ഷൈന്‍ ടോം ചാക്കോയെ വളരെ ഭയഭക്തി ബഹുമാനത്തോടെ കാണുന്നത് ആദ്യമായാണെന്നും അത് ഡയറക്ടര്‍ കമലിന്റെ മുന്നില്‍ ഇരിക്കുന്നത് കൊണ്ട് മാത്രമാണെന്നും രേഖ മേനോന്‍.

ഷൈനിനെ തന്റെ അഭിമുഖത്തിലേക്ക് വിളിക്കുമ്പോള്‍ ഷൈന്‍ അവിടെയുള്ള കസേരയൊക്കെ പൊക്കി കൊണ്ട് പോകുമെന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ അദ്ദേഹം ഇന്ന് മര്യാദയുള്ള കുട്ടിയായി ഇരിക്കുകയാണെന്നും രേഖ പറയുന്നു.

ഷൈന്‍ തന്റെ ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അഭിമുഖത്തില്‍ പങ്കെടുക്കവെയാണ് രേഖ മേനോന്‍ ഈ കാര്യം പറഞ്ഞത്.

അഭിമുഖത്തില്‍ ഷൈനിനൊപ്പം സംവിധായകന്‍ കമലും ഉണ്ടായിരുന്നു. അഭിനേതാവാകുന്നതിന് മുമ്പ് ഷൈന്‍ കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന ചിത്രം കമലാണ് സംവിധാനം ചെയ്തത്.

‘അങ്ങനെ എനിക്ക് ഗുരുവിനെയും ശിഷ്യനെയും കുറച്ച് സമയം ഒരുമിച്ച് കിട്ടി. ഷൈനിനെ ഇങ്ങനെ ഭയ ഭക്തി ബഹുമാനത്തോടെ കാണുന്നത് സാറിന്റെ (കമലിന്റെ) മുന്നില്‍ ഇരിക്കുന്നത് കൊണ്ടാണ്. അങ്ങനെയുള്ള ഒരു ഷൈനിനെ കാണാന്‍ സാധിച്ചു.

ഷൈന്‍ ഈ കസേരയൊക്കെ പൊക്കി കൊണ്ട് പോകുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ ഇല്ല. ഇന്ന് ഷൈന്‍ മര്യാദയുള്ള കുട്ടിയായിരുന്നു,’ രേഖ മേനോന്‍ പറഞ്ഞു.

ഷൈനിന്റെ വളര്‍ച്ച നോക്കുമ്പോള്‍ അയാള്‍ പണ്ട് അഭിനയിച്ച സിനിമയേക്കാള്‍ എന്ത് വ്യത്യാസമാണ് കാണുന്നത് എന്ന രേഖയുടെ ചോദ്യത്തിന് അഭിമുഖത്തില്‍ കമല്‍ മറുപടി പറഞ്ഞു.

ഷൈന്‍ അഭിനയിച്ച എല്ലാ പടവും താന്‍ കണ്ടിട്ടിട്ടുണ്ടെന്നും ഓരോ സിനിമയിലൂടെയും ഷൈന്‍ ആ കഥാപാത്രമാകുന്നത് എങ്ങനെയാണെന്ന് താന്‍ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

‘ഷൈന്‍ അഭിനയിച്ച എല്ലാ പടവും ഞാന്‍ കണ്ടിട്ടിട്ടുണ്ട്. ഓരോ സിനിമയിലൂടെയും ഷൈന്‍ ആ കഥാപാത്രമാകുന്നത് എങ്ങനെയാണെന്ന് ഞാന്‍ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. നടന്‍ എന്ന നിലയില്‍ അവന്‍ ഒരുപാട് വളര്‍ന്നു,’ കമല്‍ പറഞ്ഞു.


Content Highlight: Rekha Menon Talks About Shine Tom Chacko