എഡിറ്റര്‍
എഡിറ്റര്‍
വിയറ്റ്‌നാമിലേത് ചുകപ്പ് മുതലാളിത്തം
എഡിറ്റര്‍
Sunday 22nd October 2017 1:35pm

 

വിയറ്റ്‌നാം ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമാണോ? അതോ മുതലാളിത്ത രാഷ്ട്രമായി മാറിക്കഴിഞ്ഞോ? വിയറ്റ്‌നാം ഗവണ്‍മെന്റിന്റെ സ്വഭാവമെന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ പലരും ഉന്നയിച്ചു കാണാറുണ്ട്. ഹോചിമിന്റെ ഭൗതികശരീരം എംബാം ചെയ്തു സൂക്ഷിക്കുകയും അദ്ദേഹത്തിന്റെ ആശയങ്ങള്‍ കൈവെടിയുകയും ചെയ്തുകൊണ്ടിരിക്കുകയാണ് അദ്ദേഹത്തന്റെ പിന്തുടര്‍ച്ചക്കാരായ ഭരണാധികാരികള്‍.

ആദ്യം ഫ്രഞ്ച് സാമ്രാജ്യത്വത്തിനും അവരെ തുരത്തിയശേഷം കടന്നുവന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനും എതിരായി ദീര്‍ഘകാലം വീരോചിതമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം ഒരു ജനതയുടെ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരമായിരുന്നു.

ഈ പോരാട്ടം കേവലം ദേശീയവിമോചനത്തിനു വേണ്ടിയായിരുന്നില്ല. അധിനിവേശശക്തികളെ സ്വന്തം മണ്ണില്‍ നിന്ന് തുരത്തിയോടിക്കുക എന്നത് മാത്രമായിരുന്നില്ല അവരുടെ ഐതിഹാസിക സമരത്തിന്റെ ആത്യന്തിക ലക്ഷ്യം. അതൊരു കമ്യൂണിസ്റ്റ് വിപ്ലവം കൂടിയായിരുന്നു. സ്വന്തം ദേശത്തിന്റെ വിമോചനം മാത്രമല്ല, മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന ഒരു വ്യവസ്ഥിതിയില്‍ നിന്നുള്ള മോചനത്തിനും കൂടിയായിരുന്നു വിയറ്റ്‌നാം ജനത പോരാടിയിരുന്നത്.

 

വിയറ്റ്‌നാമിനെ മുച്ചൂടും നശിപ്പിച്ച നിലയിലാണ് അമേരിക്ക സ്ഥലം വിട്ടത്. റോഡുകള്‍, റെയിലുകള്‍, പാലങ്ങള്‍, കനാലുകള്‍ തുടങ്ങി എല്ലാം ബോംബിട്ട് നശിപ്പിച്ചിരുന്നു. പൊട്ടാത്ത ഷെല്ലുകളും മൈനുകളും നെല്‍വയലുകളില്‍ പോലും കൃഷിക്കിറങ്ങുന്നവര്‍ക്ക് അപകടം വരുത്തി വെച്ചിരുന്നു.

അഞ്ചു ദശലക്ഷം ഹെക്ടര്‍ വനങ്ങള്‍ എജന്റ്‌റ് ഓറഞ്ച് എന്ന മാരകവിഷം പ്രയോഗിച്ചു നശിപ്പിക്കപ്പെട്ടിരുന്നു. വിയറ്റ്‌നാം യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന ഒരു ദശകക്കാലം അമേരിക്കന്‍ സൈന്യം 11 ദശലക്ഷം ടണ്‍ എജന്റ്‌റ് ഓറഞ്ച് മധ്യദക്ഷിണ വിയറ്റ്‌നാമില്‍ കുറ്റിക്കാടുകള്‍ നശിപ്പിക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്നു. വിയറ്റ്‌കോംഗ് ഗറില്ലകള്‍ക്ക് ഒളിഞ്ഞിരുന്നു ആക്രമിക്കാനുള്ള സൌകര്യം ഇല്ലാതാക്കാനാണ് ഇത് ചെയ്തത്.

