിന്റെ ശീലങ്ങളെ അവിശ്വസിക്കുക തന്നെ വേണമല്ലോ. കേരള നവോത്ഥാനത്തിലെ ഏറ്റവും ഗംഭീരമായ അധ്യായമായ ഈഴവ മുന്നേറ്റത്തിന്റെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ഊർജവും പൈതൃകവും ധാർമികതയും സ്വാംശീകരിച്ചത് കൊണ്ടാവാം കേരളത്തിലെ ഏറ്റവും പുതിയ രാഷ്ട്രീയക്കാരനായി നിൽക്കാൻ വി.എസിന് സാധിച്ചത് എന്ന് തോന്നുന്നു.

പരിസ്ഥിതി സമരങ്ങളുടെ ഒപ്പം നിൽക്കുക മാത്രമല്ല, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കേരള രാഷ്ട്രീയത്തെ അടയാളപ്പെടുത്തിയ പെമ്പിളൈ ഒരുമൈ അടക്കമുള്ള സ്ത്രീ മുന്നേറ്റങ്ങളിൽ വി.എസ് വലിയ സാന്നിധ്യമോ പിന്തുണയോ പ്രചോദനമോ ആയിരുന്നു. പുതിയ ഒരുപാട് മാറ്റങ്ങൾക്ക് പല നിലയിൽ വി. എസിന്റെ നയങ്ങൾ കാരണമായിട്ടുണ്ട്.

ഹരിത എന്ന സംഘടനയുടെ യുവപെൺനേതൃത്വം ആൺകോയ്മയെ ചോദ്യം ചെയ്തു കൊണ്ട് മുന്നോട്ട് വന്നിരുന്നു. ആ സമയത്ത് സ്ത്രീ രാഷ്ട്രീയത്തിനൊരു സാധ്യത തന്നെ ഉണ്ടാവാൻ കാരണമായിത്തീർന്നത് വി.എസ് അച്യുതാനന്ദൻ സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ സ്ത്രീ സംവരണം നടത്തിയതാണെന്ന് ഹരിതയുടെ നേതാക്കളിൽ ഒരാളായ നജ്മ തബ്ഷീറ പറഞ്ഞത് ആ സമയത്തെ ഒരു ലേഖനത്തിൽ ഞാൻ എഴുതിയിരുന്നു. ഇതൊക്കെ മാറ്റിവെച്ച് ചർച്ചകളെ പഴയ ഏതോ കപടവിഷയങ്ങളിൽ ചുറ്റി നടത്തേണ്ടത് എല്ലാ പക്ഷത്തുമുള്ള മതരാഷ്ട്രവാദികളുടെയും വർഗീയവാദികളുടെയും അവരൊക്കെ പിന്തുണക്കുന്ന ആൺ-മുതലാളി താത്പര്യങ്ങളുടെയും മാത്രം ആവശ്യമാണ്,’ അദ്ദേഹം കുറിച്ചു.

 

Content Highlight: Religious nationalists and communalists on all sides need to limit discussions on VS to pseudo-topics: N.P. Ashley