പ്രവാസികള്‍ക്കുവേണ്ടി പുതിയ വിദേശകാര്യ മന്ത്രിയുടെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട 10 കാര്യങ്ങള്‍
migrant labourers
പ്രവാസികള്‍ക്കുവേണ്ടി പുതിയ വിദേശകാര്യ മന്ത്രിയുടെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട 10 കാര്യങ്ങള്‍
റജിമോന്‍ കുട്ടപ്പന്‍
Saturday, 22nd June 2019, 4:51 pm

 

 

നാലുപതിറ്റാണ്ടിലേറെയായി അറബ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് കേരളീയരുടെ കുടിയേറ്റം തുടങ്ങിയിട്ട്. പക്ഷെ ഇന്നും കുടിയേറ്റത്തില്‍ സുരക്ഷിതത്വം ഇല്ലായ്മ തുടരുന്നു എന്നുതാണ് വാസ്തവം.

1970 കളുടെ തുടക്കത്തില്‍ അവര്‍ ബോട്ടുകളിലൂടെ ദുബൈ, ദോഹ, ഒമാന്‍ തീരങ്ങളിലേക്ക് കുടിയേറിയവരാണെങ്കില്‍, ഇന്ന് അവര്‍ നിര്‍മ്മാണ ഘട്ടത്തില്‍ ഒരു പ്ലംബര്‍ ആയോ അല്ലെങ്കില്‍ മരപ്പണിക്കാരനായോ ആയി പണിയെടുത്തിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയതും തിരക്കേറിയതുമായ വിമാനത്താവളങ്ങളിലേക്ക് പറന്നു ഇറങ്ങുന്നു എന്നത് മാത്രമാണ് വ്യത്യാസം.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ലഭ്യമായിട്ടുള്ള രേഖ പ്രകാരം ലോകമെമ്പാടുമുള്ള 13 ദശലക്ഷം പ്രവാസി ഇന്ത്യക്കാരില്‍ അറബ് മേഖലയില്‍ പണിയെടുക്കുന്ന 8.5 ദശലക്ഷം പേര്‍ വൈദഗ്ധ്യം കുറഞ്ഞവരോ അവിദഗ്ദ്ധരോ ആണ്.

കുറച്ചുപേര്‍ ബിസിനസിലൂടെ സമ്പന്നരായി അതുവഴി ഫോര്‍ബ്‌സ് പട്ടികയിലൊക്കെ കയറിപ്പറ്റിയിട്ടുണ്ടെങ്കിലും അറബ് രാജ്യങ്ങളിലേക്ക് ജോലിക്കായി കുടിയേറുന്ന ഒട്ടുമിക്ക തൊഴിലാളികളും നിരവധി ചൂഷണങ്ങള്‍ക്കു വിധേയരാകുന്ന ആശങ്കാജനകമായ സാഹചര്യം ആണുള്ളത്. സുരക്ഷിതമല്ലാത്ത തൊഴിലിടങ്ങളും തൊഴില്‍ സ്ഥിരതയില്ലായ്മയും ഇവര്‍ക്ക് ഇന്നും പ്രതിബദ്ധമാണ്.

സുരക്ഷിതമായ കുടിയേറ്റം ഉറപ്പുവരുത്തുന്നതിനും ഇന്ത്യന്‍ വിദേശബന്ധ ദൗത്യ സംരംഭങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ പരാതി പരിഹാര ജാലകങ്ങള്‍ തുറക്കുന്നതിനുമായി 2015 ല്‍ ‘ഇന്ത്യ ഇ-മൈഗ്രേറ്റ്’ എന്ന സംവിധാനം നടപ്പിലാക്കിയതിനുശേഷവും അറബ് രാജ്യങ്ങളില്‍ ജോലി തേടുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ വഞ്ചിക്കപ്പെടുന്നുവെന്നതാണ് ഞെട്ടിക്കുന്ന സത്യം.

അറബ് രാജ്യങ്ങളില്‍ വീട്ടുജോലി അന്വേഷിക്കുന്ന ഗ്രാമീണരായ ഇന്ത്യന്‍ സ്ത്രീകളെ ഇപ്പോഴും മനുഷ്യക്കടത്തുകാര്‍ കബളിപ്പിക്കുകയാണ്. കഴിഞ്ഞ ആഴ്ചയും കൊല്ലത്തു നിന്നുള്ള ഒരു സുനിത മനുഷ്യക്കടത്തുകാരാല്‍ കബളിക്കപ്പെടുകയും ഒമാനില്‍ കുടുങ്ങുകയും ചെയ്തു. സാമൂഹിക പ്രവര്‍ത്തകര്‍ വളരെ പണിപ്പെട്ടാണ് സുനിതയെ നാട്ടില്‍ തിരിച്ചെത്തിച്ചത്.