ഇതുകാരണം നെല്‍പ്പാടങ്ങളെല്ലാം കൃഷിയോഗ്യമല്ലാതായി. പട്ടിണിയിലായ ജനങ്ങള്‍ കിട്ടുന്നതെന്തും ഭക്ഷിക്കുന്ന നിലയിലായി. വിയറ്റ്‌നാമുകാര്‍ നായ ഇറച്ചി കഴിക്കാന്‍ തുടങ്ങിയത് അങ്ങിനെയായിരുന്നു. വിയറ്റ്‌നാം യാത്രയില്‍ കണ്ടുമുട്ടിയ ഒരു വിയറ്റ്‌നാം യുവാവ് അവന്റെ കുടുംബം നായ ഇറച്ചി ഭക്ഷിക്കാന്‍ തുടങ്ങിയത് അക്കാലത്തായിരുന്നു എന്ന് പറഞ്ഞിരുന്നു. ക്രമേണ അതൊരു ശീലമായി മാറി.

 

നെല്‍പ്പാടങ്ങള്‍ എമ്പാടും പരന്നുകിടക്കുന്ന ഒരു രാജ്യത്തിന് അരി പുറമേനിന്ന് വാങ്ങേണ്ടിവന്നു. കൂടാതെ രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി അമേരിക്ക വാഗ്ദാനം ചെയ്തിരുന്ന നഷ്ടപരിഹാരത്തുകയില്‍ നിന്ന് ഒരു ചില്ലിക്കാശ് പോലും ലഭിച്ചതുമില്ല.

യുദ്ധത്തില്‍ പരാജയപ്പെട്ട അമേരിക്ക വിയറ്റ്‌നാമിന്നെതിരെ പുതിയ യുദ്ധമുഖം തുറക്കുകയായിരുന്നു പിന്നീട് ചെയ്തത്. വിയറ്റ്‌നാമുമായുള്ള കയറ്റിറക്കുമതി വ്യാപാരത്തിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. മാത്രമല്ല മറ്റു രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി വിയറ്റ്‌നാമിനുള്ള സഹായങ്ങള്‍ മരവിപ്പിച്ചു.

അന്താരാഷ്ട്ര നാണയനിധി, ലോകബാങ്ക്, യുനെസ്‌കോ തുടങ്ങിയ സംഘടനകളെയും വിയറ്റ്‌നാമിന് സഹായം നല്‍കുന്നതില്‍ നിന്ന് വിലക്കി. ഇങ്ങിനെയൊരു പരിതസ്ഥിതിയില്‍ ഏതൊരു രാജ്യത്തിന്റെയും സമ്പദ്ഘടന നിലംപരിശാകുമെന്ന കാര്യത്തില്‍ സംശയമില്ല. സ്വാഭാവികമായും വിയറ്റ്‌നാമിന്റെ സോഷ്യലിസ്റ്റ് പരീക്ഷണം പരാജയപ്പെട്ടു.

 

വിയറ്റ്‌നാം അനുകരിച്ച സോവിയറ്റ് സോഷ്യലിസ്റ്റ് മാതൃകയനുസരിച്ച് കര്‍ഷകരില്‍ നിന്ന് വിളകള്‍ മുഴുവന്‍ സംഭരിച്ചു പകരം റേഷന്‍ കാര്‍ഡ് നല്‍കുന്ന ഏര്‍പ്പാട് തുടങ്ങി. ഇത് കര്‍ഷകന്റെ ഉല്‍പാദന ശേഷിയെ പ്രതികൂലമായി ബാധിച്ചു. രാജ്യം വീണ്ടും അരി ഇറക്കുമതി ചെയ്യേണ്ടി വന്നു.

എന്നാല്‍ 1980 കളോടെ കര്‍ഷകര്‍ക്ക് മിച്ചോല്‍പാദനം വില്‍ക്കാനുള്ള അവകാശം ഗവണ്‍മെന്റ് നല്‍കി. തുടക്കത്തില്‍ സ്വീകരിച്ച സോഷ്യലിസ്റ്റ് പാതയില്‍ നിന്നുള്ള വ്യതിചലനമായിരുന്നു ഇത്. തുടര്‍ന്ന് 1980 കളുടെ അവസാനത്തോടെ സോഷ്യലിസ്റ്റ് ആഭിമുഖ്യത്തോടു കൂടിയ കമ്പോളസമ്പദ് വ്യവസ്ഥ (Market economy with Socialist orientation) എന്ന നയം ഔദ്യോഗികമായി പാര്‍ട്ടി നേതൃത്വം സ്വീകരിച്ചു.

