ചെങ്കോട്ട സ്ഫോടനം; കശ്മീരി വിദ്യാർത്ഥികൾ നേരിടുന്നത് കടുത്ത അരക്ഷിതാവസ്ഥ: ജമ്മു കശ്മീർ സ്റ്റുഡന്റസ് അസോസിയേഷൻ
national news
ചെങ്കോട്ട സ്ഫോടനം; കശ്മീരി വിദ്യാർത്ഥികൾ നേരിടുന്നത് കടുത്ത അരക്ഷിതാവസ്ഥ: ജമ്മു കശ്മീർ സ്റ്റുഡന്റസ് അസോസിയേഷൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th November 2025, 3:41 pm

ന്യൂദൽഹി: ചെങ്കോട്ട സ്‌ഫോടനത്തിന് ശേഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കശ്മീരി വിദ്യാർത്ഥികൾ നേരിടുന്നത് കടുത്ത അരക്ഷിതാവസ്ഥ. വിദ്യാർത്ഥികളെ പ്രശ്നക്കാരെന്ന രീതിയിൽ മുദ്രകുത്തുകയും കുടിയിറക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നെന്ന് ജമ്മു കശ്മീർ സ്റ്റുഡന്റസ് അസോസിയേഷൻ പറഞ്ഞു.

ചെങ്കോട്ട സ്ഫോടനത്തിന് ശേഷം കശ്മീരികളെ കുറ്റക്കാരാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് വിദ്യാർത്ഥി സംഘടനയുടെ ദേശീയ കൺവീനർ നാസിർ ഖുഹാമി പറഞ്ഞു. തിങ്കളാഴ്ച ന്യൂദൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരികളെ അപകീർത്തിപ്പെടുത്തുന്നത് തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും ജെ.കെ.എസ്.എ ആവശ്യപ്പെട്ടു.

ആക്രമണത്തിന് ശേഷം ഒരു പ്രത്യേക സമൂഹത്തെ ഒറ്റപ്പെടുത്തുകയാണെന്ന് നാസിർ ഖുഹാമി പറഞ്ഞു. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ദൽഹി എന്നിവിടങ്ങളിലെ സർവകലാശാലകളിൽ നിന്നും ജനവാസ മേഖലകളിൽ നിന്നും ഇതുസംബന്ധിച്ച റിപ്പോർട്ടുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ആക്രമണത്തിന് ശേഷം ഒരു പ്രത്യേക സമൂഹത്തെ ഒറ്റപ്പെടുത്തുകയാണ്. ക്യാമ്പസുകളിൽ കശ്മീരി വിദ്യാർത്ഥികൾ പീഡിപ്പിക്കപ്പെടുന്നു. ചില വീട്ടുടമസ്ഥർ കശ്മീരി വാടകക്കാരോട് ഒഴിഞ്ഞുപോകാൻ പറഞ്ഞിട്ടുണ്ട്.പലരും ഭയന്ന് വീടുകളിലേക്ക് പോയി,’ നാസിർ ഖുഹാമി പറഞ്ഞു.

ഇത് വിദ്യാർത്ഥികളുടെ അക്കാദമിക് ജീവിതത്തെ തടസപ്പെടുത്തുമെന്നും വിദ്യാർത്ഥി സംഘടന വ്യക്തമാക്കി. വിദ്യാർത്ഥികളുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുണ്ടെന്നും അവരെ അക്രമാസക്തമായി ചോദ്യം ചെയ്യുന്നുണ്ടെന്നും ഇത് ഭയന്ന് പലരും ക്യാമ്പസുകൾ വിട്ടുപോയെന്നും ഖുഹാമി പറഞ്ഞു.

ഈ ക്രൂരമായ പ്രവൃത്തിയെ വിദ്യാർത്ഥി സംഘടന അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം അനുശോചനം അറിയിച്ചു.

കശ്മീരി വിദ്യാർത്ഥികൾ എല്ലായ്പ്പോഴും തീവ്രവാദത്തെയും വിഘടനവാദത്തെയും അക്രമത്തെയും നിരാകരിച്ചിട്ടുണ്ടെന്നും ഖുഹാമി പറഞ്ഞു.

‘ഞങ്ങൾ ഒരിക്കലും തീവ്രവാദത്തെയും വിഘടനവാദത്തെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്നില്ല. സമാധാനം, ഐക്യം, ദേശീയ സമഗ്രത, സഹവർത്തിത്വം എന്നിവയിൽ പ്രതിജ്ഞാബദ്ധരാണ്,’ അദ്ദേഹം വ്യക്തമാക്കി.

സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് സംഘടനയ്ക്ക് എതിർപ്പില്ലെന്നും എന്നാൽ കശ്മീരി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മറ്റേതൊരു പൗരനെയും പോലെ കശ്മീരികളും രാജ്യത്തിന്റെ ഭാഗമാണെന്നും ഖുഹാമി കൂട്ടിച്ചേർത്തു.

Content Highlight: Red Fort blast; Kashmiri students facing severe insecurity: Jammu and Kashmir Students Association