കം റ്റു ഡാഡി, വരില്ല ഞാന്‍; ടോക്‌സിക്ക് റിലീസ് മാറ്റിയതോടെ ബോക്‌സ് ഓഫീസില്‍ കുതിപ്പിനൊരുങ്ങി ആട് 3
Malayalam Cinema
കം റ്റു ഡാഡി, വരില്ല ഞാന്‍; ടോക്‌സിക്ക് റിലീസ് മാറ്റിയതോടെ ബോക്‌സ് ഓഫീസില്‍ കുതിപ്പിനൊരുങ്ങി ആട് 3
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 4th March 2026, 4:37 pm

കെ.ജി.എഫിന് ലഭിച്ച ബ്രഹ്‌മാണ്ഡ വിജയത്തിനുശേഷം യഷ്, വര്‍ഷങ്ങളുടെ മുന്നൊരുക്കത്തോടെ ഒരുങ്ങിയ ചിത്രമായിരുന്നു ടോക്‌സിക്ക്. മലയാളി സംവിധായിക ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം മാര്‍ച്ച് 19നായിരുന്നു റിലീസ് തീരുമാനിച്ചിരുന്നതെങ്കിലും മാറ്റിവെക്കുകയായിരുന്നു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധ സമാനമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം മാറ്റിവെക്കുന്നതെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ നല്‍കിയ വിവരം.

Photo: screen grab/ Friday Film house/ youtube.com

എന്നാല്‍ ഹൈപ്പിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന ധുരന്ധര്‍ 2 വിനെ ഭയന്നാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയതെന്നും ഇതിനോടകം അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. ഡിസംബറില്‍ യാതൊരു ഹൈപ്പുമില്ലാതെ തിയേറ്ററുകളിലെത്തിയ ധുരന്ധര്‍ ആറോളം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നേരിട്ട വിലക്കുകളെ മറികടന്ന് 1400 കോടിയോളമായിരുന്നു തിയേറ്ററുകളില്‍ നിന്നും നേടിയത്. വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തിന്റെ ഹൈപ്പ് കെട്ടടങ്ങുന്നതിന് മുമ്പ് തന്നെ രണ്ടാം ഭാഗം മാര്‍ച്ച് 19 ന് തിയേറ്ററുകളിലെത്തുമ്പോള്‍ ചിത്രത്തിന് കിട്ടുന്ന പൊട്ടന്‍ഷ്യല്‍ വളരെ വലുതാണ്. ഈയൊരു ഫാക്ടര്‍ ടോക്‌സിക്കിന്റെ റിലീസ് ഡേറ്റ് മാറ്റിവെക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് പലരുടെയും അഭിപ്രായം.

എന്നാല്‍ ടോക്‌സിക്ക് റിലീസ് മാറ്റിവെച്ചതോടെ കോളടിച്ചിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് നായകനാകുന്ന ആട് 3ക്കാണ്. കേരളത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധ്യതയുണ്ടായിരുന്ന ടോക്‌സിക്ക് മത്സരത്തിനിറങ്ങാത്തതോടെ ഏകദേശം ഫ്രീറണ്ണായിരിക്കും ചിത്രത്തിന് ലഭിക്കുക. യഷ് ചിത്രത്തിന് ഉണ്ടാക്കാന്‍ പറ്റുന്നതുപോലെ ഓളം സൃഷ്ടിക്കാന്‍ ധുരന്ധര്‍ 2 വിന് കഴിയില്ലെന്നതാണ് ഇതിന്റെ പ്രധാന കാരണം.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള മൂവി ഫ്രാഞ്ചൈസിയായ ആട് ടീമില്‍ നിന്നും വരുന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലറിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ആടിന്റെ ആദ്യ ഭാഗം പരാജയമായെങ്കിലും രണ്ടാം ഭാഗം വലിയ ഹിറ്റായിരുന്നു. ചിത്രത്തിന് പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍ വന്നാല്‍ മലയാളത്തിലെ സകല കളക്ഷന്‍ റെക്കോര്‍ഡുകളെയും വെട്ടിക്കാനുള്ള പൊട്ടന്‍ഷ്യല്‍ ആട് 3 ക്ക് ഉണ്ട്.

ടോക്‌സിക്ക് . Photo: News Bricks

അതേസമയം ടോക്‌സിക്കിലെയും ആട് 3 യിലെയും ട്രെയ്‌ലറുകളിലെ ഡയലോഗുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ടോക്‌സിക്കിന്റെ ടീസറില്‍ ഡാഡി ഇസ് ഹോം എന്നാണ് യഷിന്റെ കഥാപാത്രം പറയുന്നത്. എന്നാല്‍ ഇതിന് മറുപടിയെന്നോണമാണ് ദിവസങ്ങള്‍ക്കുശേഷം പുറത്തുവന്ന ആട് 3 ട്രെയ്‌ലറിലെ കം റ്റു ഡാഡി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ആടിന്റെയും ധുരന്ധറിന്റെയും ഭീഷണിയില്‍ ടോക്‌സിക്ക് പിന്‍വാങ്ങിയെന്നാണ് പലരുടെയും പരിഹാസം.

Content Highlight: Release date of Toxic movie changed in favor of Aadu 3 and Dhurandhar 2

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.