പഴച്ചാറുകള്‍ ആരോഗ്യത്തിനു ഹാനികരം..!!!!!
Daily News
പഴച്ചാറുകള്‍ ആരോഗ്യത്തിനു ഹാനികരം..!!!!!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th October 2014, 5:26 pm

juice[] ആരോഗ്യസംരക്ഷണത്തിനായി ദിവസവും ജ്യൂസ് കഴിക്കുന്നവരുടെ ശ്രദ്ധക്ക്… പതിവായി പഴച്ചാറുകള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പഠനം. ഓസ്‌ട്രേലിയയിലെ സ്വിന്‍ബേണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

ദിവസേന ജ്യൂസ് കുടിക്കുന്ന വ്യക്തികളില്‍ സാധാരണ ആളുകളേക്കാള്‍ രക്തസമ്മര്‍ദ്ദം ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ജ്യൂസിലെ ഉയര്‍ന്ന അളവിലുള്ള പഞ്ചസാരയും തുച്ഛമായ ഫൈബറും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, നെഞ്ചുവേദന തുടങ്ങിയ രോഗങ്ങള്‍ക്ക്  കാരണമാവുമെന്നും അവര്‍ വിശദമാക്കി.

“ശരീരത്തിന് ആവശ്യമായ വിറ്റാമിനുകള്‍ക്കൊപ്പം ഉയര്‍ന്ന അളവിലുള്ള പഞ്ചസാരയും തുച്ഛമായ ഫൈബറുമാണ് ജ്യൂസില്‍ അടങ്ങിയിരിക്കുന്നത്. ഇത് പലപ്പോഴും ഹാര്‍ട്ട് അറ്റാക്ക് പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകും” ഗവേഷകരിലൊരാളായ മാത്യു പേസ് പറഞ്ഞു.

നിത്യേനയുള്ള ജ്യൂസ് ഉപയോഗം വ്യക്തികളില്‍ രക്തസമ്മര്‍ദ്ദത്തിനു പുറമെ പ്രമേഹത്തിനും മറ്റ്  വിവിധ രോഗങ്ങള്‍ക്കും കാരണമായെന്ന്  ബ്രിട്ടനുള്‍പ്പെടയുള്ള പശ്ചാത്യന്‍ രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

250 മില്ലി ജ്യൂസില്‍ അടങ്ങിയിരിക്കുന്ന കലോറി അളവ് 115 ആണെന്നും ഇത് ഏഴ് ടീസ്പൂണ്‍ പഞ്ചസാരക്ക് തുല്ല്യമാണെന്നുമാണ് പ്രമുഖ പത്രമായ ഡെയ്‌ലി മെയില്‍ വ്യക്തമാക്കുന്നത്.