1990 കളില്‍ വിദേശ മൂലധനശക്തികളുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിച്ചു. സ്വതന്ത്രവ്യാപാരം, സ്വതന്ത്രകമ്പോളം എന്നിവയുടെ പേരില്‍ മുതലാളിമാര്‍ക്ക് എല്ലാ പ്രോത്സാഹനവും നല്കിവന്നു. പിന്‍വാതിലിലൂടെ അമേരിക്കയുമായുള്ള ബന്ധം സ്ഥാപിച്ചെടുക്കാനുള്ള അക്ഷീണപരിശ്രമം തന്നെ നടന്നു.

 

എജന്റ്‌റ് ഓറഞ്ച് നഷ്ടപരിഹാരം വേണ്ടെന്നുവച്ചു. പഴയ സൈഗോണ്‍ ഭരണകൂടത്തിന്റെ യുദ്ധകടം തിരിച്ചടക്കാന്‍ സന്നദ്ധമാകുകയും ചെയ്തു. ഇതിന്റെയെല്ലാം അനന്തരഫലമായി 1994ല്‍ അമേരിക്ക വ്യാപാര ഉപരോധം പിന്‍വലിക്കാന്‍ തയാറായി. ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി തുടങ്ങിയ ധനകാര്യസ്ഥാപനങ്ങള്‍ വിയറ്റ്‌നാമിനെ കൈയയച്ച് സഹായിക്കുകയും ചെയ്തുതുടങ്ങി.

തല്‍ഫലമായി സമ്പദ് വ്യവസ്ഥ 8.4 ശതമാനം വളര്‍ച്ച നിരക്ക് രേഖപ്പെടുത്തി. താമസിയാതെ തന്നെ വിയറ്റ്‌നാം ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യങ്ങളിലൊന്നായി മാറി.

ആയുധശക്തികൊണ്ട് കീഴടക്കാനാകാത്ത വിയറ്റ്‌നാം ജനതയെ അമേരിക്ക ഇപ്പോള്‍ മൂലധനമെന്ന മറ്റൊരു ആയുധവുമായി വന്നു തങ്ങളുടെ അധിനിവേശം മറ്റൊരു രൂപത്തില്‍ തുടരുകയാണ്.

വിയറ്റ്‌നാം ഗവണ്‍മെന്റാകട്ടെ സോഷ്യലിസ്റ്റ് ആഭിമുഖ്യത്തോടുകൂടിയ കമ്പോളസമ്പദ് വ്യവസ്ഥ എന്നതിലെ സോഷ്യലിസത്തോടുള്ള ആഭിമുഖ്യം ക്രമേണ കൈയൊഴിയാന്‍ തുടങ്ങി. വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതലാളിത്ത കടന്നുകയറ്റത്തിനെതിരെ നിലകൊള്ളുന്ന വിഭാഗം സോഷ്യലിസം കൈയൊഴിയുന്ന നേതൃത്വത്തിന്റെ നിലപാടിന്നെതിരെ പാര്‍ട്ടിക്കുള്ളില്‍ പോരാടിക്കൊണ്ടിരുന്നു.

 

തന്മൂലം 1990 കളുടെ അവസാനം വരെ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ ആവശ്യങ്ങളും നിബന്ധനകളും കുറെയെല്ലാം നിരാകരിക്കപ്പെട്ടു. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള ശ്രമത്തെയാണ് പാര്‍ട്ടിയിലെ വിമതവിഭാഗം ചെറുത്തുനിന്നത്.

