എഡിറ്റര്‍
എഡിറ്റര്‍
അഫ്‌സല്‍ഗുരുവിന്റെ ദയാഹരജി തള്ളിയത് കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരം; വെളിപ്പെടുത്തലുമായി പ്രണാബ് മുഖര്‍ജി
എഡിറ്റര്‍
Saturday 21st October 2017 1:21pm

ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിച്ച അഫ്‌സല്‍ ഗുരുവിന്റ ദയാഹരജി തള്ളിയത് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണെന്ന വെളിപ്പെടുത്തലുമായി മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി.

ദയാഹരജി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് എത്തുന്നതിന് മുന്‍പ് അത് നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകും. അതിന് ശേഷം സര്‍ക്കാരിന്റെ കൂടി അഭിപ്രായം പരിഗണിച്ചാണ് രാഷ്ട്രപതി ഒരു തീരുമാനം കൈക്കൊള്ളുക.


Dont Miss ‘ചെഗുവേരയെന്താ സമസ്തയുടെ നേതാവോ!!’: ഡി.വൈ.എഫ്.ഐയുടെ അക്രമത്തിനെതിരെ പോസ്റ്റിട്ട പി.കെ ഫിറോസിന് ലീഗുകാരുടെ ആക്രമണം


ദയാഹരജി തള്ളണമെന്നാണ് സര്‍ക്കാര്‍ ശുപാര്‍ശയെങ്കില്‍ രാഷ്ട്രപതിയും അതേനിലപാട് സ്വീകരിക്കാറാണ് പതിവ്. അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തില്‍ ദയാഹരജി തള്ളണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ- ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ പ്രണാബ് പറഞ്ഞു.

വധശിക്ഷയെ വ്യക്തിപരമായി എതിര്‍ക്കുന്ന വ്യക്തിയാണ് താനെന്നും ഇത്തരത്തിലുള്ള ശിക്ഷാ രീതികള്‍ നിരോധിക്കാന്‍ സാമാജികര്‍ നിയമഭേദഗതി കൊണ്ടുവരണമെന്നും അഭിമുഖത്തില്‍ പ്രണബ് പറയുന്നു.

ദയാഹരജിയില്‍ നടപടിയെടുക്കാതെ ഫയലുകള്‍ വൈകിപ്പിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. ഒന്നുകില്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കും. അല്ലെങ്കില്‍ സര്‍ക്കാര്‍ ശുപാര്‍ശ കൂടി കേള്‍ക്കും. ഒന്നോ രണ്ടോ കേസുകളിലാണ് ഇത്തരത്തില്‍ സര്‍ക്കാരിന്റെ ശുപാര്‍ശ സ്വീകരിച്ചിട്ടുള്ളത്. ആ രണ്ട് കേസുകളിലും ദയാഹരജി തള്ളിക്കളയണമെന്ന നിര്‍ദേശമായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.- പ്രണാബ് പറയുന്നു.

പ്രണബ് മുഖര്‍ജി രാഷ്ട്രപതിസ്ഥാനം വഹിച്ച 2012-2017 കാലയളവില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 30 പേരുടെ ദയാഹരജി പ്രണബ് തള്ളിയിരുന്നു.

2001ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 2002 ഡിസംബര്‍ 18ന് ആണ് അഫ്സല്‍ ഗുരുവിന് വധശിക്ഷ വിധിച്ചത്. ഇതു 2003 ഒക്ടോബര്‍ 29ന് ഹൈകോടതിയും 2005 ആഗസ്റ്റ് നാലിന് സുപ്രീം കോടതിയും ശരിവച്ചു.

2006 ഒക്ടോബര്‍ 20ന് തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കാനായിരുന്നു ഉത്തരവ്. എന്നാല്‍ ഇതിനിടെ അഫ്സല്‍ ഗുരു രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിക്കുകയായിരുന്നു.2013 ഫെബ്രുവരി 3 ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ദയാഹരജി തള്ളിയതിനെ തുടര്‍ന്ന് ഫെബ്രുവരി ഒമ്പതിന് തീഹാര്‍ ജയിലില്‍ വെച്ചായിരുന്നു അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്.

അതേസമയം പാര്‍ലമെന്റ് ആക്രമണത്തില്‍ നേരിട്ട് അഫ്സല്‍ ഗുരുവിന് പങ്കുണ്ടെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായിരുന്നില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോടതി വിധിയില്‍ പറയുന്നത് അഫ്സല്‍ഗുരുവിന് ഏതെങ്കിലും നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിവില്ലെന്നും പക്ഷേ പൊതുജന അഭിപ്രായത്തെ തൃപ്തിപ്പെടുത്താനാണ് വധശിക്ഷയ്ക്ക് വിധിക്കുന്നത് എന്നുമായിരുന്നു.

Advertisement