അബ്ദുൽ റഹീമിന് ആശ്വാസം; സൗദി ബാലനെ വധിച്ച കേസിൽ ഒരുവർഷത്തിനകം മോചനം
Kerala News
അബ്ദുൽ റഹീമിന് ആശ്വാസം; സൗദി ബാലനെ വധിച്ച കേസിൽ ഒരുവർഷത്തിനകം മോചനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th May 2025, 1:42 pm

തിരുവനന്തപുരം: സൗദി ബാലനെ വധിച്ച കേസിൽ ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന് ഒരുവർഷത്തിനകം മോചനം. കേസിൽ കോടതി അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ജയിലിൽ കിടന്ന മൊത്തം വർഷങ്ങൾ കൂട്ടിയാണ് 20 വർഷം തടവ് വിധിച്ചിരിക്കുന്നത്. 19 വർഷമായി അദ്ദേഹം ജയിലിൽ കഴിയുകയാണ്. ഇതോടെ അടുത്ത വർഷം റഹീം ജയിൽ മോചിതനാകുമെന്നാണ് കരുതുന്നത്.

സൗദിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന അബ്ദുൽ റഹീമിന് പറ്റിയ കയ്യബദ്ധത്തിൽ സ്‌പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിച്ചതോടെയാണ് റഹീം ജയിലിലാകുന്നത്. 2006 നവംബറിലാണ് സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് റഹീം അറസ്റ്റിലായത്.

നിരന്തരമായ ഇടപെടലുകളെ തുടർന്ന് 34 കോടി രൂപ മോചനദ്രവ്യമായി നൽകിയാൽ ശിക്ഷ ഒഴിവാക്കാമെന്ന് മരിച്ച കുട്ടിയുടെ കുടുംബം പറയുകയായിരുന്നു. തുടർന്ന് കേരളത്തിലെ ജനങ്ങൾ ഒന്നിച്ച് കൈകോർത്ത് പണം സ്വരൂപിക്കുകയായിരുന്നു.

2024 മെയ് മാസമായിരുന്നു പണം സ്വരൂപിച്ച് നൽകിയത്. തുടർന്ന് സൗദി കുടുംബത്തിനായുള്ള ദയാധനമായ 15 ദശലക്ഷം റിയാലിന്റെ ഡിമാൻഡ് ഡ്രാഫ്റ്റ് റിയാദിലെ ഇന്ത്യൻ എംബസി ഇഷ്യൂ ചെയ്തിരുന്നു.

ഗവർണറേറ്റിന്റെ നിർദേശപ്രകാരം റിയാദിലെ ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലാണ് ഡി.ഡി ഇഷ്യൂ ചെയ്യ്തിരുന്നത്. സാക്ഷികളായി റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണിയായ സിദ്ദിഖ് തുവ്വൂരും നിയമസഹായ സമിതി അംഗം മോയ്ഹുദ്ദിൻ സഫീറും എംബസിയിലെത്തിയിരുന്നു.

തുടർന്ന് ജൂൺ 11ന് നിയമനടപടികൾ പൂർത്തിയാക്കുകയും ചെയ്തു. ഇന്ത്യൻ എംബസി ഗവർണറേറ്റിന് നൽകിയ ഒന്നരകോടി സൗദി റിയാലിന്റെ ചെക്കും കൊല്ലപ്പെട്ട അനസിന്റെ കുടുംബം അറ്റോർണി ഗവർണറേറ്റിലെത്തി ഒപ്പുവെച്ച മറ്റ് രേഖകളും കോടതിയിൽ എത്തിച്ചതായി സിദിഖ് തുവ്വൂർ അറിയിച്ചിരുന്നു.

എന്നാൽ കേസ് പലതവണ പരിഗണിച്ച കോടതി മാറ്റിവെക്കുകയായിരുന്നു.

Content Highlight: Relief for Abdul Rahim; Released within a year in Saudi boy murder case