വീട്ടുജോലിക്കു പോകുന്നവര്‍ സുരക്ഷിതമായി യജമാനന്റെ വീട്ടില്‍ എത്തിയാലും, അവരില്‍ ഭൂരിഭാഗവും ഇന്നും അടിമകളാണ്, ശാരീരികമായും മാനസികമായും അവര്‍ ഏറെ ചൂഷണം ചെയ്യപ്പെടുന്നു.

അംബരചുംബികളായ കെട്ടിടങ്ങള്‍, ഫ്‌ലൈ ഓവറുകള്‍, റോഡുകള്‍, പൂന്തോട്ടങ്ങള്‍, ഗോള്‍ഫ് ക്ലബ്ബുകള്‍ എന്നിവ പണിയാന്‍ മരുഭൂമികളിലും കൃത്രിമ ദ്വീപുകളിലും കുടിയേറുന്ന തൊഴില്‍ വൈദഗ്ധ്യം കുറഞ്ഞ പുരുഷന്മാര്‍ ഇപ്പോഴും മോശം തൊഴില്‍സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നുള്ളതാണ് വാസ്തവം.

ഇവരില്‍ പലരും ജോലിയ്ക്കിടെ ശമ്പള കുടിശ്ശിക തീര്‍ക്കാതെയും മുന്നറിയിപ്പില്ലാതെയുമൊക്കെ പിരിച്ചു വിടലിന് ഇരയാവാറുണ്ട്. ഓരോ അറബ് രാജ്യങ്ങളിലും ഇത്തരം തൊഴിലാളികളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്.

എണ്ണ വില ഇടിവും അതുമൂലമുള്ള സാമ്പത്തിക പ്രതിസന്ധിയുമാണ് അറബ് രാജ്യങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ വഴിയാധാരമാകാന്‍ കാരണം.

പിരിച്ചുവിടുമ്പോള്‍ അറബ് അല്ലെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാരുകളില്‍ നിന്ന് ഇവര്‍ക്ക് അര്‍ഹമായ പിന്തുണ പോലും ലഭിക്കുന്നില്ല. ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളെ തൊഴില്‍ ചൂഷണങ്ങളില്‍ നിന്നും മനുഷ്യക്കടത്തില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയുന്ന ചില സുപ്രധാന അന്താരാഷ്ട്ര മനുഷ്യാവകാശ നയങ്ങളില്‍ ഇന്ത്യയും ഭാഗമായിട്ടുണ്ട്. എന്നാല്‍ ഇത് ശരിയായി നടപ്പാക്കുന്നില്ല.

സൌദിയില് ചൂഷണത്തിന് ഇരയായ നെടുമങ്ങാട് സ്വദേശി ജുലൈമ

സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി, പൗര-രാഷ്ട്രീയ അവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി, സ്ത്രീകള്‍ക്കെതിരായ എല്ലാ തരത്തിലുള്ള വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള ഉടമ്പടി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

2011 ല്‍, ട്രാന്‍സ്നാഷനല്‍ ഓര്‍ഗനൈസ്ഡ് ക്രൈമിനെതിരായ ഐക്യരാഷ്ട്രസഭയുടെ ഉടമ്പടിയിലും അതിന്റെ പ്രോട്ടോക്കോളുകളിലും ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്. അതില്‍ മനുഷ്യക്കടത്ത് തടയല്‍ തൊഴിലാളികളെ അടിച്ചമര്‍ത്തല്‍, ശിക്ഷ എന്നിവയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച്, സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരെ കടത്തുന്നത് തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള താല്‍പ്പര്യവും ഈ ഉടമ്പടി സൂചിപ്പിക്കുന്നുണ്ട്.

ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയെ സഹായിക്കുന്ന രീതിയില്‍ ഇത്തരം നിയമങ്ങള്‍ ഇതുവരെയും ശരിയായ രീതിയില്‍ നടപ്പാക്കപ്പെട്ടിട്ടില്ല എന്നതാണ് ദുഖകരമായ വസ്തുത.

ഇതില്‍ ഏറെ രസകരമെന്നത് 1983 ലെ എമിഗ്രേഷന്‍ ആക്റ്റ്, 1983 ലെ എമിഗ്രേഷന്‍ റൂള്‍സ് എന്നിവയിലൂടെ മുപ്പത്തിയഞ്ച് വര്‍ഷത്തിലേറെയായി വിദേശ തൊഴില്‍ കുടിയേറ്റം ഇന്ത്യ നിയന്ത്രിച്ച് വരുന്നു എന്നതാണ്.

