മലയാളി പ്രേക്ഷകര്‍ക്ക് എന്നും ഒരു പ്രത്യേക ഇഷ്ടമുള്ള അഭിനേതാവാണ് സൂര്യ. തമിഴിലെ സൂപ്പര്‍ താരങ്ങളില്‍ വിജയിക്ക് ശേഷം വലിയ മാര്‍ക്കറ്റ് വാല്യൂവുള്ള താരത്തിന് എന്നാല്‍ കഴിഞ്ഞ 13 വര്‍ഷത്തിലധികമായി കാര്യപ്പെട്ട ഹിറ്റുകളൊന്നും സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന് അന്ത്യം കുറിച്ചുകൊണ്ടായിരുന്നു മെയ് 15ന് ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത റൂറല്‍ ആക്ഷന്‍ പൊളിറ്റിക്കല്‍ എന്റര്‍ടെയിനറായ കറുപ്പ് തിയേറ്ററുകളിലേക്കെത്തിയത്.
വിജയിയുടെ ജനനായകന്‍ റിലീസ് മാറ്റിവെച്ചതോടെ 2026ല്‍ തിയേറ്ററുകളില്‍ ആഘോഷിക്കാന്‍ കാര്യമായി ഒന്നും ഇല്ലാതിരുന്ന തമിഴ് സിനിമാ പ്രേക്ഷകര്‍ക്ക് ട്രീറ്റ് ഒരുക്കിക്കൊണ്ടായിരുന്നു കറുപ്പ് തിയേറ്ററുകളിലേക്കെത്തിയത്. ഇപ്പോഴിതാ കറുപ്പിന് പിന്നാലെ സൂര്യയുടെ മറ്റൊരു പ്രൊമിസിങ് ചിത്രമായ വിശ്വനാഥന്‍ ആന്‍ഡ് സണ്‍സിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സൂര്യയ്‌ക്കൊപ്പം മലയാള സിനിമയിലൂടെ ശ്രദ്ധേയയായ മമിത ബൈജുവും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഓഗസ്റ്റ് 14നാണ് തിയേറ്ററുകളിലെത്തുന്നത്.
വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്. Photo: The Indian Express
കറുപ്പ് റൂറല്‍ ആക്ഷന്‍ ത്രില്ലറായിരുന്നെങ്കില്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായി റോം-കോം ഴോണറിലാണ് വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ് അണിയിച്ചൊരുക്കുന്നത്. കഴിഞ്ഞ മാസം പുറത്തുവന്ന ചിത്രത്തിന്റെ ടീസറില്‍ സൂര്യയും മമിതയും തമ്മിലുള്ള കോമ്പിനേഷന്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മധ്യവയസ്‌കനായ നായകനും ഇരുപതുകാരിയായ നായികയും തമ്മിലുള്ള പ്രണയത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ താരത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും ഗജിനിയും വാരണമായിരവും പോലെ സൂര്യയുടെ റൊമാന്റിക് വേര്‍ഷന്‍ കാണാന്‍ സാധിക്കുമെന്നുള്ള ആവേശത്തിലാണ് സൂര്യ ആരാധകര്‍.
ഡ്യൂഡ്, കര തുടങ്ങിയ ചിത്രങ്ങളിലൂടെ ഇതിനോടകം തമിഴ് സിനിമയില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയ മമിതയും ചിത്രത്തിലുണ്ടെന്നത് ഹൈപ്പ് വര്‍ദ്ധിപ്പിക്കുന്നു. ലക്കി ഭാസ്‌കര്‍ എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ വെങ്കി അല്‍ത്തൂരിയാണ് വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ് സംവിധാനം ചെയ്യുന്നത്. ജി.വി. പ്രകാശ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ രാധിക ശരത്കുമാര്‍, രവീണ ടണ്ടന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.
Content Highlight: Release date of Vishwanathan and sons out starring Suriya and Mamitha Baiju
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.