എന്നാല്‍ 2000ാമാണ്ടോടെ പാര്‍ട്ടിയിലെ നവ ഉദാരവല്‍ക്കരണവാദികള്‍ക്ക് സമ്പൂര്‍ണ്ണ മേല്‍ക്കൈ ലഭിക്കുകയും മുതലാളിത്ത ഉദാരവല്‍ക്കരണനയങ്ങള്‍ നിര്‍വിഘ്‌നം നടപ്പില്‍ വരുത്തുവാനും തുടങ്ങി. അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെയും മൂലധനശക്തികളുടെയും സമ്മര്‍ദ്ദഫലമായി പൊതുമേഖലാസ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റഴിക്കാന്‍ തുടങ്ങി.

2006ല്‍ ലോകവ്യാപാര സംഘടനയില്‍ അംഗത്വം ലഭിച്ചതോടെ വിദേശ മൂലധനവും സഹായവും നിര്‍ലോഭം പ്രവഹിച്ചുതുടങ്ങി. വിയറ്റ്‌നാം യുദ്ധം അവസാനിക്കുകയും തെക്കന്‍ വിയറ്റ്‌നാമും വടക്കന്‍ വിയറ്റ്‌നാമും ഏകീകരിച്ചു വിയറ്റ്‌നാം സോഷ്യലിസ്റ്റ് റിപബ്ലിക് രൂപീകരിക്കുകയും ചെയ്തിട്ട് നാല് പതിറ്റാണ്ട് പിന്നിടുമ്പോഴേക്കും വിയത്‌നാം ആഗോള മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യഘടകമായി മാറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

നവ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കിയതോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥ വന്‍കുതിച്ചുചാട്ടം നടത്തി. ഈ മാറ്റം കുറെയൊക്കെ ജനങ്ങളുടെ ജീവിതനിലവാരത്തില്‍ പ്രതിഫലിച്ചുവെങ്കിലും കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്ന വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി.

 

അനേകം വ്യാപാരകേന്ദ്രങ്ങളും കച്ചവടസ്ഥാപനങ്ങളും പൊട്ടിമുളച്ചുവെങ്കിലും അവയുടെ ഉപഭോക്താക്കളില്‍ മഹാഭൂരിപക്ഷവും സമൂഹത്തിലെ ഉന്നതശ്രേണിയില്‍ പെട്ടവര്‍ മാത്രമാണ്. സാമൂഹ്യാസമത്വം പതിന്മടങ്ങ് വര്‍ധിച്ചു.

നവ ഉദാരവല്‍ക്കരണത്തോടൊപ്പം തഴച്ചുവളര്‍ന്ന ഒന്നാണ് അഴിമതി. ഉദ്യോഗസ്ഥതലങ്ങളില്‍ അഴിമതിയും സ്വജനപക്ഷപാതവും നേരത്തെത്തന്നെ ഉണ്ടായിരുന്നുവെങ്കിലും അതിന്നത്തെ നിലയിലെത്തിയത് ഉദാരവല്‍ക്കരണവും സ്വാകാര്യവല്‍ക്കരണവും മൂലമാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ വിയറ്റ്‌നാം ഉന്നതസ്ഥാനമാണ് അലങ്കരിക്കുന്നത്. കേന്ദ്രബജറ്റിന്റെ പകുതിയോളം പലരുടെയും കീശയിലേക്കാണ് പോകുന്നത്. വിറ്റഴിക്കപ്പെടുന്ന പൊതുമേഖലാ കമ്പനികളുടെ തലപ്പത്ത് എക്‌സിക്യൂട്ടീവുകളായി പാര്‍ട്ടി നേതാക്കളും അവരുടെ ബന്ധുക്കളും സ്വയം അവരോധിക്കാനുള്ള അവസരമായിട്ടാണ് ഇതിനെ ഉപയോഗപ്പെടുത്തുന്നത്.

സാമ്പത്തികപരിഷ്‌കാരം നടപ്പിലാക്കാന്‍ പാര്‍ട്ടി നേതാക്കള്‍ ഉത്സുകരാകുന്നത് അതിലൂടെ കോടികള്‍ നേടാനാണ്.

 

സാമ്പത്തിക പുരോഗതിയുടെ നേട്ടം എല്ലാവര്‍ക്കും തുല്യമായി വീതിക്കാനോ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരാനോ കമ്യൂണിസ്റ്റ് ഭരണത്തിന്റെ ആദ്യനാളുകളില്‍ നടത്തിയിരുന്നതുപോലെയുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടക്കുന്നില്ല.

