ആറ് സിനിമയില്‍ ആറ് ഭാഷ; മൊഞ്ചോടെയെത്തുന്ന പ്രാദേശിക മലയാളങ്ങള്‍
Entertainment news
ആറ് സിനിമയില്‍ ആറ് ഭാഷ; മൊഞ്ചോടെയെത്തുന്ന പ്രാദേശിക മലയാളങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th January 2023, 12:56 pm

ആറു നാട്ടില്‍ നൂറു ഭാഷ എന്നാണല്ലോ മലയാളത്തെക്കുറിച്ചും കേരളത്തെക്കുറിച്ചും പറയാറുള്ളത്. ചെറിയൊരു സ്ഥലത്തെ ഭാഷ തന്നെ പല രീതികളില്‍ ഉച്ചരിക്കപ്പെടുന്നുണ്ട്. ഒരു ജില്ലയില്‍ തന്നെ മലയാളഭാഷയുടെ പ്രാദേശിക വകഭേദം ഒന്നിലേറെയാണ്. അങ്ങനെയാണ് ആറു നാട്ടില്‍ നൂറു ഭാഷ രൂപപ്പെടുന്നത്.

ഒരു നാട്ടിലെ മലയാളിക്ക് മറ്റൊരു നാട്ടിലെ ഭാഷയിലെ വകഭേദങ്ങള്‍ പലതും വിശദീകരണങ്ങള്‍ കൂടാതെ മനസിലാക്കാനും പ്രയാസമാണ്. ഇത്തരം വ്യത്യാസങ്ങള്‍ ഉള്ളതിനാലാണ് സിനിമയുള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ക്ക് എല്ലാവര്‍ക്കും മനസ്സിലാകുന്ന വിധത്തിലുള്ള ഒരു ഭാഷ ഉപയോഗിക്കാന്‍ നിര്‍ബന്ധിതമായത്.

എം.ടി. വാസുദേവന്‍ നായരെ പോലുള്ളവര്‍ തിരക്കഥാരചനയിലേക്ക് കടക്കുന്നതോടെ വള്ളുവനാടന്‍ ഭാഷ മലയാള സിനിമയിലെ സാന്നിധ്യമായി.
പൂര്‍ണമായി പ്രാദേശികത അവകാശപ്പെടാന്‍ സിനിമ അക്കാലഘട്ടത്തില്‍ കഴിഞ്ഞിരുന്നില്ല. സിനിമയുടെ കഥ നടക്കുന്നത് എവിടെയായിരുന്നാലും തിരുവിതാംകൂര്‍ ഭാഷയും അച്ചടിമലയാളവുമായിരുന്നു കഥാപാത്രങ്ങള്‍ സംസാരിച്ചത്.

മലയാള സിനിമയുടെ തുടക്കത്തില്‍ തിരക്കഥയില്‍ എഴുതിവെച്ചതു പ്രകാരമുള്ള വടിവൊത്ത ഭാഷാപ്രയോഗങ്ങളായിരുന്നു നിലനിര്‍ത്തിയത്. പ്രാദേശിക ഭാഷയെ സിനിമ ഒട്ടും തന്നെ ഉള്‍ക്കൊണ്ടിട്ടില്ലായിരുന്നു. കഥ എവിടെ നടക്കുന്നതായിരുന്നാലും ഭാഷ അച്ചടിയിലൂന്നിയതായിരുന്നു. മലയാള സിനിമ കുറേക്കൂടി റിയലിസ്റ്റിക്കാവാന്‍ തുടങ്ങിയതോടെ അതത് പ്രദേശത്തെ ഭാഷയ്ക്ക് സവിശേഷ പ്രാധാന്യം സിനിമയില്‍ വന്നു.

നഗരകേന്ദ്രീകൃതമായ ജീവിതവും വ്യക്തികളും സിനിമയിലെ കഥയായി മാറിയതോടെ പുതിയ കാലത്തെ ട്രെന്‍ഡി പദപ്രപയോഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങി. രാജേഷ് പിള്ളയുടെ ട്രാഫിക്ക്, ആഷിഖ് അബുവിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍, അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ നോര്‍ത്ത് 24 കാതം, ജീന്‍പോള്‍ ലാലിന്റെ ഹണീ ബി, പ്രജിത്തിന്റെ ഒരു വടക്കന്‍ സെല്‍ഫി തുടങ്ങിയ സിനിമകള്‍ അത്തരത്തില്‍ നഗരകേന്ദ്രീകൃതമായ ജീവിതത്തെയും മാറുന്ന തൊഴിലിടങ്ങളെയും ന്യൂജെന്‍ ഭാഷാശൈലികളെയും ഉപയോഗപ്പെടുത്തിയ സിനിമകളായിരുന്നു.

