കോഴിക്കോട്: അബ്ദുനാസര്‍ ഫൈസി കൂടത്തായിയെ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ സമസ്തയുടെ ശുപാര്‍ശ. നാസര്‍ ഫൈസിക്കെതിരായ പുറത്താക്കല്‍ പ്രമേയം സമസ്ത മുശാവറയുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്.
സമസ്താ നേതാക്കളെയും പണ്ഡിതരെയും അപമാനിച്ചെന്ന പരാതിയിലാണ് നടപടി. സമസ്ത കേരള ജംഇയത്തുല്‍ ഖുതബയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് നാസര്‍ ഫൈസിയെ പുറത്താക്കാന്‍ ശുപാര്‍ശയുണ്ടായത്.
എന്നാല്‍ സംഘടനയുടെ പുറത്താക്കല്‍ ശുപാര്‍ശയ്ക്ക് പിന്നാലെ നാസര്‍ കൂടത്തായി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചു. പരാതിയിൽ ആരോപിച്ച എല്ലാ കാര്യങ്ങള്‍ക്കും വ്യക്തവും കൃത്യവുമായ മറുപടിയും വിശദീകരണവും നല്‍കാന്‍ തനിക്ക് അവസരം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് നാസര്‍ ഫൈസി രാജിവെച്ചത്.
സമസ്തയുടെ നാളിതുവരേയുള്ള ആദര്‍ശ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് മാത്രമേ താന്‍ പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുള്ളുവെന്നും നാസര്‍ ഫൈസി പ്രസ്താവനയില്‍ പറഞ്ഞു.
സമസ്ത മുശാവറ അംഗങ്ങളെയും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളേയും വ്യക്തിപരമായി പോലും അധിക്ഷേപിച്ചും അവഹേളിച്ചും സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയ, സംഘടനയുടെ പ്രധാന ജവോഹിയെ കുറിച്ചും കമ്മിറ്റിയംഗത്തെ കുറിച്ചുമുള്ള തെളിവുകള്‍ ബോധ്യപ്പെടുത്താന്‍ അവസരം നല്‍കണമെന്നും നാസര്‍ ഫൈസി കൂടത്തായി അഭ്യര്‍ത്ഥിച്ചു.
എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി സംഘടനയെ ചലിപ്പിക്കാതെ മനപൂര്‍വം നിര്‍ജീവമാക്കുന്ന അവസ്ഥയാണ് നാസര്‍ ഫൈസിയുടേതെന്നാണ് ശുപാര്‍ശാ പ്രമേയത്തില്‍ പറയുന്നത്.
ഖത്തീബ് ഉസ്താദുമാര്‍ ഉള്‍പ്പടെയുള്ള ഉസ്താദുമാരെ നിസാരമാക്കുന്ന വിധത്തിലുള്ള പ്രഭാഷണങ്ങളും പ്രസ്താവനകളുമാണ് നാസര്‍ ഫൈസി നിരന്തരമായി നടത്തുന്നതെന്നും വിമര്‍ശനമുണ്ട്.
മാത്രമല്ല, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയേയും അതിന്റെ നേതാക്കളെയും അവമതിക്കുകയും നിസാരവത്കരിക്കുകയും ചെയ്തു. ഇതെല്ലാം അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന് ഒരുനിലയിലും യോഗ്യമല്ലെന്നും അദ്ദേഹത്തെ പൂര്‍ണമായും സംഘടനാ ചുമതലകളില്‍ നിന്ന് നീക്കണമെന്നുമാണ് പ്രമേയത്തില്‍ പറയുന്നത്.
Content Highlight: Recommendation to take action against Nasar Faizy; resignation followed