സാമ്പത്തിക അസന്തുലിതാവസ്ഥ പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. 2012 ല്‍ ലോകബാങ്കിനു വേണ്ടി തയാറാക്കിയ ഒരു റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ 2004-2010 കാലയളവില്‍ ജനസംഖ്യയിലെ ഏറ്റവും ദരിദ്രരായ 10 ശതമാനം പേരുടെ വരുമാനം അഞ്ചിലൊന്നായി കുറഞ്ഞു. അതേസമയം സമ്പന്നരുടെ 5 ശതമാനത്തിന്റെ വരുമാനം ആകെ വരുമാനത്തിന്റെ 25 ശതമാനവുമാണ്.

തൊഴിലും ഭൂമിയും നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകളാണ് ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് ചേക്കേറുന്നത്. 1990 കളുടെ ആദ്യവര്‍ഷങ്ങളില്‍ ഗ്രാമങ്ങളിലെ 91.8 ശതമാനം കുടുംബത്തിനും ഭൂമിയുണ്ടായിരുന്ന സ്ഥാനത്ത് 2010 ല്‍ 22.5 ശതമാനത്തിനു ഭൂമി നഷ്ടമായി. ഇങ്ങിനെ പട്ടണങ്ങളില്‍ കുടിയേറിയ ഗ്രാമീണര്‍ അവിടങ്ങളിലെ തൊഴില്‍രഹിതരായവരോടൊപ്പം ചേര്‍ന്നു.

 

പലരും താല്‍ക്കാലിക ജോലികള്‍ നേടി. ചിലര്‍ സൈക്കിളുകളില്‍ പഴവര്‍ഗങ്ങള്‍ മുതല്‍ തുണിത്തരങ്ങള്‍ വരെ വില്‍പന നടത്തുന്നത് നഗരവീഥികളിലെ സ്ഥിരം കാഴ്ചയാണ്. പലരും നഗരങ്ങളിലെ നടപ്പാതകളില്‍ ബോര്‍ഡ് ഗെയ്മുകള്‍ കളിച്ചു സമയം ചെലവഴിക്കുന്നു.

ഭൂമിയില്‍ നിന്ന് നിഷ്‌കാസിതരാകുന്ന കര്‍ഷകരുടെ പ്രതിഷേധ പ്രകടനങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. ലഭിക്കുന്ന തുച്ഛമായ വേതനം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികളും പ്രതിഷേധം അറിയിക്കാറുണ്ട്. പക്ഷെ, ഇതൊന്നും വലിയ തോതില്‍ വളര്‍ന്നുവരാന്‍ അധികൃതര്‍ സമ്മതിക്കാറില്ല.

വിദേശ മൂലധനത്തിന്റെ കടന്നുവരവോടെയും പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണ ത്തോടെയും ഗവണ്‍മെന്റ് ജനങ്ങളില്‍ നിന്ന് അകലാന്‍ തുടങ്ങി. സാധാരണ ജനങ്ങള്‍ക്കുവേണ്ടിയല്ല മുതലാളിമാര്‍ക്കുവേണ്ടിയാണ് ഭരണം നടത്തുന്നത് എന്ന രീതിയില്‍ കീഴ്‌മേല്‍ മറിഞ്ഞു സംഗതികള്‍.

ഒരു കാലത്ത് ജീവിതച്ചെലവിനനുസരിച്ച് തൊഴിലാളികളുടെ കുറഞ്ഞ കൂലി നിശ്ചയിച്ചിരുന്നു. ഇപ്പോള്‍ മൂലധനം ആകര്‍ഷിക്കാനായി സര്‍ക്കാര്‍ വേതനം വെട്ടിച്ചുരുക്കുകയോ മരവിപ്പിക്കുകയോ ചെയ്യുന്ന സ്ഥിതിയാണ്. ഇതോടൊപ്പം കുതിച്ചുയരുന്ന വിലക്കയറ്റം കൂടിയാകുമ്പോള്‍ തൊഴിലാളികളുടെ സ്ഥിതി അതിയനീയാവസ്ഥയില്‍ എത്തിച്ചേരുകയും ചെയ്യുന്നു.

