ബി.ജെ.പിയില്‍ ചേര്‍ന്നതിന് അയോഗ്യനാക്കിക്കൊണ്ട് നോട്ടീസ്; സുപ്രീം കോടതിയെ സമീപിച്ച് വിമത എ.എ.പി എം.എല്‍.എ
India
ബി.ജെ.പിയില്‍ ചേര്‍ന്നതിന് അയോഗ്യനാക്കിക്കൊണ്ട് നോട്ടീസ്; സുപ്രീം കോടതിയെ സമീപിച്ച് വിമത എ.എ.പി എം.എല്‍.എ
ന്യൂസ് ഡെസ്‌ക്
Wednesday, 26th June 2019, 1:47 pm

ന്യൂദല്‍ഹി: ബി.ജെ.പിയില്‍ ചേര്‍ന്നതിന് കൂറുമാറ്റ നിരോധന നിയമപ്രകാരം നോട്ടീസ് നല്‍കിയ നടപടിയെ ചോദ്യം ചെയ്ത് എ.എ.പി എം.എല്‍.എയായിരുന്ന ദേവീന്ദര്‍ സെഹ്‌റാവത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ബി.ആര്‍ ഗവാനി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ദല്‍ഹി സെക്രട്ടറിയേറ്റാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കിക്കൊണ്ട് സെഹ്‌റാവത്തിനു നോട്ടീസ് അയച്ചത്.

ഹരജി പരിഗണിച്ച കോടതി സെഹ്‌റാവത്തിന്റെ അഭിഭാഷകന്‍ സോളി സൊറാബ്ജിയോട് ദല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് കോടതി ഹരജി വ്യാഴാഴ്ച സുപ്രീം കോടതിക്കു മുമ്പാകെ പരാമര്‍ശിക്കാന്‍ ആവശ്യപ്പെട്ടു.

മറ്റൊരു വിമത എം.എല്‍.എയായ അനില്‍ ബാജ്‌പേയിക്കെതിരെയും ദല്‍ഹി സെക്രട്ടറിയേറ്റ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എം.എല്‍.എമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് എ.എ.പി ആവശ്യപ്പെടുകയായിരുന്നു.

ബി.ജെ.പിയില്‍ ചേരാനുള്ള തീരുമാനം സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ ദല്‍ഹി നിയമസഭാ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ ഇരു എം.എല്‍.എമാരോടും ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു.