1921; കലാപമെന്ന് വിളിക്കപ്പെട്ട സാമ്രാജ്യത്വ വിരുദ്ധ സ്വാതന്ത്ര്യ സമരം
Malabar rebellion
1921; കലാപമെന്ന് വിളിക്കപ്പെട്ട സാമ്രാജ്യത്വ വിരുദ്ധ സ്വാതന്ത്ര്യ സമരം
ഡോ. പി. ശിവദാസന്‍
Wednesday, 25th August 2021, 7:54 pm
ഐതിഹാസികമായ മലബാര്‍ സമരത്തിന്റെ ഓര്‍മകള്‍ നൂറ് വര്‍ഷം പിന്നിടുന്നതിന്റെ പശ്ചാത്തലത്തില്‍ മാപ്പിളമാരെ സമരത്തിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ചും സമരത്തിന് നേരെ പിന്നീടുയര്‍ന്നുവന്ന ആരോപണങ്ങളുടെ നിജസ്ഥിതിയെക്കുറിച്ചും വിശദീകരിക്കുകയാണ് ചരിത്രാധ്യാപകനായ ലേഖകന്‍

1921 ആഗസ്ത് 20 മുതല്‍ നടന്ന ‘മലബാര്‍ കലാപം’ എന്നു വിളിക്കപ്പെട്ട മലബാര്‍ സമരത്തിന് നൂറ് വയസ്സാകുകയാണ്. വിവിധ ധാരകളുടെ നേതൃത്വത്തില്‍ നടന്ന കോളനിവാഴ്ചയ്‌ക്കെതിരായുള്ള ദേശീയ സമരത്തിലെ ഐതിഹാസികമായ ജനകീയ പോരാട്ടമായിരുന്നു ഈ സമരം. കോളനി വാഴ്ചക്കെതിരെ പതിനാറാം നുറ്റാണ്ടു മുതല്‍ മലബാറില്‍ ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെ തുടര്‍ച്ചയായിരുന്നു ഈ സമരവും.

1921ലെ പോരാട്ടത്തിന് അന്തര്‍ദേശീയ സംഭവവികാസങ്ങളും അഖിലേന്ത്യാതലത്തില്‍ ഉയര്‍ന്നുവന്ന സ്വാതന്ത്ര്യസമര മുന്നേറ്റവും സവിശേഷമായ പ്രാധാന്യം നിര്‍മിക്കുകയുണ്ടായി. മാപ്പിളമാരായ സാധാരണ ജനങ്ങളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഈ സമരത്തിന്റെ ആത്യന്തികലക്ഷ്യം കോളനിവാഴ്ചയുടെ അന്ത്യമായിരുന്നു. ശക്തമായ ചെറുത്തുനില്‍പ്പുണ്ടായതിനെത്തുടര്‍ന്ന് മലബാറിനെ മതഭ്രാന്തിന്റെ കേന്ദ്രമെന്നും ‘മദ്രാസ് പ്രസിഡന്‍സിയുടെ അയര്‍ലന്‍ഡ്’ എന്നുമാണ് സാമ്രാജ്യത്വ ഭരണകൂടം വിശേഷിപ്പിച്ചത്.

1859നുശേഷം ഇന്ത്യക്കാരില്‍ പ്രതിഷേധിക്കാന്‍ ആരുമില്ലെന്ന ബ്രിട്ടീഷ് ധാരണയെ തകിടം മറിച്ച് 1921ല്‍ മലബാറിലെ ജനങ്ങള്‍ ബ്രിട്ടീഷ് വാഴ്ചയെ വിറപ്പിക്കുകയുണ്ടായി. ആയതുകൊണ്ടാണ് മലബാര്‍ സ്പെഷ്യല്‍ പൊലീസ് എന്ന സേനയ്ക്കുപുറമെ ആധുനിക ആയുധങ്ങളേന്തിയ ആറോളം പട്ടാള കമ്പനി മലബാറിലെ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളെ പിടിച്ചെടുക്കാന്‍ രംഗത്തിറങ്ങിയത്. ദേശീയസമരത്തിന്റെ അവിഭാജ്യഘടകവുമായിരുന്നു ഈ പോരാട്ടം.