കുടിയേറ്റ തൊഴിലാളികളെ സഹായിക്കാനും ഉപദേശിക്കാനും സംരക്ഷിക്കാനുമായാണ് എമിഗ്രേഷന്‍ ആക്റ്റ് രൂപീകരിച്ചത്.എന്നിരുന്നാലും, വ്യാജ തൊഴില്‍ കരാര്‍ , ഉയര്‍ന്ന റിക്രൂട്ട്‌മെന്റ് ചാര്‍ജുകള്‍, വഞ്ചന തുടങ്ങിയ ചൂഷണാത്മക നിയമന നടപടികളില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ഇപ്പോഴുള്ള സംവിധാനങ്ങള്‍ പര്യാപ്തമല്ല എന്ന് തന്നെ പറയേണ്ടി വരും.

നിര്‍ബന്ധിത തൊഴിലെടുപ്പിന്റെയും മനുഷ്യക്കടത്തിന്റെയും സാഹചര്യങ്ങളില്‍ സ്വയം കുരുങ്ങിപ്പോകുന്ന കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ഇന്ത്യയ്ക്ക് ഒരു പുതിയ നയം രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. പുതിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും വിദേശകാര്യ സഹമന്ത്രി വി.വി മുരളീധരനും ഒരു പുതിയ നയത്തിനും ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് സുരക്ഷിതവും ചിട്ടയുള്ളതും ക്രമപരവുമായ കുടിയേറ്റം ഉറപ്പാക്കാന്‍ കഴിയുന്ന ഒരു നിയമത്തിനായി ശ്രമിക്കണം.

നയങ്ങളും നിയമങ്ങളും രൂപപ്പെടുത്തുമ്പോള്‍, താഴെ കൊടുത്തിരിക്കുന്ന പത്തു നിര്‍ദേശങ്ങള്‍ പരിഗണിച്ചാല്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് സഹായകരമായ ഒരു നയം രൂപപ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയത്തിന് കഴിയും.

സൌദിയില് ചൂഷണത്തിന് ഇരയായ മഞ്ജുഷ

1: റിക്രൂട്ട്‌മെന്റ് ഫീസ്

ജോലിക്കായി കുടിയേറുന്ന പുരുഷന്മാരും സ്ത്രീകളും കുടിയേറ്റത്തിന്റെ ആദ്യ ഘട്ടത്തില്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് റിക്രൂട്ട്‌മെന്റ് ഫീസ്. സര്‍ക്കാര്‍ ഏജന്‍സികള്‍ ഉണ്ടെങ്കിലും ഭൂരിഭാഗം കുടിയേറ്റ തൊഴിലാളികളും ഇപ്പോഴും സ്വകാര്യ ഏജന്‍സികളെയാണ് ആശ്രയിക്കുന്നത്. അവരാകട്ടെ വലിയ ഫീസാണ് ആഴശ്യപ്പെടുന്നത്. എങ്ങനെയെങ്കിലും തൊഴില്‍ തരപ്പെടുത്തേണ്ട തത്രപ്പാടില്‍ അവര്‍ കടം വാങ്ങിച്ചും സ്വര്‍ണ്ണം സ്ഥലം എന്നിവ പണയപ്പെടുത്തിയും ഏജന്‍സി ആവശ്യപ്പെടുന്ന ഫീസ് നല്‍കുന്നു. സ്വാഭാവികമായും അവന്‍ ആ കടം തീര്‍ക്കാന്‍ ബാധ്യസ്ഥന്‍ ആകുന്നു. അപ്പോള്‍ വിദേശത്തു തൊഴിലിടത്തു എന്ത് ചൂഷണം നേരിട്ടാലും അത് സഹിച്ചു ജോലി ചെയ്യാന്‍ തയ്യാറാകുന്നു. ഇത് അടിമത്തത്തിലേക്ക് നയിക്കുന്നു. റിക്രൂട്ട്‌മെന്റ് ഫീസ് ഇല്ലാതെ ആക്കിയാല്‍ മാത്രമേ ഇതില്‍ നിന്നും കുടിയേറ്റ തൊഴിലാളിയെ രക്ഷിച്ചെടുക്കാന്‍ സാധിക്കൂ. നേപ്പാള്‍ പോലുള്ള ചെറിയ രാജ്യങ്ങള്‍ പോലും റിക്രൂട്ട്‌മെന്റ് ഫീസ് ഇല്ലാതാക്കിയിട്ടുണ്ട്.

