ഡമസ്‌ക്കസ്: വിമതരും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സിറിയയില്‍ രണ്ടാമത്തെ നഗരമായ ഹമ പിടിച്ചടക്കി വിമത സംഘം. സൈന്യവുമായി മൂന്ന് ദിവസങ്ങളിലായി നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് വിമത സംഘം നഗരം കീഴടക്കിയത്. സംഘര്‍ഷത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടതായും അതിനാല്‍ പ്രദേശത്ത് നിന്ന് പിന്മാറുന്നതായും സൈന്യം അറിയിച്ചിരുന്നു.
ഹയാത്ത് തഹ്രീര്‍ അല്‍-ഷാം (എച്ച്.ടി.എസ്) എന്ന വിമതസംഘമാണ് നഗരം പിടിച്ചത്. ഒരാഴ്ച്ചയുടെ ഇടവേളയില്‍ വിമതസംഘം പിടിച്ചെടുക്കുന്ന രണ്ടാമത്തെ നഗരമാണ് ഹമ. ഇതിന് മുമ്പ് സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ ആലെപ്പോ വിമത സംഘം കീഴടക്കിയിരുന്നു.
സംഘം ഹമ നഗരം കീഴടക്കുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. കലാപകാരികള്‍ ഹമയ്ക്ക് പുറത്തുള്ള ഒരു സൈനിക വിമാനത്താവളം പിടിച്ചെടുക്കിയിട്ടുണ്ട്. പ്രദേശത്തെ ഗവണ്‍മെന്റിന്റെ കീഴിലുള്ള ജയിലില്‍ നിന്ന് തടവുകാരെ മോചിപ്പിക്കുകയും ചെയ്തു.
അതേസമയം വിമതര്‍ ഹമയില്‍ പ്രവേശിച്ചുവെന്ന കാര്യം സിറിയന്‍ പ്രതിരോധ മന്ത്രാലയം ആദ്യം നിഷേധിച്ചിരുന്നു. സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിലേക്ക് പോകുന്ന ഒരു ഹൈവേയിലാണ് ഹമ സ്ഥിതി ചെയ്യുന്നത്. 2011 ല്‍ മുന്‍ പ്രസിഡന്റ് ഹഫീസ് അല്‍ ആസാദിനെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ നടന്നത് ഇവിടെവെച്ചായിരുന്നു.
അടുത്തത് രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഹോംസ് ലക്ഷ്യമിട്ടാണ് വിമതസംഘം നീങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹമയില്‍ നിന്ന് 40 കി.മീ അകലെയാണ് ഹോംസ്. സിറിയന്‍ പ്രസിഡന്റ് ബാഷറല്‍ ആസാദിന് ഏറെ അനുയായികള്‍ ഉള്ള നഗരമാണിത്. വിമത സംഘവും സൈന്യവും തമ്മില്‍ നടക്കുന്ന പോരാട്ടത്തില്‍ 200ലധികം പേരാണ് ഇതുവരെ സിറിയയില്‍ കൊല്ലപ്പെട്ടത്.
2020ന് ശേഷം വടക്കുപടിഞ്ഞാറന്‍ സിറിയ കണ്ട ഏറ്റവും തീവ്രമായ പോരാട്ടമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടന്നത്. ആലെപ്പോ വിമതസംഘം പിടിച്ചെടുത്തതിന് പിന്നാലെ മേഖലയില്‍ നിന്ന് പിന്‍വാങ്ങുന്നതായി സൈന്യം അറിയിച്ചിരുന്നു.
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദിനെതിരെയാണ് വിമത സംഘത്തിന്റെ കലാപം. ഡമസ്‌കസില്‍ വിമതരുടെ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്ന് സിറിയന്‍ പ്രസിഡന്റ് മോസ്‌കോയിലേക്ക് പറന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സിറിയ-തുര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള ഇദ്‌ലിബ് പ്രവിശ്യയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഏറ്റവും ശക്തമായ വിമത ഗ്രൂപ്പാണ് എച്ച്.ടി.എസ് എന്നറിയപ്പെടുന്ന ഹയാത്ത് തഹ്രീല്‍ അല്‍-ഷാം. സിറിയയും അമേരിക്കയും റഷ്യയുമടക്കമുള്ള രാജ്യങ്ങള്‍ എല്ലാംതന്നെ എച്ച്.ടി.എസിനെ ഒരു ഭീകര സംഘടനയായാണ് കണക്കാക്കുന്നത്.