ചെങ്കോട്ട സ്‌ഫോടനം; ഐ.പി.എസ് വിജയ് സാഖറെയുടെ നേതൃത്വത്തില്‍ 10 അംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു
India
ചെങ്കോട്ട സ്‌ഫോടനം; ഐ.പി.എസ് വിജയ് സാഖറെയുടെ നേതൃത്വത്തില്‍ 10 അംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th November 2025, 11:31 am

ന്യൂദല്‍ഹി: ദല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് എന്‍.ഐ.എ. കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ വിജയ് സാഖറെയുടെ നേതൃത്വത്തില്‍ 10 അംഗ സംഘത്തെയാണ് അന്വേഷണത്തിന് രൂപീകരിച്ചത്. നിലവില്‍ എന്‍.ഐയിലെ അഡീഷണല്‍ ഡി.ജിയാണ് സാഖറെ. അന്വേഷണ സംഘത്തില്‍ രണ്ട് എസ്.പിമാരുമുണ്ട്. കഴിഞ്ഞ ദിവസം തന്നെ അന്വേഷണ സംഘത്തിന് ചുമതല ഏല്‍പ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.

ജമ്മു കശ്മീര്‍, ദല്‍ഹി, ഹരിയാന എന്നീ പൊലീസിന്റെ പക്കലുള്ള എല്ലാ തെളിവുകളും അന്വേണ സംഘത്തിന് നല്‍കണമെന്നും എന്‍.ഐ.എ ആവശ്യപ്പെട്ടു. സംഭവ സ്ഥലത്ത് എന്‍.ഐ.എയുടെ നേതൃത്വത്തിലുള്ള അന്വേഷണം നടന്നുവരികയാണ്. നേരത്തെ പഹല്‍ഗാം ആക്രമണം അന്വേഷിച്ച ഉദ്യോഗസ്ഥനാണ് സാഖറെ.

അതേസമയം ചെങ്കോട്ട സ്‌ഫോടനത്തില്‍ കാറില്‍ നിന്നും 80 കിലോ സ്‌ഫോടന വസ്തുക്കള്‍ കണ്ടെത്തിയെന്ന് എന്‍.ഐ.എ റിപ്പോര്‍ട്ട് ചെയ്തു.

സ്റ്റെപ്പിനി ടയറിലും സീറ്റുകളിലുമടക്കം മിലിട്ടറി ഗ്രേഡ് രാസവസ്തുക്കള്‍ കാറില്‍ നിറച്ചിരുന്നെന്ന് എന്‍.ഐ.എ കണ്ടെത്തി. ആര്‍.ഡി.എക്‌സ് അല്ലെന്നാണ് പ്രാഥമിക നിഗമനം.

അത്യുഗ്ര സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്നും ഇതുസംബന്ധിച്ച എന്‍.എസ്.ടിയുടെ എക്‌സ്‌പ്ലോസിവ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരത്തോടെ ലഭിക്കുമെന്നുമാണ് വിവരം.

ദല്‍ഹി, യു.പി, ഹരിയാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ എന്‍.ഐ.എയുടെ പുതിയ അന്വേഷണ സമിതിവ്യാപക തെരച്ചില്‍ തുടരുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഫരീദാബാദില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് ഭയപ്പെട്ട ഡോ. ഉമ്മര്‍ ഈ വസ്തുക്കള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ അബദ്ധത്തില്‍ പൊട്ടിയതാകാമെന്നാണ് എന്‍.ഐ.എയുടെ നിലവിലുള്ള നിഗമനം.

ഇത്രയധികം സ്ഫോടക വസ്തുക്കള്‍ എവിടേക്ക് മാറ്റാനായിരുന്നു ഡോ. ഉമ്മറിന്റെ നീക്കം എന്നതിനെപ്പറ്റി എന്‍.ഐ.എ അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ ഒരാഴ്ചത്തെ കാറിന്റെ സഞ്ചാര റിപ്പോര്‍ട്ടുകള്‍ എന്‍.ഐ.എയെ കണ്ടെത്തി.

സംഭവസ്ഥലത്തുനിന്നും രണ്ടുഫോണുകള്‍ കണ്ടെത്തിയതായും റിപ്പോട്ടുകളുണ്ട്. സ്‌ഫോടനത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ കാരണമായത് സമീപത്തുണ്ടായ ഇലക്ട്രിക് ബസ് ആണെന്ന് എന്‍.ഐ.എ പറഞ്ഞു.

സ്‌ഫോടന സമയത്ത് കാറിന്റെ ടയറിന്റെ ഭാഗങ്ങളും ബോണറ്റിന്റെ ഭാഗങ്ങളും ഇലക്ട്രിക് ബസില്‍ ഇടിച്ചു നിന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചെന്നും എന്‍.ഐ.എ പറഞ്ഞു.

Content Highlight: Red Fort blast; 10-member investigation team formed under the leadership of IPS Vijay Sakhare