ബ്രിട്ടീഷ് സര്‍ക്കാരിനെ ഞെട്ടിച്ച ജനപങ്കാളിത്തം

ഒന്നാം ലോകയുദ്ധകാലത്തെ തൊഴിലില്ലായ്മയും ദാരിദ്ര്യവും സാധാരണ മനുഷ്യരുടെ ജീവിതം താറുമാറാക്കി. ധനസമാഹരണത്തിനായി കോളനി സര്‍ക്കാര്‍ ‘യുദ്ധഫണ്ട്’ പിരിവിനിറങ്ങിയതും പ്രചാരണത്തിനായി ‘യുദ്ധപ്രഭാഷകരെ’ നിയോഗിച്ചതും പ്രചാരണ ബോര്‍ഡുകളും പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചതും നാട്ടിലെ സ്ഥിതി ആകെ മാറ്റിമറിച്ചു. യുദ്ധ ഫണ്ട് പിരിവിനായി കോഴിക്കോട് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മലയാളത്തില്‍ സംസാരിക്കാന്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് കെ.പി. കേശവമേനോന്‍ ഇറങ്ങിപ്പോക്ക് നടത്തി.

കെ.പി. കേശവമേനോന്‍

പഞ്ചാബില്‍ നടന്ന നരവേട്ടയ്‌ക്കെതിരെ അഖിലേന്ത്യാ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത മഹാത്മാഗാന്ധി മൗലാന ഷൗക്കത്തലിയുമൊത്ത് 1920ല്‍ കോഴിക്കോട് സന്ദര്‍ശിച്ചതും ജനങ്ങളില്‍ ദേശീയബോധം വര്‍ധിപ്പിച്ചു. നിസ്സഹകരണവും ഖിലാഫത് പ്രശ്നവും കൂട്ടിയിണക്കിയ ദേശീയ സമരം ജാതി-മത വ്യത്യാസങ്ങള്‍ക്കപ്പുറം ജനങ്ങളെ ആകമാനം ഏകോപിപ്പിച്ചു.

മധ്യവര്‍ഗ ജനങ്ങളോട് സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ ഉപേക്ഷിച്ചും കോടതിയും വിദ്യാലയങ്ങളും ബഹിഷ്‌കരിച്ചും ദേശീയ സമരത്തില്‍ പങ്കാളികളാകാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. കോഴിക്കോട്ടെ ഗാന്ധിജിയുടെ പ്രസംഗം ദേശീയസമരത്തിലെ വഴിത്തിരിവായിരുന്നു.

മൗലാനാ ഷൗക്കത്തലിയെയും ഗാന്ധിജിയെയും കാണുവാന്‍ കോഴിക്കോട് നഗരത്തിലേക്ക് ഒഴുകെയെത്തിയത് ആയിരക്കണക്കിന് ജനങ്ങളാണ്. നഗരങ്ങള്‍ കേന്ദ്രകരിച്ച് പട്ടാള റിക്രൂട്ട്മെന്റുകളും പ്രചരണങ്ങളും നടന്നത് ജനങ്ങളുടെ കാഴ്ചപ്പാടിനെ സ്വാധീനിച്ചു കൊണ്ടിരുന്നു.

മഹാത്മാഗാന്ധി

‘മാജിക് ലാന്റേണ്‍’ എന്ന റാന്തല്‍ പ്രദര്‍ശനങ്ങളും ടെന്റ് സിനിമകളും ലോകയുദ്ധത്തെ മലബാറിലെ നിവാസികളുടെ കണ്‍മുന്നില്‍ എത്തിച്ചു. ഫണ്ടിലേക്ക് ജന്‍മിമാരും സാമ്രാജ്യത്ത ദാസന്‍മാരും കുടിയാന്‍മാരെയും നികുതിയെയും ഉപയോഗപ്പെടുത്തി വന്‍തുകകള്‍ സംഭാവന നല്‍കി. ദൈനംദിന ജീവിതത്തിലെ പ്രയാസങ്ങള്‍ക്കുപരിയായി ‘യുദ്ധഫണ്ട്’ ദുരിതത്തിലാക്കിയത് ചെറുകിട കുടിയാന്‍മാരെയാണ്. ഈ ജനവിഭാഗത്തെ സംഘടിപ്പിക്കുവാന്‍ തുടങ്ങിയത് ‘മലയാള സംസ്ഥാന സ്വയഭരണ ലീഗ്’ എന്ന മലബാറിലെ ഹോംറുള്‍ പ്രവര്‍ത്തകരാണ്.

ലഘുലേഖകളുടെ വിതരണവും വീടുവീടാന്തരം പ്രചരണവും മലബാറില്‍ രാഷ്ട്രീയ ഉദ്ദേശത്തോടെ തുടങ്ങിവച്ചത് ഈ സ്വയംഭരണ വാദികളാണ്. 1916ല്‍ പാലക്കാട് ചേര്‍ന്ന ഒന്നാം മലബാര്‍ രാഷ്ട്രീയ സമ്മേളനവും പിന്നീട് വര്‍ഷം തോറും കോഴിക്കോട് തലശ്ശേരി വടകര മഞ്ചേരി എന്നിവിടങ്ങളില്‍ നടന്ന രാഷ്ട്രീയ സമരങ്ങളും ഹോംറൂള്‍ പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നു.

മൗലാന ഷൗക്കത്തലി

മഞ്ചേരിയില്‍ 1920 ഏപ്രില്‍ മാസത്തില്‍ നടന്ന അഞ്ചാമത് മലബാര്‍ ജില്ലാ രാഷ്ട്രീയ സമ്മേളനം സാധാരണ മനുഷ്യരുടെയും മധ്യവര്‍ഗ വിഭാഗത്തിന്റെയും മേധാവിത്തത്തിന് തുടക്കമിട്ടു. ആനി ബസന്റും ഭൂപ്രഭുക്കന്‍മാരും ഈ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപോയത് ഒരു യുദ്ധത്തിന്റെ അന്ത്യമായിരുന്നു. ചേറുമണക്കുന്ന മാപ്പിളമാര്‍ പ്രതിനിധികളായി ചേര്‍ന്ന മഞ്ചേരി സമ്മേളനം സാമ്രാജ്യത്ത സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുക മാത്രമല്ല ജന്മി കുടിയാന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുകയും ചെയ്തു. എം.പി. നാരായണ മേനോന്‍, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, കെ.പി. കേശവമേനോന്‍, കെ. മാധവന്‍ നായര്‍ തുടങ്ങിയവരാണ് സാധാരണ ജനങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചത്.

യുദ്ധമുഖത്തുനിന്ന് തിരിച്ചെത്തിയ പട്ടാളക്കാരും ചെറുകിട കുടിയാന്മാരും യുവാക്കളും പങ്കെടുത്ത നിരവധി യോഗം കോഴിക്കോട് നഗരത്തില്‍ നടന്നു. 1917-ലെ രണ്ടാം മലബാര്‍ ജില്ലാ സമ്മേളനത്തിന് സര്‍ക്കാര്‍ കോഴിക്കോട് മാനാഞ്ചിറ മൈതാനം അനുവദിച്ചില്ല. സര്‍ക്കാരിന്റെ അധികാരശക്തി പ്രകടിപ്പിക്കാന്‍ പട്ടാള മാര്‍ച്ച് നടക്കുന്നതിന് ബദലായി ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുത്ത റാലികള്‍ നഗരത്തില്‍ നടന്നു.

യുവാക്കളുടെ വര്‍ധിച്ച പങ്കാളിത്തമായിരുന്നു ഈ ജനമുന്നേറ്റങ്ങളുടെ പുതുസ്വഭാവം. യുദ്ധകാലത്ത് മലബാറിലെ തൊഴിലാളികളില്‍ സര്‍ക്കാര്‍ വിരുദ്ധ മനോഭാവം വര്‍ദ്ധിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായി. ദാരിദ്ര്യവും പട്ടിണിയുമായിരുന്നു അവരെ തെരുവിലിറക്കിയത്. നാലണ കൊടുത്താല്‍ ഖിലാഫത്ത്-കോണ്‍ഗ്രസ് മുന്നേറ്റങ്ങളില്‍ പങ്കാളികളാവാമെന്നത് ജനങ്ങള്‍ വിനിയോഗിക്കുവാന്‍ തുടങ്ങി. യുദ്ധകാലത്തെ അഭ്യൂഹങ്ങള്‍ ജനങ്ങളെ വളരെയധികം സ്വാധീനിച്ചിരുന്നു.

ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടന്‍ ജര്‍മ്മന്‍ നിയന്ത്രണത്തിലായെന്നും ബ്രിട്ടന്‍ പലമേഖലകളിലും പരാജയപ്പെട്ടെന്നും അഭ്യുഹങ്ങളുയര്‍ന്നിരുന്നു. ജര്‍മ്മന്‍ മുങ്ങിക്കപ്പലായ ‘എംഡന്‍’ മലബാര്‍ തീരത്ത് അക്രമണം നടത്താന്‍ പോകുന്നുവെന്ന അഭ്യുഹവും ഇക്കാലത്തുണ്ടായി. ഇതിന്റെയെല്ലാം അവസാനത്തിലാണ് ബ്രിട്ടിഷ് സര്‍ക്കാര്‍ മലബാറില്‍ പൊതുയോഗങ്ങള്‍ക്കും ജനങ്ങള്‍ കൂടിചേരുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പത്രവാര്‍ത്തകളറിയുന്നതിനും പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നതിനും ജനങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഖിലാഫത്ത്-നിസ്സഹകരണ പ്രചാരണത്തിനായി യാക്കുബ് ഹസ്സന്‍ കോഴിക്കോടെത്തുമെന്നറിഞ്ഞതിനെ സര്‍ക്കാര്‍ നേരിട്ടത് നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ടാണ്.

എം.പി. നാരായണ മേനോന്‍

ഇതിനെ അവഗണിച്ച് നിരവധി ജനങ്ങള്‍ നഗരത്തിലെത്തി. പൊന്‍മാടത്ത് മൊയ്തീന്‍ കോയ, യാക്കുബ് ഹസ്സന്‍, കെ. മാധവന്‍ നായര്‍, യു. ഗോപലന്‍ മേനോന്‍ എന്നിവരെ, സര്‍ക്കാര്‍ നിയമം ലംഘിച്ചതിന് അറസ്റ്റു ചെയ്ത് ആറുമാസം തടവിനു വിധിച്ചു. ഈ ആദ്യ രാഷ്ട്രീയ അറസ്റ്റിനെതിരെ പതിനായിരക്കണക്കിന് ജനങ്ങള്‍ കോഴിക്കോട് നഗരത്തില്‍ പ്രതിഷേധ ജാഥയും ഹര്‍ത്താലും അനുഷ്ഠിച്ചു. 1920 ആഗസ്റ്റ് 15ന് അവരെ ജയിലില്‍ നിന്നു വിട്ടയച്ചപ്പോള്‍ കോഴിക്കോട് നഗരം സ്വീകരണമൊരുക്കിയത് വമ്പിച്ച ജനാവലിയായാണ്. ഇതേ തരത്തിലാണ് 1921ല്‍ നടന്ന ഒറ്റപ്പാലം സമ്മേളനത്തിലും ജനപങ്കാളിത്തം പ്രത്യക്ഷപെട്ടത്. പലയിടങ്ങളിലും ജനങ്ങളും പൊലീസും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി. നാട്ടിലാകമാനം കോണ്‍ഗ്രസ്-ഖിലാഫത്ത് കമ്മിറ്റി പെരുകുന്നതിനൊപ്പം കുടിയാന്‍ സംഘങ്ങളും സ്ഥാപിക്കപ്പെട്ടു. സാമ്രാജ്യത്വ വിരുദ്ധതക്കൊപ്പം ചെറുകിട കുടിയാന്മാരും കര്‍ഷകരും ജന്‍മിമാരുടെ ദുര്‍ഭരണത്തെയും ചൂഷണത്തെയും എതിര്‍ക്കുവാന്‍ തുടങ്ങി.

അധികാരികളും ജന്മിമാരും നികുതിയും യുദ്ധഫണ്ടും പിരിച്ചിരുന്നത് സാമ്രാജ്യത്യ പൊലീസിന്റെ സഹായത്തോടെയാണ്. ദാരിദ്ര്യത്തിനും കെടുതിക്കും കാരണം സാമ്രാജ്യത്വ സര്‍ക്കാരും ജന്മിത്തവുമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ മാപ്പിള കര്‍ഷകരുടെ സമരമുന്നേറ്റത്തില്‍ പ്രധാനമായും അക്രമിക്കപ്പെട്ടത് യൂറോപ്യന്മാര്‍ നടത്തിയിരുന്ന തോട്ടങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പൊലീസ് സ്റ്റേഷനുകളും ആയിരുന്നു.

