ന്യൂദല്‍ഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധമുള്ള മറ്റൊരു കാര്‍ കൂടി കണ്ടെത്തി. ഹരിയാനയിലെ ഫരീദാബാദില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. ചുവന്ന ഫോര്‍ഡ് എക്കോ സ്‌പോര്‍ട്ട് കാറാണ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ളത്.
കാര്‍ കണ്ടെത്തുന്നതിനായി ദല്‍ഹിയിലെ മുഴുവന്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 കാര്‍ ഓടിച്ചിരുന്ന ഡോ. ഉമര്‍ മുഹമ്മദിന്റെ പേരിലാണ് ചുവന്ന ഫോര്‍ഡ് എക്കോ സ്‌പോര്‍ട്ട് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നിലവില്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് 15 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഐ20 കാര്‍ വിറ്റ കാര്‍ ഡീലറും ഇതില്‍ ഉള്‍പ്പെടുന്നു. കേരള കേഡര്‍ ഐ.പി.എസ് വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തിനാണ് സ്‌ഫോടനത്തിന്റെ അന്വേഷണ ചുമതല.
നേരത്തെ യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ചെങ്കോട്ട സ്ഫോടനത്തില്‍ ദല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തീവ്രവാദ പ്രവര്‍ത്തനവും എക്സ്പ്ലോസീവ് ആക്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്ഫോടനത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ കാറില്‍ നിന്നും 80 കിലോ സ്‌ഫോടന വസ്തുക്കള്‍ കണ്ടെത്തിയെന്ന് എന്‍.ഐ.എ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കാറിന്റെ സ്റ്റെപ്പിനി ടയറിലും സീറ്റുകളിലുമടക്കം മിലിട്ടറി ഗ്രേഡ് രാസവസ്തുക്കള്‍ നിറച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍. ഫരീദാബാദില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് ഡോ. ഉമര്‍മുഹമ്മദ് ഈ വസ്തുക്കള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ ശ്രമിച്ചിരുന്നു.
ഇതിനായി ഉപയോഗിച്ച കാര്‍ അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാകാമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ദല്‍ഹിയിലുണ്ടായത് ഭീകരാക്രമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു സ്ഥിരീകരണം.
രണ്ട് ദിവസത്തെ ഭൂട്ടാൻ പര്യടനത്തിന് ശേഷം രാജ്യത്ത് തിരിച്ചെത്തിയ പ്രധാനമന്ത്രി ലോക് നായക് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചിരുന്നു. ചികിത്സയിലുള്ളവരുടെ സ്ഥിതിഗതികള്‍ ഡോക്ടര്‍മാരുമായി വിലയിരുത്തുകയും ചെയ്തിരുന്നു.
Content Highlight: Red car suspected to be linked to accused found in Haryana