ദൽഹി: ചെങ്കോട്ട സ്ഫോടന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കാർ ഓടിച്ചിരുന്ന ഉമർ മുഹമ്മദിന്റെ സഹായിയായ അമീർ റഷീദാണ് പിടിയിലായത്.
ഇയാൾ ജമ്മു കശ്മീർ സ്വദേശിയാണ്. പൊട്ടിത്തെറിച്ച ഹ്യൂണ്ടായ് ഐ20 കാർ ഏറ്റവും ഒടുവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് അമീർ റഷീദിന്റെ പേരിലാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കേസിൽ ഉമർ മുഹമ്മദ് ചാവേറെന്ന് സ്ഥിരീകരിച്ച് എൻ.ഐ.എ.
ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ദൽഹി , യു.പി , ഹരിയാന, ജമ്മു കശ്മീർ സംസ്ഥാനങ്ങളിലെ പൊലീസുകളും ഭീകരവിരുദ്ധ സേനകളും കേന്ദ്ര ഏജൻസികളടക്കം വിശദമായ അന്വേഷണം നടത്തിവരികയാണെന്നും എൻ.ഐ.എ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് 73 പേരെ നിലവിൽ ചോദ്യം ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഗൂഢാലോചനയുടെ വേരുകൾ കണ്ടെത്തുമെന്നും എൻ.ഐ.എ പുറത്തുവിട്ട വാർത്താകുറിപ്പിൽ പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ദല്‍ഹിയിലെ കനത്ത സുരക്ഷാ പ്രദേശമായ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 13 പേർ മരണപ്പെട്ടിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ട്. ഹ്യുണ്ടായ് ഐ20 കാര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം.