ന്യൂദല്‍ഹി: ചെങ്കോട്ട സ്ഫോടനത്തില്‍ ഒരു ഡോക്ടര്‍ കൂടി പിടിയില്‍. ഡോ. റയീസ് അഹ്‌മദ് ഭട്ടാണ് അറസ്റ്റിലായത്. പത്താന്‍കോട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സര്‍ജനായ റയീസ് ഭട്ട് ‘വൈറ്റ് കോളര്‍’ സംഘത്തിലെ പ്രധാനപ്പെട്ട അംഗമാണെന്നാണ് വിവരം.
ഡോ. റയീസിനെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ദല്‍ഹിയില്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും.
🔴#BREAKING | Agencies probe angle of 2nd suspect in Delhi 10/11 blast, suspect Dr Umar’s aide was near Red Fort as sources reveal no detonator fragments found at site
ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഡോ. ഉമര്‍ മുഹമ്മദും സംഘവും ഇ-മെയില്‍ മുഖേന ആശയവിനിമയം നടത്തിയതായും എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. ഒരേ ഇ-മെയിലും പാസ്‌വേര്‍ഡുമാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. സന്ദേശം ഡ്രാഫ്റ്റ് ചെയ്തും ശേഷം ഡിലീറ്റ് ചെയ്തുമാണ് സംഘം വിവരം കൈമാറിയിരുന്നതെന്നാണ് കണ്ടെത്തല്‍.
റയീസിന്റെ അറസ്റ്റിന് പിന്നാലെ ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനത്തില്‍ ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ കൂടി ചേര്‍ത്ത് ദല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
അല്‍-ഫലാഹ് സര്‍വകലാശാലയിലെ കൂടുതല്‍ ഡോക്ടര്‍മാരെ ചോദ്യം ചെയ്യാന്‍ എന്‍.ഐ.എ നടപടികള്‍ സ്വീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പലരെയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നിരവധി പേരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ ദല്‍ഹിയിലെ സ്ഫോടനത്തില്‍ യു.എ.പി.എ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസ് ദല്‍ഹി പൊലീസ് എന്‍.ഐ.എയ്ക്ക് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് ക്രിമിനല്‍ കുറ്റം ചുമത്തിക്കൊണ്ട് മറ്റൊരു കേസും കൂടി രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ ദിവസം ഡോ ഉമറിന്റെ പുല്‍വാമയിലുള്ള വീട് സുരക്ഷാ സേന തകര്‍ത്തിരുന്നു. ഇതിനെതിരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല രംഗത്തെത്തുകയും ചെയ്തിരുന്നു. വീടുകള്‍ തകര്‍ത്തതുകൊണ്ട് ഭീകരവാദം അവസാനിക്കില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.