2.യാത്ര തയാറെടുപ്പുകള്‍

ജോലിക്കായി വിദേശ യാത്ര പുറപ്പെടുന്നതിന് മുമ്പ് കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തത് ഇടനിലക്കാരെ ആശ്രയിക്കാന്‍ തൊഴിലാളികളെ നിര്‍ബന്ധിതരാക്കുന്നു. അതുവഴി ചൂഷണത്തിന് ഇരയാകുകയും ചെയ്യുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം 2013 ല്‍ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്ക് ആധികാരികവും സമയബന്ധിതവുമായ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പതിവ് തൊഴില്‍ ചാനലുകളിലൂടെയും അവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്ന വ്യവസ്ഥകളിലൂടെയും എങ്ങനെ കുടിയേറാം എന്നതിനെക്കുറിച്ച് വരാനിരിക്കുന്ന കുടിയേറ്റ തൊഴിലാളികളെ അറിയിക്കണം. നിയമനരീതികളിലെ ചൂഷണങ്ങള്‍, മനുഷ്യക്കടത്ത്, നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ കുടിയേറുന്നതിന്റെ അപകടങ്ങള്‍ എന്നിവയെക്കുറിച്ച് തൊഴിലാളികളെ ബോധവല്‍ക്കരിക്കണം. പ്രത്യേകിച്ച് വീട്ടുജോലികള്‍ തേടിയെത്തുന്ന സ്ത്രീ കുടിയേറ്റക്കാര്‍ നേരിടാന്‍ ഇടയുള്ള ലൈംഗിക ചൂഷണമുള്‍പ്പടെയുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തണം. കുടിയേറ്റ തൊഴിലാളികള്‍ അവരുടെ റിക്രൂട്ട്മെന്റ് പ്രക്രിയയുടെ ഭാഗമായി, പുറപ്പെടുന്നതിന് മുമ്പായി സര്‍ക്കാര്‍ അംഗീകൃത പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്നത് നിര്‍ബന്ധമാക്കണം. അത്തരം പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍ വ്യാപകമാക്കണം.

3 : രജിസ്‌ട്രേഷന്‍ ഡെസ്‌ക്

ബഹുഭൂരിപക്ഷം തൊഴിലാളികളും ഒരു അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശ രാജ്യത്തേക്ക് യാത്രതിരിക്കുന്നു , വിദേശത്ത് ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ഒരൊറ്റ പുറപ്പെടല്‍ കേന്ദ്രമായിരിക്കും ആ അന്താരാഷ്ട്ര വിമാനത്താവളം. ഇങ്ങനെയുള്ള ഓരോ വിമാനത്താവളത്തിലും സര്‍ക്കാര്‍ കുടിയേറ്റ റിസോഴ്‌സ് സെന്ററുകള്‍ സ്ഥാപിക്കണം. നിര്‍ബന്ധിത രജിസ്‌ട്രേഷന്‍, തൊഴില്‍ കരാറുകള്‍ എന്നിങ്ങനെയുള്ള രേഖകളുടെ പരിശോധന, നിയമന രസീതുകള്‍, മറ്റ് രേഖകള്‍ എന്നിവ പ്രാപ്തമാക്കുന്നതിനും ഈ കേന്ദ്രങ്ങള്‍ സഹായിക്കണം.

തൊഴിലാളികള്‍ക്ക് വിദേശ രാജ്യത്ത് അവരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വിശദീകരിക്കുന്ന വിശദമായ ഉള്ളടക്കങ്ങളോട് കൂടിയ ലഘുലേഖകളും ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാനുള്ള വിവരങ്ങളും കുടിയേറുന്ന രാജ്യത്തെ തൊഴില്‍ നിയമത്തെക്കുറിച്ചുള്ള പ്രസക്തമായ വിശദാംശങ്ങളും നല്‍കണം.

4 : ഏജന്റുകളെ നിരീക്ഷിക്കുക

റിക്രൂട്ടിംഗ് ഏജന്‍സികളെ കര്‍ശനം ആയി നിയന്ത്രിക്കണം. അവരുടെ ഓഫീസ് റെക്കോര്‍ഡുകള്‍, റിക്രൂട്ട്‌മെന്റ് രസീതുകള്‍, റിക്രൂട്ട്‌മെന്റ് രീതികള്‍ എന്നിവ സ്ഥിരമായി പരിശോധിക്കാന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സിനെ(PoE) പ്രാപ്തമാക്കുന്നത് വളരെയധികം സഹായിക്കും. കൂടാതെ, റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കായി ഒരു റേറ്റിംഗ് സംവിധാനം സ്ഥാപിക്കണം. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന റിക്രൂട്ടര്‍മാര്‍ക്ക് പരിഗണന നല്‍കുന്നതിനും ചൂഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന റിക്രൂട്ടര്‍മാരെ ശിക്ഷിക്കുന്നതിനുമുള്ള ഒരു സംവിധാനം സജ്ജമാക്കുകയും വേണം.

