ഇന്ത്യയ്ക്ക് ആശ്വാസം?; താരിഫും ഉപരോധവും ഉടനില്ല; റഷ്യന്‍ എണ്ണ വാങ്ങുന്നവരോടുള്ള നിലപാട് മയപ്പെടുത്താന്‍ ട്രംപ്
India
ഇന്ത്യയ്ക്ക് ആശ്വാസം?; താരിഫും ഉപരോധവും ഉടനില്ല; റഷ്യന്‍ എണ്ണ വാങ്ങുന്നവരോടുള്ള നിലപാട് മയപ്പെടുത്താന്‍ ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th August 2025, 4:09 pm

വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ താരിഫ് വിഷയത്തില്‍ നിലപാട് മയപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

റഷ്യയ്ക്കും അവരുടെ വ്യാപാര പങ്കാളികള്‍ക്കുമെതിരെ ചുമത്തിയ താരിഫ് ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരില്ലെന്ന് ട്രംപ് വ്യക്തമാക്കി.

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ അധിക താരിഫ് ഏര്‍പ്പെടുത്തുന്നത് ഉടന്‍ പരിഗണിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ തീരുമാനം ഇന്ത്യയ്ക്ക് ആശ്വാസകരമാകും.

വിഷയത്തില്‍ ഉടന്‍ തീരുമാനമെടുക്കില്ലെന്നും രണ്ടോ മൂന്നോ ആഴ്ചയ്ക്ക് ശേഷം പുനപരിശോധന നടത്താമെന്നുമാണ് ട്രംപ് പറഞ്ഞിരിക്കുന്നത്.

പുടിനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. അലാസ്‌കയില്‍ നടന്ന കൂടിക്കാഴ്ച പോസിറ്റീവ് ആയിരുന്നു എന്നാണ് ട്രംപ് പറഞ്ഞത്.

‘ഉപരോധത്തെ കുറിച്ച് രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ തീരുമാനം വ്യക്തമാക്കാമെന്നാണ് കരുതുന്നത്. ഉടനടി ഞങ്ങള്‍ അത് ചിന്തിക്കുന്നില്ല,’ ട്രംപ് പറഞ്ഞു.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിലായിരുന്നു ഇന്ത്യയ്ക്ക് ആദ്യം 25 ശതമാനം തീരുവ ചുമത്തിയത്. ഇതിന് പിന്നാലെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള ശിക്ഷാ നടപടിയായി അധിക 25 ശതമാനം താരിപ് കൂടി പ്രഖ്യാപിച്ചിരുന്നു.

റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ദ്വിതീയ ഉപരോധങ്ങളും ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നവരില്‍ ഏറ്റവും മുന്‍നിരയിലുള്ള രണ്ട് രാജ്യങ്ങള്‍ ചൈനയും ഇന്ത്യയുമാണ്.

എന്നാല്‍, ട്രംപിന്റെ ഭീഷണിയ്ക്ക് പിന്നാലെയും റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ തുടരുന്നുണ്ട്. അതേസമയം അലാസ്‌കയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും എന്തൊക്കെ കാര്യങ്ങളിലാണ് തീരുമാനത്തില്‍ എത്തിയതെന്നതില്‍ വ്യക്തതയില്ല.

ഫോക്സിന് നല്‍കിയ അഭിമുഖത്തില്‍, യൂറോപ്യന്‍ പങ്കാളിത്തത്തോടെ ഒരു കരാര്‍ ഉണ്ടാക്കേണ്ടത് ഇനി ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലെന്‍സ്‌കിയുടെ ഉത്തരവാദിത്തമാണെന്ന് ട്രംപ് പറഞ്ഞു. അതേസമയം ചര്‍ച്ച റഷ്യയ്ക്ക് അനുകൂലമാണെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Relief for India? Trump softens stance on Russia oil buyers after Putin meet