എന്നാല്‍ പിന്നീട് സിനിമയിലെ ഇത്തരം ഭാഷയും ജീവിതവും പ്രേക്ഷകര്‍ക്ക് മടുക്കാന്‍ തുടങ്ങി. ഈ മടുപ്പില്‍ നിന്നാണ് സിനിമ വീണ്ടും ഗ്രാമങ്ങളിലേക്കും പ്രാദേശികതയിലേക്കും തിരിച്ചുപോകുന്നത്. പിന്നീട് കഥക്കും കഥാപരിസരത്തിനും സിനിമയില്‍ പ്രാധാന്യം വരാന്‍ തുടങ്ങിയതോടെ ആ പ്രദേശത്തെ പ്രാദേശിക ഭാഷ സിനിമയില്‍ ഉപയോഗിക്കേണ്ടതായും അഭിനേതാക്കള്‍ക്ക് ആ ഭാഷ സംസാരിക്കേണ്ടതായും വന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വന്ന ഭൂരിഭാഗം സിനിമകളും ഇതുപോലെ പ്രാദേശികമായി സംസാരിക്കുന്നവയാണ്. ഖാലിദ് റഹ്മാന്റെ തല്ലുമാല, രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ന്നാ താന്‍ കേസ് കൊട് എന്നിവയാണ് അതില്‍ വേറിട്ട പരീക്ഷണ വിജയം സ്വന്തമാക്കിയ ചിത്രങ്ങള്‍. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനും മറ്റ് അഭിനേതാക്കളും സംസാരിക്കുന്നത് കാസര്‍ഗോഡ് ഭാഷയാണ്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് കൊഴുമ്മല്‍ രാജീവന്‍. ഇത്തരത്തില്‍ പ്രാദേശികഭാഷ സംസാരിച്ച കുഞ്ചാക്കോ ബോബന്‍ സിനിമകള്‍ പ്രേക്ഷകരും കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ പുതുമയുള്ള അനുഭവമായിരുന്നു ന്നാ താന്‍ കേസ് കൊട്.

സിനിമയിലെ ഡയലോഗുകള്‍ പരിശോധിക്കുമ്പോള്‍ ചിലത് പറയേണ്ടതുണ്ട്. ഓട്ടോ ഇടിക്കാന്‍ വന്നു എന്നതിന് പകരം ഓട്ടോ കുത്താന്‍ വന്നു എന്നാണ് ചിത്രത്തില്‍ പറയുന്നത്. കുത്താന്‍ വന്നു എന്ന പ്രയോഗം മറ്റ് സ്ഥലങ്ങളിലുള്ളവര്‍ക്ക് മനസിലാകണമെന്നില്ല. പക്ഷെ കഥ പശ്ചാത്തലവും ഡയലോഗ് ഡെലിവറിയും കാരണം അങ്ങനെ ഒരു പ്രശ്‌നം പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കുന്നില്ല. ആന്ത് പരിപാടിയാ, കേറിക്കിണ്ടായിനും തുടങ്ങി പ്രാദേശിക ഭാഷയാണ് തുടക്കം മുതല്‍ ഒടുക്കം വരെ ചിത്രത്തിലുള്ളത്.

അതുപോലെ തന്നെയാണ് ഖാലിദ് റഹ്മാന്റെ സംവിധാന സൃഷ്ടിയായ തല്ലുമാല. നായകനായ ടൊവിനോയും സഹ അഭിനേതാക്കളും സംസാരിക്കുന്നത് മലപ്പുറത്തെ പൊന്നാനി പോലുള്ള പ്രദേശങ്ങളിലെ ചെറുപ്പക്കാരുടെ ഭാഷയാണ്. സിനിമയില്‍ ഒരിടത്തും ഈ ഭാഷ പ്രേക്ഷകരെ മടുപ്പിച്ചിട്ടില്ല.

തിങ്കളാഴ്ച നിശ്ചയം എന്ന സെന്നാ ഹെഗ്‌ഡെയുടെ ചിത്രത്തിലും കാസര്‍ഗോഡ് കാഞ്ഞങ്ങാട് ഭാഷയാണ് ഉപയോഗിച്ചത്. സുരാജ് വെഞ്ഞാറമൂടിന്റെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ കണ്ണൂര്‍ ഭാഷയും തെക്കന്‍ തല്ലു കേസില്‍ പഴയ തിരുവനന്തപുരം ഭാഷയുമാണ് സംസാരിക്കുന്നത്. ഭാഷയിലും വൈവിധ്യത്തിലും പുതു പരീക്ഷണങ്ങള്‍ ഇതുപോലെ മലയാള സിനിമാ പ്രേക്ഷകര്‍ ഇനിയും കാണാന്‍ ഇരിക്കുന്നതെയുള്ളൂ. പുത്തന്‍ പരീക്ഷണങ്ങളുമായി ദിനംപ്രതി മലയാള സിനിമയുടെ മോടി കൂടുകയാണ്.

content highlight: Regional languages ​​in Malayalam cinema