മറ്റ് സിനിമകളുടെ റഫറന്‍സ് സ്വന്തം സിനിമയില്‍ കൊണ്ടുവരുന്നത് സിനിമാലോകത്ത് പുതിയ കാഴ്ചയല്ല. ഡയലാഗുകള്‍ കൊണ്ടും സീന്‍ സെറ്റിങ് കൊണ്ടും മറ്റ് സിനിമകളിലെ സീനുകളെ ഓര്‍മിപ്പിക്കുന്ന റഫറന്‍സുകള്‍ പലപ്പോഴും കൈയടി നേടാറുണ്ട്. ചിലത് അമ്പേ പരാജയമാവുകയും ട്രോള്‍ മെറ്റീരിയലാവുകയും ചെയ്യാറുമുണ്ട്.
കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത മോഹിനിയാട്ടം റഫറന്‍സ് സീനുകള്‍ വര്‍ക്കാക്കുന്നതില്‍ വിജയിച്ചെന്ന് തന്നെ പറയാം. ഭരതനാട്യത്തിന്റെ തുടര്‍ച്ചയായി പുറത്തിറങ്ങിയ ചിത്രം ഇത്തവണ ഡാര്‍ക്ക് കോമഡി ഴോണറിലാണ് കഥ പറയുന്നത്. മറ്റ് സിനിമകളില്‍ നിന്നുള്ള റഫറന്‍സുകള്‍ എമ്പാടും മോഹിനിയാട്ടത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.
അതില്‍ ഒന്നുപോലും അനാവശ്യമായി തോന്നിയില്ലെന്ന് മാത്രമല്ല, തിയേറ്ററുകളില്‍ ചിരിയുടെ പൂരം തീര്‍ക്കുകയും ചെയ്തു. ട്രെയ്‌ലറില്‍ കാണിച്ച ദൃശ്യം റഫറന്‍സ് അങ്ങിങ്ങായി വന്നുപോകുന്നതെല്ലാം രസകരമായിരുന്നു. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ പെരുമാറ്റത്തില്‍ കലാഭവന്‍ ഷാജോണിന് സംശയം തോന്നുകയും മോഹന്‍ലാല്‍ തിരിഞ്ഞുനോക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും ചെയ്യുന്നത് അതേപടി മോഹിനിയാട്ടത്തില്‍ പകര്‍ത്തിയിട്ടുണ്ട്. ചെറുതായി മീറ്റര്‍ മാറിയാല്‍ ട്രോളാകേണ്ട രംഗം സൈജു കുറുപ്പ് ഗംഭീരമാക്കി.
ഇത് മാത്രമല്ല, പല ഹിറ്റ് സിനിമകളിലെയും റഫറന്‍സ് ഇടക്കിടക്ക് ഉപയോഗിച്ചിട്ടുണ്ട്. എഴാം അറിവ്, ദശരഥം, ബിഗില്‍, വേഷം തുടങ്ങിയ സിനിമകളിലെ സീനുകളും ഡയലോഗുകളും മോഹിനിയാട്ടത്തില്‍ കോമഡിക്കായി ഉപയോഗിച്ചു. പെട്ടെന്ന് കാണുമ്പോള്‍ മനസിലാകാത്തതും എന്നാല്‍ മനസിലായപ്പോള്‍ ചിരി നിര്‍ത്താന്‍ പറ്റാത്തതുമായത് ഹൃദയം റഫറന്‍സാണ്. പ്രേമലുവിന് ശേഷം ഹൃദയത്തിനിട്ട് കൊട്ടിയ മറ്റൊരു ചിത്രമായി മോഹിനിയാട്ടം മാറി.
ഈ റഫറന്‍സുകള്‍ കൃത്യമായി വര്‍ക്കായപ്പോള്‍ മനസില്‍ ഓടിവന്നത് മറ്റൊരു ചിത്രമായിരുന്നു. ദിലീപിന്റെ എട്ടാമത്തെ കംബാക്കായ ഭ ഭ ബയില്‍ വേണ്ടതിനും വേണ്ടാത്തതിനും റഫറന്‍സ് കുത്തിക്കയറ്റി വൃത്തികേടാക്കിയത് ആരും മറന്നുകാണാനിടയില്ല. കൃത്യമായ സ്‌ക്രിപ്റ്റില്ലാതെ, വെറും റഫറന്‍സ് വെച്ച് മാത്രം ഉണ്ടാക്കിയെടുത്ത ഭ ഭ ബയുടെ അണിയറപ്രവര്‍ത്തകര്‍ മോഹിനിയാട്ടം സിനിമ കണ്ട് പഠിക്കണം.
ശക്തമായ തിരക്കഥയും അത് പ്രേക്ഷകരിലേക്ക് വര്‍ക്കാക്കിയെടുക്കാനുള്ള ഇമോഷണല്‍ കോണ്‍ഫ്‌ളിക്റ്റും സൃഷ്ടിച്ച ശേഷമാണ് മോഹിനിയാട്ടത്തില്‍ റഫറന്‍സ് ഡയലോഗുകള്‍ ഉപയോഗിച്ചിരിക്കുന്നത്. ദിലീപും മോഹന്‍ലാലും തലകുത്തി മറിഞ്ഞിട്ടും ഭ ഭ ബയില്‍ ഇല്ലാതെ പോയ കാര്യവും ഇതൊക്കെയാണ്. ഡാര്‍ക്ക് കോമഡികളും റഫറന്‍സ് ഡയലോഗുകളും എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തില്‍ മോഹിനിയാട്ടത്തെ ഒരു പാഠപുസ്തകമായി കണക്കാക്കാം.
Content Highlight: Reference dialogues from Drishyam to Hridayam in Mohiniyattam movie