ഏദന്‍: തങ്ങളുടെ വൈദ്യുതി വിതരണ ശൃംഖലയില്‍ യു.എസ് ആക്രമണം നടത്തുകയാണെങ്കില്‍ ചെങ്കടലിലെ എണ്ണക്കപ്പല്‍ പാത അടച്ചിടണമെന്ന് യെമനിലെ ഹൂഥി പ്രസ്ഥാനത്തോട് ഇറാന്‍ ആവശ്യപ്പെട്ടതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട്. ഹൂഥികളുമായി അടുപ്പമുള്ള സോഴ്‌സുകളെ അധികരിച്ചാണ് റോയിറ്റേഴ്‌സ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇറാന്റെ വൈദ്യുതി ഗ്രിഡ് ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൂഥികള്‍ക്ക് ഇറാന്‍ നിര്‍ദേശം നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ചെങ്കടലിലെ കപ്പല്‍ പാതക്ക് സമീപം ഡ്രോണുകള്‍ വിന്യസിക്കാന്‍ ഹൂഥികള്‍ തീരുമാനിച്ചതായാണ് വിവരം. ചെങ്കടലിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ബാബ് എല്‍ മാന്തെബ് കടലിടുക്കിന് സമീപവും ഏതന്‍ ഉള്‍കടലിലുമായാണ് ഡ്രോണ്‍ വിന്യാസം. ഇറാന്റെ നിര്‍ദേശം ലഭിക്കാനായി ഹൂഥികള്‍ കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചെങ്കടലിലെ പാത അടച്ചാല്‍ ആഗോള ഇന്ധന വിപനിയില്‍ പുതിയ പ്രതിസന്ധി സൃഷ്ടിക്കാന്‍ കാരണമാവും. നിലവില്‍ ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിന് പുറമെ ചെങ്കടല്‍ പാത കൂടി അടച്ചാല്‍ ആഗോള ഇന്ധന പ്രതിസന്ധി കൂടുതല്‍ കടുത്തതാവുമെന്ന് വിലയിരുത്തപ്പെടുന്നു.
ഹോര്‍മുസ് ഇനി യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് പോകില്ലെന്ന് ഇറാന്‍ സൈന്യവും അറിയിച്ചിട്ടുണ്ട്. ഹോര്‍മുസിന് മേല്‍ ഇറാനുള്ള പരമാധികാരത്തെ യു.എസ് ആക്രമിച്ചുവെന്ന് ഇറാന്‍ സേനാ വക്താവ് ഇബ്രാഹി സൊല്‍ഫാര്‍ഗി പറഞ്ഞു.
തന്ത്രപ്രധാനമായ ഈ കപ്പല്‍ പാതയെ അസ്ഥിരമാക്കാനാണ് യു.എസ് ശ്രമം. തങ്ങളുടെ ഭൂപ്രദേശത്ത് നിന്ന് ഇറാനെ ആക്രമിക്കാന്‍ യു.എസിനെ അനുവദിക്കരുതെന്ന് ഗള്‍ഫ് രാജ്യങ്ങളോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
ഹോര്‍മുസിനോട് ചേര്‍ന്ന് യു.എസിന്റെ സൈനിക വിന്യാസം തുടരുന്നുണ്ട്. യു.എസിന്റെ വിലക്ക് ലംഘിക്കുന്നവ ഒഴികെയുള്ള കപ്പലുകള്‍ക്ക് ഹോര്‍മുസിലൂടെ സ്വതന്ത്രമായി യാത്ര ചെയ്യാമെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
യു.എസ് – ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില വര്‍ധിക്കുകയാണ്. ബ്രെന്റ് ക്രൂഡ് വില ഇന്ന് ഒരു ശതമാനം വര്‍ധിച്ച് ബാരലിന് 85 ഡോളറിലെത്തി. യു.എസ് എണ്ണവില സൂചിക ബാരലിന് 80 ഡോളര്‍ എന്ന നിലയിലേക്കും ഉയര്‍ന്നു. 12 ശതമാനമാണ് ഈ ആഴ്ച അസംസ്‌കൃത എണ്ണവിലയിലുണ്ടായ വര്‍ധന.
ചെങ്കടല്‍ അടച്ചിടുമെന്ന ആശങ്ക ഇന്ന് എണ്ണവില ഉയരാന്‍ കാരണമായെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എണ്ണവില ഇപ്പോഴും ഒരു നിര്‍ണായക പ്രശ്‌നമായി നിലനില്‍ക്കുന്നുവെന്ന് ആന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി അഭിപ്രായപ്പെട്ടു. വരുന്ന കുറച്ച് ആഴ്ചകളില്‍ ഇക്കാര്യത്തില്‍ ഒരു പുരോഗതിയും ഉണ്ടാവില്ലെന്നും ഏജന്‍സി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഫാതിഹ് ബിറോല്‍ പറഞ്ഞു.
അതേസമയം, ഇറാനെതിരെ യു.എസ് വലിയ വിജയം നേടുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണൈാള്‍ഡ് ട്രംപ് പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ട്രംപ് ഈ കാര്യം പറഞ്ഞത്. ഇറാനുമായുള്ള സംഘര്‍ഷത്തില്‍ യു.എസിന് മേല്‍ക്കൈയുണ്ട്. ആ ജോലിയുടെ ഫലം ഉടന്‍ തന്നെ ലഭിക്കുമെന്നും ട്രംപ് പറഞ്ഞു.
Content highlight: Red Sea gateway may close: Iran tells Houthis to close if US hits power network, Report
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.