 

അവര്‍ നിത്യനിദാനച്ചെലവുകള്‍ ഗണ്യമായി വെട്ടിക്കുറയ്ക്കുകയും ചെലവുകുറഞ്ഞ താമസസ്ഥലങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. തന്മൂലം പോഷകാഹാരക്കുറവുകൊണ്ടുള്ള രോഗാവസ്ഥയും കൂടുന്നു. പലരും രണ്ടു ഷിഫ്റ്റില്‍ ജോലി ചെയ്ത് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നു.

തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലല്ല ഗവണ്‍മെന്റിന്റെയും പാര്‍ട്ടിയുടെയും താല്പര്യം. മറിച്ച് ടൂറിസ്റ്റ്‌വ്യവസായ മേഖലകളില്‍ കൂടുതല്‍ മൂലധനനിക്ഷേപം ആകര്‍ഷിക്കുക എന്നതിലാണ് സര്‍ക്കാരിന്റെ ശ്രദ്ധ മുഴുവന്‍. ഞങ്ങള്‍ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നിന്‍ ബിന്‍ പ്രവിശ്യ സന്ദര്‍ശിച്ചതിന്റെ തലേദിവസം പ്രധാനമന്ത്രി എന്ഗുയന്‍ ഷുവാന്‍ ഫുക്ക് അവിടെ സന്ദര്‍ശനം നടത്തിയിരുന്നു.

ടൂറിസ്റ്റ് കേന്ദ്രമെന്നതിനു പുറമേ വാഹന നിര്‍മാണ വ്യവസായത്തിന്റെയും കേന്ദ്രമാണ് നിന്‍ ബിന്‍. വിയറ്റ്‌നാമിലെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാണ കമ്പനിയായ ഹ്യുണ്ടായിയുടെ ഫാക്ടറിയും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

ഈ ഫാക്ടറി സന്ദര്‍ശിച്ച പ്രധാനമന്ത്രി തൊഴിലാളികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിക്കുകയോ പരിഹാരം കാണാന്‍ ശ്രമിക്കുകയോ ചെയ്തില്ല. ഫാക്ടറിയുടമയുമായി സംസാരിച്ചു ഫാക്ടറി കൂടുതല്‍ വിപുലപ്പെടുത്താന്‍ പങ്കാളികളെ കണ്ടെത്തണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.

വിയറ്റ്‌നാം പ്രധാനമന്ത്രി എന്ഗുയന്‍ ഷുവാന്‍ ഫുക്ക്

ഉന്നതനിലവാരം പുലര്‍ത്തുന്ന തൊഴില്‍ശക്തിക്ക് പരിശീലനം നല്‍കാനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിക്കുകയുണ്ടായി. നവ ഉദാരവല്‍ക്കരണനയങ്ങള്‍ പിന്തുടരുന്ന എല്ലാ രാജ്യങ്ങളെയും പോലെ വിയറ്റ്‌നാമിലെ ഭരണാധികാരികളുടെയും പ്രഥമവും പ്രധാനവുമായ വിഷയം വികസനം തന്നെയാണ്. മൂലധനചൂഷണത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ അവര്‍ക്ക് വിഷയമല്ല.
രണ്ടുമൂന്നു കൊല്ലം മുമ്പ് തായ്‌വാന്‍, ചൈനീസ്, കൊറിയന്‍, ജാപനീസ്, മലേഷ്യന്‍ ഉടമസ്ഥതയിലുള്ള ഫാക്ടറികളില്‍ പണിമുടക്കും പ്രതിഷേധ സമരങ്ങളും നടന്നിരുന്നു. ഒരു തായ്‌വാന്‍ സ്റ്റീല്‍ കമ്പനിയില്‍ പ്രക്ഷോഭകാരികള്‍ വമ്പിച്ച നാശനഷ്ടങ്ങള്‍ വരുത്തി. ആ സംഭവത്തില്‍ ഇരുപത് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ബൈക്ക് സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മ്മിക്കുന്ന മാറ്റൊരു തായ്‌വാന്‍ ഫാക്ടറി തീവച്ചു നശിപ്പിക്കുകയും ഒരു ചൈനീസ് ടെക്‌നിഷ്യന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 200 തായ്‌വാന്‍ കമ്പനികളെ പ്രക്ഷോഭം ബാധിച്ചുവെന്ന് തായ്‌വാന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തി. 50 ദക്ഷിണ കൊറിയന്‍ കമ്പനികളിലും വമ്പിച്ച നാശനഷ്ടങ്ങള്‍ ഉണ്ടായി.

