ശ്രീനഗര്‍: ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ഉമര്‍ മുഹമ്മദിന്റെ കശ്മീരിലെ വീട് തകര്‍ത്ത് സുരക്ഷാ സേന.
ഇന്ന് (വെള്ളി) പുലര്‍ച്ചെയാണ് സുരക്ഷാ സേന ഉമറിന്റെ പുല്‍വാമയിലെ വീട് പൂര്‍ണമായും തകര്‍ത്തത്. നേരത്തെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരുടെ കശ്മീരിലെ വീടുകളും സുരക്ഷാ സേന തകര്‍ത്തിരുന്നു.
#WATCH | | Delhi terror blast case: The residence of Dr Umar Un Nabi, accused in the Red Fort blast, has been demolished in Pulwama, Jammu and Kashmir. pic.twitter.com/gqvm7iwPBe
13 പേരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ ചാവേർ ഉമറാണെന്നാണ് നിലവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഹ്യുണ്ടായി ഐ20 കാര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.
പിന്നാലെ യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിചെങ്കോട്ട സ്‌ഫോടനത്തില്‍ ദല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തീവ്രവാദ പ്രവര്‍ത്തനവും എക്‌സ്‌പ്ലോസീവ് ആക്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്ഫോടകവസ്തുക്കള്‍ നിറച്ച ഹ്യുണ്ടായി ഐ20 ഓടിച്ചിരുന്നത് ഉമറാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നത്. കാറിന്റെ സ്റ്റെപ്പിനി ടയറിലും സീറ്റുകളിലുമടക്കം മിലിട്ടറി ഗ്രേഡ് രാസവസ്തുക്കള്‍ നിറച്ചിരുന്നുവെന്നായിരുന്നു കണ്ടെത്തല്‍.
ഫരീദാബാദില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് ഉമര്‍ മുഹമ്മദ് ഈ വസ്തുക്കള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ ശ്രമിച്ചിരുന്നു. ഇതിനായി ഉപയോഗിച്ച കാര്‍ അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാകാം എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
എന്നാല്‍ ദല്‍ഹിയിലുണ്ടായത് ഭീകരാക്രമണമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു സ്ഥിരീകരണം.
സ്ഫോടന സ്ഥലത്ത് നിന്ന് ശേഖരിച്ച ഡി.എന്‍.എ സാമ്പിളുകള്‍ ഉമറിന്റെ അമ്മയുടെ ഡി.എന്‍.എ സാമ്പിളുകളുമായി പൊരുത്തപ്പെട്ടതിനെ തുടര്‍ന്നാണ് ഉമറിന്റെ ഐഡന്റിറ്റി സ്ഥിരീകരിച്ചത്. ഇന്നലെ (വ്യാഴം) ഉമര്‍ മുഹമ്മദിന്റെ ഏതാനും സി.സി.ടി.വി ദൃശ്യങ്ങള്‍ എന്‍.ഐ.എ പുറത്തുവിട്ടിരുന്നു.
ചെങ്കോട്ടയിലെ സ്ഫോടനത്തിന് മുന്നോടിയായി വെള്ള ഐ20 കാറുമായി കൊണാട്ട് പ്ലേസില്‍ എത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഡോ. ഉമര്‍ മുഹമ്മദ് ഏറ്റവും തിരക്കേറിയ മേഖലകളില്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ചുവെന്നാണ് എന്‍.ഐ.എ സംശയിക്കുന്നത്.
ഇയാള്‍ സഞ്ചരിച്ച വഴികള്‍, സംസാരിച്ച വ്യക്തികള്‍, ചെലവഴിച്ച സ്ഥലങ്ങള്‍, സമയം എന്നിവ കേന്ദ്രീകരിച്ചാണ് എന്‍.ഐ.എയുടെ അന്വേഷണം പുരോഗമിക്കുന്നത്. കേരള കേഡര്‍ ഐ.പി.എസ് വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തിനാണ് സ്ഫോടനത്തിന്റെ അന്വേഷണ ചുമതല.
Content Highlight: Red Fort blast: Security forces demolish Umar Mohammed’s Kashmir house