സൗത്ത് ഇന്ത്യയില്‍ തന്നെ ഇങ്ങനെയൊരു ഹിസ്റ്ററിയില്ല സാര്‍; കളങ്കാവല്‍ സക്‌സസ് ടീസര്‍
Malayalam Cinema
സൗത്ത് ഇന്ത്യയില്‍ തന്നെ ഇങ്ങനെയൊരു ഹിസ്റ്ററിയില്ല സാര്‍; കളങ്കാവല്‍ സക്‌സസ് ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th December 2025, 8:55 pm

2025 ല്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഹിറ്റില്ലെന്ന ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് കളങ്കാവല്‍ സക്‌സസ് ട്രെയ്‌ലര്‍ പുറത്തുവിട്ട് മമ്മൂട്ടി കമ്പനി. ജിതിന്‍.കെ.ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പ്രതിനായകനായെത്തിയാണ് മമ്മൂട്ടി ചിത്രം ഹിറ്റടിച്ചതെന്ന പ്രത്യേകതയും കളങ്കാവല്‍ വിജയത്തിലെ സവിശേഷതയാണ്.

കളങ്കാവല്‍. Photo: kalamkaaval/ theatrical poster

റിലീസ് ചെയ്ത് ഒരാഴ്ച്ചക്കകം തന്നെ 50 കോടി ക്ലബില്‍ ഇടം നേടിയ ചിത്രം രണ്ടാം വാരത്തിലും മികച്ച മുന്നേറ്റമാണ് തിയേറ്ററുകളില്‍ കാഴ്ച്ചവെക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ നിര്‍മാണ സംരംഭമായ കളങ്കാവലില്‍ ഇരുപത്തൊന്നോളം നായികമാരാണ് അണിനിരന്നിട്ടുള്ളത്. ഇന്ത്യ കണ്ട ഏറ്റവും വലിയ കൊടും കുറ്റവാളികളില്‍ ഒരാളായ സയനൈഡ് മോഹനന്റെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രം ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി 2021 ല്‍ പുറത്തിറങ്ങിയ കുറുപ്പ് ചിത്രത്തിന്റെ കഥാകൃത്തായ ജിതിന്‍.കെ.ജോസിന്റെ ആദ്യ സംവിധാന സംരംഭമാണ് കളങ്കാവല്‍. എക്കോക്ക് ശേഷം മുജീബ് മജീദ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ റെട്രോ തമിഴ് വിഭാഗത്തില്‍ പെടുന്ന ഗാനങ്ങള്‍ക്ക് വലിയ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. നിലാകായും വെളിച്ചം, വൈഗെയ്, മന്നനെയ് തുടങ്ങിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.

കളങ്കാവല്‍. Photo: mammootty kamopany/ youtube.com

സ്ത്രീകളെ പ്രണയം നടിച്ച് പാട്ടിലാക്കി ലൈംഗികാവശ്യങ്ങള്‍ക്ക് ഇരയാക്കിയ ശേഷം കൊലപ്പെടുത്തുന്ന സീരിയല്‍ കില്ലറുടെ വേഷത്തിലെത്തുന്ന മമ്മൂട്ടിയുടെയും കേസ് അന്വേഷിച്ചെത്തുന്ന പൊലീസ് ഓഫീസറായ വിനായകനെയും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. പുറത്തുവിട്ട സക്‌സസ് ടീസറില്‍ തന്റെ ഇരകളെ ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ കാണാം.

ചിത്രത്തിന്റെ റിലീസിന് മുമ്പ് കൊച്ചിയില്‍ നടന്ന പ്രൊമോഷന്‍ ഇവന്റില്‍ ചിത്രത്തിലെ നായികമാരെ പരിചയപ്പെടുത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യമായിട്ടായിരിക്കും ഒരു മലയാള ചിത്രത്തില്‍ ഇത്രയധികം നായികമാര്‍ ഒരുമിച്ചഭിനയിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടിരുന്നു. ചിത്രത്തില്‍ രജിഷ വിജയന്‍, ബിനു പപ്പു, ഗായത്രി അരുണ്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

Content Highlight: release of success teaser of kalamkaaval