വിയറ്റ്‌നാം ഭരണകൂടം ഇത്തരം പ്രക്ഷോഭങ്ങളെ മുളയിലേ നുള്ളിക്കളയുകയാണ് പതിവ്. ചിലപ്പോള്‍ അതിരുകടന്നാല്‍ ക്രൂരമായി അടിച്ചമര്‍ത്തുകയും ചെയ്യും. വിദേശ വ്യവസായ-വ്യാപാര സ്ഥാപനങ്ങളെ എന്തുവിലകൊടുത്തും സംരക്ഷിക്കണമെന്ന് ഭരണകൂടം പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

 

നിയമം ലംഘിക്കുന്ന ‘ചീത്ത ആളുകള്‍’ക്ക് കഠിന ശിക്ഷ നല്‍കണമെന്ന നിര്‍ദ്ദേശമുണ്ട്. 19000 തൊഴിലാളികള്‍ ഈ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിരുന്നുവെന്നും 447 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. വിദേശി-സ്വദേശി തൊഴില്‍മേഖലകളിലെ കൂലിക്കുറവിലും ചൂഷിതാവസ്ഥയിലും തൊഴിലാളികള്‍ അസ്വസ്ഥരാണെന്ന് ഭരണാധികാരികള്‍ക്ക് നല്ല ബോധ്യമുണ്ട്. എന്നാല്‍ അതിനു പരിഹാരം കാണാന്‍ അവര്‍ നടപ്പിലാക്കുന്ന നവലിബറല്‍ നയങ്ങള്‍ പിന്തുടരുന്നിടത്തോളം സാധിക്കുകയില്ല.

കുറഞ്ഞ കൂലി നല്‍കി ലോകനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നു എന്നതുകൊണ്ടാണ് അന്താരാഷ്ട്ര കുത്തക കമ്പനികള്‍ വിയറ്റ്‌നാമിലേക്ക് വരുന്നത്. അതുകൊണ്ട് തൊഴിലാളി പ്രക്ഷോഭങ്ങള്‍ ഉടനടി അടിച്ചമര്‍ത്തുക എന്നതുമാത്രമാണ് ഭരണാധികാരികള്‍ കരണീയമായി കരുതുന്നത്. കൂടാതെ ഇത്തരം പ്രക്ഷോഭങ്ങള്‍ ഗവണ്‍മെന്റിന്‍െ നിലനില്‍പ്പിന് അപകടകരമാകാതെ നോക്കുകയും വേണം.

വിയറ്റ്‌നാമുകാരായ ചിലരോട് സംസാരിച്ചതില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത് വിദ്യാഭ്യാസം സൗജന്യമല്ല എന്നതാണ്. പണക്കാരുടെ മക്കള്‍ക്ക് ഉയര്‍ന്ന ഫീസ് നല്‍കി പഠിക്കാന്‍ ഉന്നത നലവാരമുള്ള സ്‌കൂളുകളുണ്ട്. ഇവിടെ പഠിക്കാന്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രക്ഷിതാക്കളുടെ മക്കള്‍ക്ക് കഴിയില്ല.

