'റീഗന്‍' പരസ്യം പ്രകോപിപ്പിച്ചു: കാനഡയ്ക്ക് മേല്‍ 10 ശതമാനം അധിക തീരുവ ചുമത്തി ട്രംപ്
Trending
'റീഗന്‍' പരസ്യം പ്രകോപിപ്പിച്ചു: കാനഡയ്ക്ക് മേല്‍ 10 ശതമാനം അധിക തീരുവ ചുമത്തി ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th October 2025, 6:59 am

വാഷിങ്ടണ്‍: യു.എസ് മുന്‍പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ തീരുവ വിരുദ്ധപരാമര്‍ശം ഉള്‍ക്കൊള്ളിച്ച പരസ്യം സംപ്രേക്ഷണം  ചെയ്ത കാനഡയ്‌ക്കെതിരെ കടുത്തനടപടികളുമായി ഡൊണാള്‍ഡ് ട്രംപ്. കാനഡയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് അറിയിച്ചു.

തെറ്റായ വസ്തുതകള്‍ ചിത്രീകരിക്കുകയും ശത്രുതാപരമായി പ്രവൃത്തിക്കുകയും ചെയ്തതിനാല്‍ കാനഡയുടെ തീരുവ ഇപ്പോഴുള്ളതിനേക്കാള്‍ 10 ശതമാനം വര്‍ധിപ്പിക്കുന്നുവെന്ന് ട്രംപ് സോഷ്യല്‍മീഡിയയിലൂടെ വ്യക്തമാക്കി.

ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ ട്രംപ് കാനഡയെ അധിക്ഷേപിക്കുകയും ചെയ്തു. റീഗനെ ഉള്‍പ്പെടുത്തിയ പരസ്യം ഒന്റാറിയോ സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും ട്രംപ് കടുത്തനിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന് അറിയിച്ചു.

പരസ്യത്തെ വഞ്ചന എന്ന് വിശേഷിപ്പിക്കുകയും വേള്‍ഡ് സീരീസ് ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് മുമ്പ് നീക്കം ചെയ്യാതിരുന്നതില്‍ കനേഡിയന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു.

പരസ്യത്തോടുള്ള വിയോജിപ്പ് കാരണം ട്രംപ് കാനഡയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ നിന്നും പിന്മാറുകയാണെന്ന് വ്യാഴാഴ്ച അറിയിച്ചിരുന്നു. പിന്നാലെ പരസ്യം പിന്‍വലിച്ചതായി ഒന്റാറിയോ ഭരണകൂടം അറിയിച്ചിരുന്നു.

കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പരസ്യത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ പ്രസംഗത്തിലെ ഭാഗങ്ങളെന്ന് അവകാശപ്പെടുന്ന തീരുവ വിരുദ്ധ പരാമര്‍ശങ്ങളുടെ ചെറിയ ഭാഗം ഉള്‍പ്പെടുത്തിയിരുന്നു. യു.എസ് മാധ്യമങ്ങളായ ന്യൂസ് മാക്‌സും ബ്ലൂം ബെര്‍ഗും പരസ്യം പ്രക്ഷേപണം ചെയ്തിരുന്നു.

ഇതുശ്രദ്ധയില്‍പ്പെട്ട ട്രംപ് ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെയാണ് തീരുവ വിരുദ്ധപരസ്യത്തെ വിമര്‍ശിച്ചത്. കാനഡ റൊണാള്‍ഡ് റീഗന്റെ വാക്കുകള്‍ ഉപയോഗിച്ച് യു.എസ് സുപ്രീംകോടതിക്ക് മുന്നിലെത്തുന്ന തീരുവ സംബന്ധിച്ച കേസുകളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

തീരുവകള്‍ പൗരന്മാര്‍ക്ക് ബുദ്ധിമുട്ടാണെന്നായിരുന്നു ഒന്റാറിയോ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത പരസ്യത്തില്‍ റൊണാള്‍ഡ് റീഗന്റെ ശബ്ദത്തില്‍ പറഞ്ഞിരുന്നത്.

‘തീരുവകള്‍ ഓരോ പൗരന്മാരേയും ബുദ്ധിമുട്ടിലാക്കുന്നു. വിദേശ ഇറക്കുമതികളില്‍ തീരുവ ചുമത്തുന്നത് ഗുണകരമായി തോന്നിയേക്കാം. എന്നാല്‍ ഇത് വിപണി കുറയ്ക്കാനും ആളുകളുടെ ജോലി നഷ്ടപ്പെടാനും കാരണമാകും’, എന്നാണ് പരസ്യത്തില്‍ പറഞ്ഞിരുന്നത്.

Content Highlight: ‘Regan’ ad provokes : Trump imposes 10 percent additional tariff on Canada