5 : സബ് ഏജന്റുമാര്‍

കുടിയേറ്റ പ്രക്രിയയില്‍ സബ് ഏജന്റുമാരുടെ പങ്ക് വളരെ വലുതാണ്. യഥാര്‍ത്ഥത്തില്‍ സബ് ഏജന്റുമാര്‍ അദൃശ്യരാണ്. അവര്‍ പലപ്പോഴും നമ്മുടെ ബന്ധുവോ സുഹൃത്തോ ആകാം. അവര്‍ക്കാകട്ടെ തൊഴില്‍ കരാറിനെ കുറിച്ചോ സുരക്ഷിതമായ കുടിയേറ്റത്തെ കുറിച്ചോ വലിയ ധാരണ കാണില്ല. അവരിലൂടെയുള്ള കുടിയേറ്റം സുരക്ഷിതം അല്ല. എന്നാല്‍ നമ്മള്‍ ഇപ്പോഴും അവരെ വിശവസിക്കുന്നു. അത് മാറണം. മാറ്റണം. സബ് ഏജന്റുമാര്‍ വഴിയുള്ള കുടിയേറ്റം നിരോധിക്കണം. ഒപ്പം സബ് ഏജന്റുമാരെ രജിസ്റ്റര്‍ ചെയ്തു നിയമപരമാക്കണം. ഒപ്പം സബ് ഏജന്റുമാരെ നിര്‍വചിക്കുന്നതിനും വ്യക്തമായ നിബന്ധനകളും റഫറന്‍സുകളും നല്‍കുന്നതിനും നിയമപ്രകാരം കുറ്റകൃത്യങ്ങളും ശിക്ഷകളും ഏര്‍പ്പെടുത്തുന്നതിനും കൂടുതല്‍ ശ്രദ്ധ നല്‍കണം.

സബ് ഏജന്റുമാരെ തിരിച്ചറിയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സര്‍ക്കാര്‍ ഇതര നിയന്ത്രണ നടപടികള്‍ ഏര്‍പ്പെടുത്തണം. സബ് ഏജന്റുമാരെ റിക്രൂട്ടിംഗ് ഏജന്റുമാരുമായി ബന്ധിപ്പിക്കുന്ന വ്യക്തമായ റഫറന്‍സ് നിബന്ധനകള്‍ നല്‍കുന്നത് ഉള്‍പ്പെടെ നടപടികള്‍ കൈക്കൊള്ളണം. നിയമപരമായ ബാധ്യതകളെയും കടമകളെയും കുടിയേറ്റ തൊഴിലാളികളുടെ മനുഷ്യാവകാശങ്ങളെയും കുറിച്ച് ബ്രോക്കര്‍മാരെ അറിയിക്കുക, റിക്രൂട്ടിംഗ് ഏജന്റുമാരുമായി സഹകരിച്ച് റിക്രൂട്ട്‌മെന്റ് നടത്തുന്നതിന് സബ് ഏജന്റുമാര്‍ക്ക് ഹ്രസ്വകാല, വ്യക്തിഗത ലൈസന്‍സുകള്‍ നല്‍കുക. അവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം ലൈസന്‍സുകള്‍ പുതുക്കുന്നതിന് അനുവദിക്കുക. ഇതിലൂടെയൊക്കെ ഒരു പരിധി വരെ സബ് ഏജന്റുമാര്‍ വഴിയുള്ള ചൂഷണങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും.

6 : നയതന്ത്രകാര്യാലയങ്ങളുടെ ശാക്തീകരണം

സാധാരണയായി ദുരിതത്തിലായ കുടിയേറ്റ തൊഴിലാളികള്‍ക്ക് ബന്ധപ്പെടുന്നതിനുള്ള ആദ്യ പോയിന്റാണ് ആ വിദേശ രാജ്യത്തെ ഇന്ത്യന്‍ എംബസി അഥവാ ഇന്ത്യന്‍ നയതന്ത്രകാര്യാലയം. ചൂഷണങ്ങള്‍ക്കു എതിരെ പരാതി നല്‍കുകയും തൊഴില്‍ദാതാവുമായി ബന്ധപ്പെട്ടു പരാതി പരിഹാരത്തിന് മധ്യസ്ഥത വഹിക്കുകയും ചെയ്യുന്ന നയതന്ത്രകാര്യാലയം തൊഴിലാളികളെ സഹായിക്കാന്‍ എംപാനല്‍ ചെയ്ത അഭിഭാഷകരുടെ സേവനവും നല്‍കുന്നുണ്ട്. എന്നാല്‍ അവ നഗര കേന്ദ്രീകൃതം മാത്രം ആകുന്നു. വിദേശ രാജ്യങ്ങളിലെ ഉള്‍പ്രദേശങ്ങളിലും സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കണം. അതിനുള്ള പണം കണ്ടെത്തണം. ഒപ്പം മരണം, രോഗം, അപകടം എന്നിവ സംഭവിക്കുമ്പോള്‍ സാമ്പത്തിക സഹായം നല്‍കാനും എംബസികളെ പ്രാപ്തരാക്കണം.

