കഴക്കൂട്ടം: കട്ടേല മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പുതുതായി പ്രവേശനം നേടിയ കുട്ടികള്‍ക്ക് മിഠായി കൈയില്‍ കൊടുക്കാതെ മേശപ്പുറത്ത് തട്ടി വി. മുരളീധരന്‍ എം.എല്‍.എ. പ്രവേശനോത്സവത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് മിഠായി വിതരണം ചെയ്തത് എം.എല്‍.എയായിരുന്നു.
എന്നാല്‍ കുട്ടികളുടെ കൈയിലേക്ക് നല്‍കാതെ മേശപ്പുറത്ത് തട്ടിയിട്ടശേഷം എടുത്ത് കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എം.എല്‍.എ. ഉദ്ഘാടകയായ മന്ത്രി എ. തുളസി നോക്കി നില്‍ക്കവേയാണ് എം.എല്‍.എയുടെ ഈ നടപടി.
പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കവിഭാഗത്തിലെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ് കട്ടേലയിലേത്. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് എം.എല്‍.എ വി. മുരളീധരനെതിരെ ഉയരുന്നത്.
സംഭവത്തെ കടുത്ത ഭാഷയിലാണ് സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും വിമര്‍ശിക്കുന്നത്. മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന തൊട്ടുകൂടായ്മയുടെയും അയിത്താചരണത്തിന്റെയും പുനരാവിഷ്‌കാരമാണ് ഇതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
‘കുട്ടികളുടെ കയ്യില്‍ മിഠായി നല്‍കാന്‍ തയ്യാറാവാതിരുന്നതിന്റെ പേരാണ് അയിത്തം. ഭക്ഷണം എറിഞ്ഞു കൊടുക്കുക എന്നത് തന്നെ മനുഷ്യന്റെ അന്തസിനെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്ന ഒന്നാണ്. പരിവാരികളില്‍ നിന്നും മനുഷ്യത്വം പ്രതീക്ഷിക്കാന്‍ കഴിയില്ലല്ലോ’,
എഴുത്തുകാരനും അധ്യാപകനുമായ ടി.എസ് ശ്യാംകുമാര്‍ ഫേസ്ബുക്കില്‍ എഴുതി.
വീട്ടുപടിക്കല്‍ കുഴി കുത്തി ഇലയിട്ട് കഞ്ഞി വിളമ്പിയിരുന്ന പഴയ കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ദൃശ്യമെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി നിലകൊള്ളേണ്ട വകുപ്പ് മന്ത്രി നോക്കിനില്‍ക്കെ ഇത്തരം വിവേചനം നടന്നത് ഗൗരവതരമാണെന്നും വിമര്‍ശനമുണ്ട്.
Content Highlight: Refusing to hand chocolates directly to children is nothing but untouchability; V. Muraleedharan MLA faces criticism