 

അവര്‍ക്ക് നിലവാരം കുറഞ്ഞ താരതമ്യേന കുറഞ്ഞ ഫീസ് നല്‍കി പഠിക്കാന്‍ കഴിയുന്ന വിദ്യാലയങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. കുറേപേര്‍ പഠനത്തിന്റെ പാതിവഴിയില്‍ കൊഴിഞ്ഞുപോകും. പഠിപ്പിക്കാന്‍ പണം കണ്ടെത്താന്‍ ചിലര്‍ രണ്ടു ഷിഫ്റ്റ് ജോലി ചെയ്യും. ആശുപത്രികളുടെ കാര്യവും ഇതുപോലെ തന്നെയാണ്. പാവപ്പെട്ടവര്‍ ആശ്രയിക്കുന്ന കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ക്ക് മുടക്കുന്നതിനേക്കാള്‍ ഭീമമായ തുകയാണ് ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലുകള്‍ക്ക് വേണ്ടി ചെലവഴിക്കുന്നത്.

വന്‍അഴിമതികളുടെയും ജനങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന അസ്വസ്ഥതകളുടെയും മറ്റും റിപ്പോര്‍ട്ടുകള്‍ പത്രത്താളുകളില്‍ വെളിച്ചം കാണില്ല. ഔദ്യോഗിക സെന്‍സര്‍ഷിപ്പ് നിലവിലുള്ളതാണ് കാരണം. ആഴ്ചയിലൊരിക്കല്‍ എഡിറ്റര്‍മാരെ വിളിച്ചുവരുത്തി എന്തെല്ലാം പ്രസിദ്ധീകരിക്കാം എന്നും എന്തെല്ലാം മറച്ചുവയ്ക്കണമെന്നും കര്‍ശനമായ നിര്‍ദ്ദേശം നല്‍കും. ഇത് ലംഘിക്കുന്നവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍ അടക്കം കടുത്ത ശിക്ഷാവിധികള്‍ക്ക് വിധേയരാക്കും.

ചൈന കഴിഞ്ഞാല്‍ ലോകത്തിലെ ബ്ലോഗ് എഴുത്തുകാരുടെ ഏറ്റവും വലിയ തടവറയാണ് വിയറ്റ്‌നാം. കഠിനമായ സെന്‍സര്‍ഷിപ്പ് നിയമം നിലവിലുള്ള വിയറ്റ്‌നാമില്‍ സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങള്‍ക്ക് ബ്ലോഗ് മാത്രമാണ് വേദി. അഴിമതി, പരിസ്ഥിതി പ്രശ്‌നങ്ങള്‍, രാഷ്ട്രീയസംഭവവികാസങ്ങള്‍ എന്നിവയെക്കുറിച്ച് അറിയാന്‍ ആശ്രയിക്കാവുന്നത് ബ്ലോഗ് എഴുത്തുകാരെയാണ്.

 

നിരവധി ബ്ലോഗ് എഴുത്തുകാരെ ഭരണകൂടം തടവിലാക്കിയിട്ടുണ്ട്. അറബ് വസന്തത്തിനു ശേഷം വിയറ്റ്‌നാം ഭരണകൂടം ബ്ലോഗ് എഴുത്തുകാരെയും വിമത ശബ്ദങ്ങളെയും അടിച്ചമര്‍ത്തുന്നതില്‍ അതീവ ജാഗരൂകരാണ്. 35 ബ്ലോഗ് എഴുത്തുകാര്‍ വിയറ്റ്‌നാം ജയിലുകളിലുണ്ടെന്ന് പറയപ്പെടുന്നു.

2012 ല്‍ ഒരു ബ്ലോഗ് എഴുത്തുകാരിക്ക് ഏല്‍ക്കേണ്ടി വന്ന കടുത്ത പീഡനത്തില്‍ മനംനൊന്ത് അവരുടെ അമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സോഷ്യലിസ്റ്റ് ആഭിമുഖ്യത്തോടുകൂടിയ കമ്പോള സമ്പദ്‌വ്യവസ്ഥ എന്ന വിയത്‌നാം ഭരണാധികാരികളുടെ പരസ്യവാചകം തിരുത്തി മുതലാളിത്ത ആഭിമുഖ്യത്തോടുകൂടിയ സമ്പദ് വ്യവസ്ഥ എന്നാക്കാമെന്നു തോന്നുന്നു. കമ്യൂണിസ്റ്റ് ഭരണാധികാരികള്‍ ചുകപ്പ് ക്യാപിറ്റലിസ്റ്റുകളായി മാറിയിരിക്കുന്നു.

Advertisement