7 : നീതി ഉറപ്പുവരുത്തല്‍

ചൂഷണം നേരിടുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ പ്രശ്‌ന പരിഹാരത്തിനുള്ള ഫലപ്രദമായ മാര്‍ഗം കണ്ടെത്താനുള്ള അവസരമുണ്ടാക്കണം. പ്രശ്‌നബാധിതര്‍ക്ക് നീതി നേടിക്കൊടുക്കേണ്ടത് ആ വ്യക്തിക്ക് മാത്രമല്ല, കുടുംബത്തിനും സമൂഹത്തിനും ഏറെ പ്രധാനമാണ്. ഇത് നിയമവാഴ്ചയെ ശക്തിപ്പെടുത്തുകയും മറ്റ് സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാരുകളില്‍ നിന്നും ഉത്തരവാദിത്തം ഉറപ്പാക്കുകയും ചെയ്യുന്നു.

റിക്രൂട്ട്മെന്റ് പ്രക്രിയയില്‍ അവകാശങ്ങള്‍ ലംഘിക്കപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള പരാതി പരിഹാര സംവിധാനങ്ങള്‍ വളരെയെളുപ്പത്തില്‍ സമീപിക്കാന്‍ കഴിയുന്നതും ചിലവുകള്‍ താങ്ങാനാവുന്നതുമായിരിക്കണം. അത്തരം സംവിധാനങ്ങള്‍ ഇപ്പോള്‍ ഫലപ്രദമായി നടക്കുന്നില്ല. അവ കൂടുതല്‍ ഫലപ്രദമാക്കാനുഉള്ള നടപടികള്‍ സ്വീകരിക്കണം. നെടുമങ്ങാട് സ്വദേശിയായ ഒരു ജുമൈല സൗദിയില്‍ വീട്ടു ജോലിക്കു ശ്രമിച്ചു കബളിക്കപ്പെട്ടു. വെറും കയ്യോടെ തിരിച്ചു വന്ന അവര്‍ക്കു ഏജന്റിനെതിരെ നിയമ പോരാട്ടം നടത്താന്‍ സാധിച്ചില്ല. അതിനുള്ള സാഹചര്യം ശരിയായ രീതിയില്‍ അവര്‍ക്കു ഇവിടെയും സൗദിയിലും ലഭിച്ചില്ല. തനിക്കു സംഭവിച്ച നഷ്ടത്തെ മറക്കാന്‍ ശ്രമിച്ചു ജീവിതം തള്ളി നീക്കുകയാണ് ജുമൈല. ഇത്തരം ജുമൈലമാര്‍ ഉണ്ടാകാതിരിക്കാനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാക്കണം.

8 : ചികിത്സാ സഹായം

കുടിയേറ്റ തൊഴിലാളികളില്‍ ഭൂരിഭാഗവും അപകടകരമായ തൊഴില്‍ സാഹചര്യങ്ങളില്‍ അധ്വാനിക്കുന്നവരാണ്. ഇവര്‍ ഇടയ്കിടെ അപകടങ്ങള്‍ നേരിടേണ്ടിവരികയോ അല്ലെങ്കില്‍ വളരെ വേഗം രോഗബാധിതരാകുകയോ ചെയ്യാറുണ്ട്. എല്ലാ അറബ് രാജ്യങ്ങളിലും കുടിയേറ്റ തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമല്ലാത്തതിനാല്‍, തൊഴിലാളികള്‍ തന്നെ മെഡിക്കല്‍ ബില്ലുകള്‍ അടക്കാനുള്ള തുക കണ്ടെത്തേണ്ടി വരുന്നു. അത് മിക്കപ്പോഴും അസാധ്യവുമാണ്.

നമുക്ക് നിലവില്‍ ലഭ്യമായ മെഡിക്കല്‍ ഇന്‍ഷുറന്‍സ് സ്‌കീമുകളുടെ ക്ലെയിം തുക വര്‍ദ്ധിപ്പിക്കുകയും അവയ്ക്കുള്ള യോഗ്യതാ പരിധിവിശാലമാക്കുകയും ചെയ്താല്‍, കുടിയേറ്റ തൊഴിലാളികള്‍ക്ക് ആവശ്യമുള്ളപ്പോള്‍ അവരെ സഹായിക്കാന്‍ നമ്മുടെ രാജ്യത്തിനു കഴിയും.

