ന്യൂദൽഹി: ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധമുള്ള മൂന്നാമത്തെ കാറും കണ്ടെത്തി എൻ.ഐ.എ. അൽ ഫലാഹ് സർവകലാശാലയിൽ നിന്നാണ് കാർ കണ്ടെത്തിയത്.
ബ്രസ മാരുതി കാറാണ് കണ്ടെടുത്തത്. കാർ സർവകലാശാലയിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു. കാറിൽ പരിശോധന തുടരുകയാണ്. നാല് കാറുകൾ സ്ഫോടനത്തിനായി ഉപയോഗിച്ചതെന്നാണ് വിവരം. ഇതിൽ മൂന്ന് കാറുകൾ എൻ.ഐ.എ കണ്ടെത്തി.
നിലവിൽ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ ഡോ. ഉമർ മുഹമ്മദിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ എൻ.ഐ.എ പുറത്തുവിട്ടുണ്ട്. സ്‌ഫോടനത്തിന് തൊട്ടുമുമ്പ് വെള്ള ഐ20 കാറുമായി കൊണാട്ട് പ്ലേസിൽ എത്തുന്ന ദൃശ്യങ്ങാളാണ് പുറത്തു വന്നത്.
ഏറ്റവും തിരക്കേറിയ സ്ഥലത്തുവെച്ച് സ്ഫോടനം നടത്താൻ ഡോ. ഉമർ മുഹമ്മദ് ശ്രമിച്ചെന്നാണ് എൻ.ഐ.എ സംശയിക്കുന്നത്.
ഉമർ മുഹമ്മദ് സഞ്ചരിച്ച വഴികൾ, സംസാരിച്ച വ്യക്തികൾ, ചെലവഴിച്ച സ്ഥലങ്ങൾ, സമയങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് എൻ.ഐ.എയുടെ അന്വേഷണം പുരോഗമിക്കുന്നത്.
ഇന്ന് രാവിലെ സ്ഫോടനം നടന്ന സ്ഥലത്തിന് സമീപമുള്ള ന്യൂ ലജ്പത് റായ് മാർക്കറ്റിൽ നിന്നും എഫ്. എസ്.എല്ലിന്റെയും ദൽഹി പോലീസിന്റെയും സംഘം ഒരു ശരീരഭാഗം കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ശരീരഭാഗം ഫോറൻസിക് പരിശോധനയ്ക്കായി കൊണ്ടുപോയെന്നാണ് വിവരം.
ജമ്മു കശ്മീരിൽ നിന്നാണ് ടെറർ ഫണ്ടിങ് മുഴുവൻ വന്നതെന്ന് എൻ.ഐ.എയും ജമ്മു കശ്മീർ പൊലീസും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ജമ്മു കശ്‌മീരിൽ 300 സ്ഥലങ്ങളിലായി തെരച്ചിൽ നടക്കുന്നുണ്ട്.
അതേസമയം മഹിപാൽപൂരിലെ റാഡിസൺ ഹോട്ടൽ പരിസരത്ത് നിന്നും വൻ ശബ്ദം കേട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Content Highlight: Red Fort blast; Third car found