യു.എസില്‍ റിലയന്‍സിന്റെ ഓയില്‍ റിഫൈനറി; 300 ബില്യണ്‍ ഡോളറിന്റെ ഇടപാടെന്ന് ട്രംപ്
India-US Trade Deal
യു.എസില്‍ റിലയന്‍സിന്റെ ഓയില്‍ റിഫൈനറി; 300 ബില്യണ്‍ ഡോളറിന്റെ ഇടപാടെന്ന് ട്രംപ്
അനിത സി
Wednesday, 11th March 2026, 6:39 am

വാഷിങ്ടണ്‍: അമ്പത് വര്‍ഷത്തിന് ശേഷം പുതുതായി യു.എസില്‍ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇന്ത്യന്‍ വ്യവസായ ഭീമനായ റിലയന്‍സിന്റെ നിക്ഷേപ സഹായത്തിലാണ് ടെക്‌സസില്‍ റിഫൈനറി ആരംഭിക്കുകയെന്ന് ട്രംപ് അറിയിച്ചു.

300 ബില്യണ്‍ ഡോളറിന്റെ, അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടാണിതെന്നും അമേരിക്കയിലെ തൊഴിലാളികള്‍ളുടെയും ഊര്‍ജ മേഖലയുടെയും സൗത്ത് ടെക്‌സസിലെ ഇതിഹാസങ്ങളുടെയും വലിയ വിജയമാണിതെന്നും ട്രംപ് സോഷ്യല്‍മീഡിയയിലൂടെ അഭിപ്രായപ്പെട്ടു.

ഈ നിക്ഷേപത്തില്‍ ഇന്ത്യക്കും രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഊര്‍ജ കമ്പനിയായ റിലയന്‍സിനും ട്രംപ് നന്ദി പറഞ്ഞു.

അതേസമയം, റിലയന്‍സുമായി പുതിയ ഇടപാട് പ്രഖ്യാപിച്ചത് ഈയടുത്ത് ഒപ്പുവെച്ച ഇന്ത്യ-യു.എസ് വ്യാപാര കരാറിന്റെ ഭാഗമായാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.

‘അമ്പത് വര്‍ഷത്തിനിടയില്‍ അമേരിക്ക ടെക്‌സസിലെ ബ്രൗണ്‍സ്‌വില്ലില്‍ ആദ്യത്തെ പുതിയ യു.എസ് ഓയില്‍ റിഫൈനറി ആരംഭിക്കുകയാണ്. ഈ പ്രഖ്യാപനത്തില്‍ എനിക്ക് അഭിമാനമുണ്ട്,’ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രഖ്യാപിച്ചു.

പുതിയ റിഫൈനറി തുടങ്ങുന്നതിനുള്ള കാരണം ‘അമേരിക്ക ഫസ്റ്റ്’ എന്ന അജണ്ട ആണെന്നും പെര്‍മിറ്റുകള്‍ കാര്യക്ഷമമമാകകുയും നികുതി കുറയ്ക്കുകയും ചെയ്തതിലൂടെ യു.എസിലേക്ക് കോടിക്കണക്കിന്‌ഡോളറിന്റൈ ഇടപാടുകള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ലോകത്തെ തന്നെ എണ്ണ, പ്രകൃതിവാതക വിതരണത്തില്‍ വലിയ പ്രതിസന്ധി തുടരുന്നതിനിടെയാണ് ട്രംപ് യു.എസില്‍ പുതിയ റിഫൈനറി പ്രഖ്യാപിച്ചിരിക്കുന്നത്.

Content Highlight: Reliance’s oil refinery in the US; Trump says it’s a $300 billion deal

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.