ന്യൂദല്‍ഹി: കഴിഞ്ഞയാഴ്ച ന്യൂദല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.
ഇതോടെ മരണസംഖ്യ 15 ആയി ഉയര്‍ന്നു. വിനയ് പഥക് എന്നയാളാണ് മരിച്ചത്. ഞായറാഴ്ചയും ചികിത്സയിലായിരുന്ന ഒരാളുടെ മരണം രേഖപ്പെടുത്തിയിരുന്നു. 50 വയസുള്ള ലുക്മാന്‍ എന്നയാളാണ് മരണപ്പെട്ടത്.
അതേസമയം, സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ നിര്‍ണായകമായ അറസ്റ്റും ഇന്ന് (തിങ്കളാഴ്ച) രേഖപ്പെടുത്തി. സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ജസീര്‍ ബിലാല്‍ വാനി എന്നയാളെയാണ് ശ്രീനഗറില്‍ നിന്നും എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.
സ്‌ഫോടനം നടത്താനായി പൊട്ടിത്തെറിച്ച ഹ്യൂണ്ടായ് ഐ20 കാറിന്റെ ഉടമയാണ് ആമിര്‍ റാഷിദ്. പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി വളര്‍ത്തുക എന്ന ലക്ഷ്യത്തില്‍ മനപൂര്‍വം സൃഷ്ടിച്ചതാണ് സ്‌ഫോടനമെന്ന് അന്വേഷണ സംഘം കോടതിയില്‍ പറഞ്ഞു.
രാജ്യത്തിന്റെ ഐക്യവും പരമാധികാരവും തകര്‍ക്കുക എന്ന ലക്ഷ്യമിട്ടാണ് സ്‌ഫോടനം പ്ലാന്‍ ചെയ്തതെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്യാനായി കസ്റ്റഡില്‍ വിട്ടുതരണമെന്നും അന്വേഷണം സംഘം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.