9 : സംസ്ഥാനങ്ങള്‍ക്ക് അധികാരങ്ങള്‍

നിലവിലെ പരാതി പരിഹാര സംവിധാനങ്ങള്‍ പ്രകാരം, റിക്രൂട്ട് ചെയ്യുന്നവരുടെ ചൂഷണം, വഞ്ചന എന്നിവ സംബന്ധിച്ച തൊഴില്‍ പരാതികള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിക്കുകയും സംസ്ഥാന സര്‍ക്കാരിനോട് ഇത് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. അന്വേഷണത്തിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കണമെങ്കില്‍ വിദേശകാര്യ മന്ത്രാലയം / പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്സ് എന്നിവരില്‍ നിന്ന് കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടണം. ഇത് തൊഴിലാളികള്‍ക്ക് നീതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സങ്കീര്‍ണ്ണമാക്കുകയും പരാതി പരിഹാരത്തിന് കാലതാമസം വരുത്തുകയും ചെയ്യുന്നു.

വഞ്ചിക്കുന്ന റിക്രൂട്ടര്‍മാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, എമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റുകള്‍, മനുഷ്യക്കടത്ത് കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ചൂഷണാത്മക നിയമന നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റേതെങ്കിലും സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നോഡല്‍ അധികാരികള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം.

10 : പുനരധിവാസ പദ്ധതി

ഗള്‍ഫില്‍ നിന്നും പണി നഷ്ടപ്പെട്ടു വെറും കയ്യുമായി തിരിച്ചു വരുന്ന കുടിയേറ്റ തൊഴിലാളികള്‍ തെരുവില്‍ ലോട്ടറി വിറ്റും തട്ടുകട നടത്തിയും വീട്ടില്‍ പാവല്‍ വളര്‍ത്തിയും അരപ്പട്ടിണി കിടന്നുമാണ് ജീവിതം തള്ളി നീക്കുന്നത്. ചുരുങ്ങിയത് ഒരു നൂറുപേരെ എനിക്ക് നേരിട്ട് അറിയാം.

പെന്‍ഷന്‍ പുനരധിവാസം എന്നൊക്കെ നോര്‍ക്ക പറഞ്ഞാലും അതൊന്നും അടിസ്ഥാനതലത്തില്‍ നടക്കുന്നില്ല എന്നാണു മടങ്ങി വന്ന കുടിയേറ്റ തൊഴിലാളികള്‍ പറയുന്നത്. എനിക്കും അവരെ കണ്ടതിനു ശേഷം ബോധ്യപ്പെട്ടതും അതുതന്നെ. പക്ഷെ തിരിച്ചു വരുന്ന കുടിയേറ്റ തൊഴിലാളിക്ക് കാര്യമായ ഒരു സഹായവും ലഭിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം. മറിച്ചാണെങ്കില്‍ 15 കോടി മുടക്കിയ സാജന്‍ എന്ന പ്രവാസി സംരംഭകന്‍ ആത്മഹത്യ ചെയ്യുമോ? ഇക്കൊല്ലം സാജന്‍ എങ്കില്‍ കഴിഞ്ഞ കൊല്ലം കൊല്ലത്തെ ഒരു സുഗതന്‍ ആയിരുന്നു. ഒരു ചെറിയ വര്‍ക്ഷോപ് തുടങ്ങാന്‍ ശ്രമിച്ചു. കേരളത്തിലെ സാഹചര്യങ്ങള്‍ കൊണ്ട് പരാജയപെട്ട് ആത്മഹത്യ ചെയ്യേണ്ടി വന്നത്. മുപ്പതു കൊല്ലത്തെ പ്രവാസത്തിനു ശേഷം സ്വന്തം നാട്ടില്‍ ജീവിക്കാന്‍ സുഗതന്‍ തിരിച്ചെത്തിയത്.

കുടിയേറ്റക്കാര്‍ കൂടുതലുള്ള പല രാജ്യങ്ങള്‍ക്കും കുടിയേറ്റം അവസാനിപ്പിച്ച് മടങ്ങിവരുന്ന പൗരന്മാര്‍ക്ക് മാന്യമായ ഒരു പുനരധിവാസ പദ്ധതിയുണ്ട്. എന്നിരുന്നാലും, നമുക്ക് ഇന്ത്യയില്‍ ഫലപ്രദമായ പുനരധിവാസ പദ്ധതിയുമില്ല. കുടിയേറ്റം അവസാനിപ്പിച്ച് മടങ്ങുന്ന ഇന്ത്യന്‍ കുടിയേറ്റക്കാരെ സമൂഹവും സര്‍ക്കാരും ‘സ്വാഗതം’ ചെയ്യുന്നില്ല.

കൂടാതെ, അവര്‍ മടങ്ങിയെത്തുമ്പോള്‍, അവര്‍ക്ക് എന്‍.ആര്‍.ഐ പദവി നഷ്ടപ്പെടും, കൂടാതെ SME വായ്പകള്‍ക്ക് പോലും അപേക്ഷിക്കുമ്പോള്‍ അവര്‍ മുന്‍ഗണനകള്‍ക്ക് യോഗ്യരല്ല. ഇത് പരിഹരിക്കേണ്ടതുണ്ട്. കുടിയേറ്റ തൊഴിലാളികളെ അയയ്ക്കുന്ന ചില ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രയോഗിക്കുന്ന പുനരധിവാസ മോഡലുകള്‍ നമ്മുടെ പരിസ്ഥിതിക്ക് അനുസരിച്ച് പഠിക്കാനും നടപ്പിലാക്കാനും കഴിയും.

ഏപ്രിലില്‍ ലോകബാങ്ക് റിപ്പോര്‍ട്ട് പ്രകാരം പ്രവാസി തൊഴിലാളികളിലൂടെ വിദേശ നാണ്യം നേടുന്ന രാജ്യങ്ങളില്‍ 79 ബില്യണ്‍ ഡോളറുള്ള ഇന്ത്യയാണ് ഏറ്റവും മുന്നില്‍. ചൈന (67 ബില്യണ്‍ ഡോളര്‍), മെക്‌സിക്കോ (36 ബില്യണ്‍ ഡോളര്‍), ഫിലിപ്പീന്‍സ് (34 ബില്യണ്‍ ഡോളര്‍), ഈജിപ്ത് (29 ബില്യണ്‍ ഡോളര്‍) എന്നിവയാണ് ഇന്ത്യക്ക് പിന്നാലെയുള്ളത് .

2018-19 ല്‍ ലഭിച്ച വിദേശ നേരിട്ടുള്ള നിക്ഷേപത്തേക്കാള്‍ ഇരട്ടിയാണ് ഇന്ത്യയിലേക്കുള്ള പണമയയ്ക്കല്‍. 2018-19 ല്‍ എഫ്.ഡി.ഐ 44 ബില്യണ്‍ ഡോളറായിരുന്നു. വാസ്തവത്തില്‍ എഫ്.ഡി.ഐ നിക്ഷേപകര്‍ക്ക് എല്ലായിടത്തും ചുവന്ന പരവതാനിവിരിക്കും. എന്നാല്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക്, പ്രധാനമായും അര്‍ദ്ധ-വിദഗ്ധരും അവിദഗ്ദ്ധരുമായവര്‍ അവരുടെ അദ്ധ്വാനത്തിന്റെ ഫലമായി നമ്മുടെ രാജ്യത്തേക്ക് 79 ബില്യണ്‍ ഡോളര്‍ അയയ്ക്കുന്നു. കഴിഞ്ഞ വര്‍ഷം മലയാളി കുടിയേറ്റ തൊഴിലാളികള്‍ 2 ലക്ഷം കോടിയാണ് കേരളത്തിലേക്ക് അയച്ചത്. ഇതില്‍ ഫോര്‍ബ്‌സ് ലിസ്റ്റില്‍ ഉള്ള ഒരു പ്രവാസി വ്യവാസായിക്കും പങ്കില്ല. കേരളത്തിന്റെ ബഡ്ജറ്റിന്റെ 30 % വരും ഈ 2 ലക്ഷം കോടി്. എന്നാല്‍ സഹായം ആവശ്യമുള്ളപ്പോള്‍ അവര്‍ തീര്‍ത്തും ഒറ്റയ്ക്കാണ്.

മേല്‍പറഞ്ഞ 10 നിര്‍ദേശങ്ങള്‍ ഇന്ത്യയില്‍ നിന്നും ഉള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് സുരക്ഷിതമായി കുടിയേറാനും, മാന്യമായി തൊഴില്‍ എടുക്കാനും, അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനും, തിരിച്ചു വരുമ്പോള്‍ സ്വീകാര്യന്‍ ആകാനും ഉപകരിക്കും. തീര്‍ച്ച.

 

റജിമോന്‍ കുട്ടപ്പന്‍
കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ആസ്ഥാനമായ ഇക്വിഡത്തിന്റെ ഇന്ത്യ അറബ് ഗള്‍ഫ് സീനിയര്‍ ഇന്‍വെസ്റ്റിഗേറ്റര്‍. കൂടാതെ ലേബര്‍ മൈഗ്രേഷനിലെ പനോസ്-ഐ.എല്‍.ഒ ഫെലോയുമാണ്.