സര്‍ക്കാരിന് ആശ്വാസം; ജീവനക്കാര്‍ക്ക് സന്ദേശം അയച്ചതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി; ഹരജി തള്ളി
Kerala
സര്‍ക്കാരിന് ആശ്വാസം; ജീവനക്കാര്‍ക്ക് സന്ദേശം അയച്ചതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി; ഹരജി തള്ളി
അനിത സി
Tuesday, 10th March 2026, 11:21 am

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസ് ഡി.എ സന്ദേശമയച്ചതിനെതിരായ ഹരജി തള്ളി ഹൈക്കോടതി. സ്വകാര്യതാ ലംഘനമെന്ന ഹരജിക്കാരുടെ വാദത്തില്‍ കഴമ്പില്ലെന്നും സര്‍ക്കാര്‍ സന്ദേശം അയച്ചതില്‍ തെറ്റില്ലെന്നും ഹരജി തള്ളിക്കൊണ്ട് ഹൈക്കോടതി പരാമര്‍ശിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി.എ വര്‍ധനവ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് വാട്‌സ്ആപ്പ് സന്ദേശം അയച്ച വിഷയത്തിലാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചിരുന്നത്. സ്വകാര്യതാ ലംഘനം, ഡാറ്റ ചോര്‍ച്ച തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി.

നേരത്തെ, സന്ദേശം അയച്ചതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രിയുടെ വ്യക്തിഗത നമ്പറില്‍ നിന്നല്ല ഐ.ടി മിഷന്റെ അക്കൗണ്ടില്‍ നിന്നാണ് സന്ദേശം അയച്ചതെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതില്‍ നിയമവിരുദ്ധത ഇല്ലെന്നും നല്ല ഭരണ നിര്‍വഹണത്തിന്റെ ഭാഗമാണെന്നും ഹരജിക്കാരോട് ഹൈക്കോടതി മാര്‍ച്ച് അഞ്ചിന് ഹരജി പരിഗണിക്കവെ പറഞ്ഞിരുന്നു.

അതേസമയം, സന്ദേശം അയക്കുന്നതിന്റെ പൂര്‍ണനിയന്ത്രണം ഐ.ടി മിഷനാണെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഐ.ടി മിഷന്‍ ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി കോടതിക്ക് മുന്നില്‍ നടപടിക്രമം വിശദീകരിക്കുകയും ചെയ്തിരുന്നു.

ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാന്‍ സര്‍ക്കാരിന് ഐ.ടി വകുപ്പിന്റെ കീഴില്‍ വിപുലമായ ഡാറ്റ സെന്റര്‍ സംവിധാനമുണ്ടെന്നും അറിയിപ്പുകള്‍ അയക്കുന്നത് ഡാറ്റ ചോര്‍ച്ചയായി വ്യാഖ്യാനിക്കുന്നത് ദുരുദ്ദേശപരമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസും വിശദീകരിച്ചിരുന്നു.

വ്യക്തിഗതമായ വിവരങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സുരക്ഷിതമാണ്. ഈ വിവരങ്ങള്‍ സര്‍ക്കാരിന് പുറത്തുള്ള ഒരു ഏജന്‍സിയുമായും പങ്കുവെക്കുന്നില്ലെന്നും ഓഫീസ് അറിയിച്ചിരുന്നു.

Content Highlight: Relief for the government; High Court finds no fault in sending message to employees; Petition dismissed

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.