എഡിറ്റര്‍
എഡിറ്റര്‍
ഡി.ജി.പിയുടെ വാദം പൊളിച്ച് ജിഷ്ണുവിന്റെ ബന്ധുക്കള്‍; ബാഹ്യശക്തികള്‍ ഉണ്ടെന്ന് ഡി.ജി.പിയോട് പറഞ്ഞിട്ടില്ലെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍
എഡിറ്റര്‍
Wednesday 5th April 2017 9:38pm

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജില്‍ ‘കൊല്ലപ്പെട്ട’ ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തെ സംബന്ധിച്ച് ഡി.ജി.പി പുറത്തു വിട്ട പ്രസ്താവനയിലെ വാദഗതികള്‍ തെറ്റാണെന്ന് ജിഷ്ണുവിന്റെ അമ്മാവനും മഹിജയുടെ സഹോദരനുമായ ശ്രീജിത്ത്. ഇന്ന് സമരത്തിന് പോയവരില്‍ തങ്ങള്‍ക്കൊപ്പം പരിചയമില്ലാത്ത ആരും ഉണ്ടായിരുന്നില്ല എന്ന് ശ്രീജിത്ത് പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ ‘സൂപ്പര്‍ പ്രൈം ടൈ’മിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മുഖ്യമന്ത്രിയും പിന്നീട് ഡി.ജി.പിയും പറഞ്ഞത് പോലെ സമരത്തില്‍ ബാഹ്യശക്തികള്‍ ആരുമുണ്ടായിരുന്നില്ല. ഡി.ജി.പിയുടെ പ്രസ്താവനയില്‍ പറയുന്നത് പോലെ, പുറത്ത് നിന്നുള്ള ആളുകള്‍ സമരത്തില്‍ നുഴഞ്ഞുകയറിയെന്ന് താന്‍ ലോക്‌നാഥ് ബെഹ്‌റയോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


Also Read: ജിഷ്ണുവിന്റെ അമ്മയോടുള്ള അതിക്രമം: സി.പി.ഐ.എം മന്ത്രിമാരെ നാളെ മുതല്‍ വഴി തടയുമെന്ന് എ.ബി.വി.പി; പിണറായിയെ നാളെ ‘വലിച്ചിഴയ്ക്കും’


പൊലീസ് ആസ്ഥാനത്തേക്ക് വന്നാല്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നു. തങ്ങള്‍ 16 പേരാണ് ആകെ ഉണ്ടായിരുന്നത്. 14 പേര്‍ ജിഷ്ണുവിന്റെ ബന്ധുക്കളും നാട്ടുകാരുമാണ്. 2 പേര്‍ സഹപാഠികളുമാണ്. ഇതില്‍ പരിചയമില്ലാത്ത ആരുമുണ്ടായിരുന്നില്ല. ഡി.ജി.പിയെ കാണാന്‍ 16 പേരെ അനുവദിക്കണമെന്ന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. 10 പേരെ ഡി.ജി.പി ഓഫഈസിന് പുറത്ത് നില്‍ക്കാന്‍ അനുവദിക്കണമെന്നും 6 പേരെ ഡി.ജി.പിയെ കാണാന്‍ അനുവദിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. റോഡില്‍ നില്‍ക്കുകയാണെങ്കില്‍ പൊലീസ് മര്‍ദ്ദിക്കും എന്ന ഭയമുള്ളത് കൊണ്ടാണ് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

മ്യൂസിയം എസ്.ഐ സുനിലും അസിസ്റ്റന്റ് കമ്മീഷണര്‍ ബൈജുവുമാണ് തന്നെ മര്‍ദ്ദിച്ചത്. മുട്ടുകാല്‍ കൊണ്ട് വയറില്‍ തൊഴിക്കുകയും പിന്നീട് കഴുത്ത് പിടിച്ചൊടിക്കുകയും ചെയ്‌തെന്നും ശ്രീജിത്ത് പറഞ്ഞു.

ശ്രീജിത്തിന്റെ തുറന്ന് പറച്ചിലോടെ മുഖ്യമന്ത്രിയുടേയും ഡി.ജി.പിയുടേയും വാദങ്ങള്‍ പൊളിയുകയാണ്. പുറത്ത് നിന്ന് നുഴഞ്ഞുകയറിയ ആളുകളാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ദേശാഭിമാനി ലേഖകനാണ് ശ്രീജിത്ത്.

Advertisement