ഇസ്രഈല്‍ ഫുട്‌ബോള്‍ ടീമിനെ ബഹിഷ്‌കരിച്ച് റീബോക്കും
Trending
ഇസ്രഈല്‍ ഫുട്‌ബോള്‍ ടീമിനെ ബഹിഷ്‌കരിച്ച് റീബോക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st October 2025, 7:53 am

ടെല്‍ അവീവ്: ഇസ്രഈല്‍ ഫുട്‌ബോള്‍ ടീമിന്റെ ജേഴ്‌സിയില്‍ നിന്ന് തങ്ങളുടെ ലോഗോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്‌പോര്‍ട്‌സ് ബ്രാന്‍ഡ് റീബോക്ക്. ഇസ്രഈല്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്യൂമ, അഡിഡാസ്, ഇറ്റാലിയന്‍ കമ്പനിയായ എറിയ എന്നീ ബ്രാന്‍ഡുകള്‍ നേരത്തെ ഐ.എഫ്.എ ബഹിഷ്‌കരിച്ചിരുന്നു. ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യക്കെതിരെ മറ്റ് പല ബ്രാന്‍ഡുകളും ഇസ്രഈലിനെതിരെയുള്ള ബഹിഷ്‌കരണ ക്യാമ്പയിനില്‍ അണിചേര്‍ന്നിരുന്നു.

റീബോക്ക് ബഹിഷ്‌കരണ ഭീഷണികള്‍ക്ക് വഴങ്ങിയതില്‍ ഖേദമുണ്ടെന്നും ഇതിനെതിരെ നിയമപരമായി നീങ്ങാനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും ഐ.എഫ്.എ പറഞ്ഞു.

‘റീബോക്ക് കമ്പനി പൂര്‍ണമായും അപ്രസക്തമായ ബഹിഷ്‌കരണ ഭീഷണികള്‍ക്ക് വഴങ്ങാന്‍ തീരുമാനിച്ചതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ബഹിഷ്‌കരണത്തിനെതിരെ വ്യക്തമായ നിയമങ്ങളുണ്ട്, ഞങ്ങള്‍ക്ക് ലഭ്യമായ എല്ലാ നിയമപരമായ ഓപ്ഷനുകളും ഞങ്ങള്‍ പരിശോധിക്കും. ഭാവിയില്‍ ഒരു സ്‌പോണ്‍സറെ കണ്ടെത്തുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,’ അസോസിയേഷന്‍ പറഞ്ഞു.

അതേസമയം ഇസ്രഈല്‍ ഫുട്‌ബോള്‍ ടീമിന്റെ ജേഴ്‌സിയില്‍ നിന്ന് ലോഗോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് റീബോക്ക് പറഞ്ഞതായി റോയിട്ടേഴ്‌സും ടൈംസ് ഓഫ് ഇസ്രഈലും റിപ്പോര്‍ട്ട് ചെയ്യുന്നു. ലോഗോ നീക്കം ചെയ്യാന്‍ റീബോക്ക് ഐ.എഫ്.എയോട് നിര്‍ദേശിച്ചതായി അവകാശപ്പെടുന്ന ഇസ്രഈലി വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ സത്യമല്ലെന്ന് റീബോക്ക് വക്താവ് പറഞ്ഞതായാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.

‘ദേശീയ ടീം കിറ്റുകളില്‍ നിന്ന് ലോഗോ നീക്കം ചെയ്യാന്‍ റീബോക്ക് ഐ.എഫ്.എയോട് നിര്‍ദേശിച്ചതായി അവകാശപ്പെടുന്ന ഇസ്രഈലി വാര്‍ത്താ ഏജന്‍സികളിലെ റിപ്പോര്‍ട്ടുകള്‍ സത്യമല്ല. ഞങ്ങളുടെ ബ്രാന്‍ഡിനെയും പ്രാദേശിക ലൈസന്‍സിയെയും ഐ.എഫ്.എയോടുള്ള പ്രതിബദ്ധതയെ ഞങ്ങള്‍ തുടര്‍ന്നും ബഹുമാനിക്കും. ഞങ്ങള്‍ രാഷ്ട്രീയം കളിക്കുന്നില്ല; ഞങ്ങള്‍ കായിക രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,’ റീബോക്ക് വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു.

ഐ.എഫ്.എ പ്രസിഡന്റ് മോഷെ സുവാരസും റീബോക്കും എം.ജി.എസ് ഗ്രൂപ്പും തമ്മിലുള്ള സംഭാഷണത്തെത്തുടര്‍ന്ന് റീബോക്ക് തീരുമാനത്തില്‍ നിന്ന് പിന്മാറിയതായി അസോസിയേഷന്‍ അറിയിച്ചതായാണ് ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘റീബോക്ക് അവരുടെ തീരുമാനം മാറ്റി, അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇസ്രഈല്‍ ദേശീയ ടീമിന്റെ ജേഴ്‌സിയില്‍ ഇതുവരെയുള്ളതുപോലെ കമ്പനിയുടെ ലോഗോ തുടര്‍ന്നും ഉണ്ടായിരിക്കും,’ ഐ.എഫ്.എ പറഞ്ഞു.

Content Highlight: Reebok boycotts Israeli football team