സമരത്തിന്റെ ലക്ഷ്യം പൂര്‍ണസ്വാതന്ത്ര്യം

സ്വയംഭരണം ലഭിക്കുമെന്ന പ്രതീക്ഷ ഇന്ത്യന്‍ പ്രഭുത്വത്തെയും സമ്പന്ന വര്‍ഗത്തെയും സന്തോഷിപ്പിച്ചിരുന്നു. എന്നാല്‍, സ്വയം ഭരണമല്ല പൂര്‍ണസ്വാതന്ത്ര്യമാണ് മലബാര്‍ സമരം ലക്ഷ്യംവച്ചത്. ഇക്കാലത്താണ് ഹസ്രത്ത് മൊഹാനി അഹമ്മദാബാദ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇന്ത്യക്ക് പൂര്‍ണസ്വാതന്ത്ര്യം നേടലാണ് നമ്മുടെ ലക്ഷ്യമായിരിക്കേണ്ടതെന്ന് വാദിച്ചത്. നിസ്സഹകരണവാദികള്‍ മലബാര്‍സമരത്തെ തള്ളിപ്പറഞ്ഞപ്പോള്‍, സമര വീര്യം കെടാതെ ബ്രിട്ടീഷ് സര്‍ക്കാരിനെ നേരിടാനാണ് മാപ്പിളമാരും കര്‍ഷകരും തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ വിജയം കണ്ട പോരാട്ടം ഏറനാടും വള്ളുവനാടും ബ്രിട്ടീഷ് വാഴ്ചയില്‍നിന്ന് മോചിപ്പിക്കപ്പെട്ടതായി പ്രഖ്യാപിക്കുകയും അവിടെ ബദല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. കോളനിവാഴ്ചയുടെ അന്ത്യം അഥവാ പൂര്‍ണ സ്വാതന്ത്ര്യമായിരുന്നു 1921ലെ സമരത്തിന്റെ ലക്ഷ്യം. ആലി മുസ്ലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമാണ് ഈ ബദല്‍ സര്‍ക്കാരിനെ നയിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്വാതന്ത്ര്യസമരത്തിന്റെ ലക്ഷ്യം പൂര്‍ണ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ചത് 1929ല്‍ മാത്രമായിരുന്നു.

ഹസ്രത്ത് മൊഹാനി

ഹിന്ദുവിരുദ്ധത എന്ന തെറ്റായ പ്രചരണം

ബ്രിട്ടീഷ് സര്‍ക്കാരും സഹകാരികളായ ചിലരുമാണ് മാപ്പിളപ്പോരാട്ടങ്ങള്‍ക്ക് വര്‍ഗീയസ്വഭാവം ആക്ഷേപിച്ചത്. സമരനേതാക്കന്‍മാരെല്ലാം അത്തരം സമീപനം പുലര്‍ത്താത്തവരും വര്‍ഗീയ വിഭജനത്തിനായുള്ള കുത്സിത ശ്രമങ്ങളെ എതിര്‍ക്കുന്നവരുമായിരുന്നു. ദേശീയ തലത്തില്‍ ലഖ്നൗ സമ്മേളനത്തെ തുടര്‍ന്ന് ഉയര്‍ന്നുവന്ന ഹിന്ദു-മുസ്ലീം മൈത്രിയുടെ പശ്ചാത്തലത്തിലാണ് മലബാറിലും നിസ്സഹകരണ, ഖിലാഫത്ത് പ്രസ്ഥാനങ്ങള്‍ സജീവമായത്, ഈ സമരത്തിന്റെ സൂത്രധാരന്‍ എം.പി. നാരായണ മേനോനാണെന്നായിരുന്നു ബ്രിട്ടീഷ് കണ്ടെത്തല്‍. അദ്ദേഹത്തെ ബ്രിട്ടനെതിരെ യുദ്ധത്തിന് ശ്രമിച്ചെന്ന പേരില്‍ പതിനാല്‍ വര്‍ഷമാണ് തുറുങ്കിലടച്ചത്. സമാന രീതിയില്‍ മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും ശിക്ഷയ്ക്ക് വിധേയനായി.

പാണ്ടിക്കാട്ടെ നമ്പീശന്‍ സഹോദരങ്ങളും മണ്ണാര്‍ക്കാട് മൂപ്പില്‍ ഇളയ നായരും ബ്രിട്ടീഷുകാരുടെ ശത്രുത പിടിച്ചുപറ്റിയത് മാപ്പിള സമരത്തോട് അനുഭാവം പ്രകടിപ്പിച്ചതുകൊണ്ടാണ്. മാപ്പിളമാരോടും മറ്റ് സാധാരണ കുടിയാന്മാരോടും ഇടപഴകി ജീവിച്ച എം.പി. നാരായണമേനോനെ ‘മാപ്പിള മേനോന്‍’ എന്നാണ് അധികാരികള്‍ കളിയാക്കിയിരുന്നത്. കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും എം.പി. നാരായണമേനോന്റെ ഉറ്റമിത്രങ്ങളായിരുന്നു. നവംബര്‍ 19ന് നടന്ന വാഗണ്‍ കൂട്ടക്കൊലയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കിടയില്‍ ഹിന്ദു വിഭാഗക്കാരുണ്ടായിരുന്നത് ഈ സമരത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നുണ്ട്.

വാരിയന്‍ക്കുന്നത്തിന്റെ പട്ടാളത്തില്‍ മുഖ്യസ്ഥാനം വഹിച്ചിരുന്ന മുന്‍പട്ടാളക്കാരനായിരുന്ന താമി ഹിന്ദു വിഭാഗത്തില്‍ പെട്ട ആളായിരുന്നു. അകാലത്ത് പട്ടാളക്കാരനായിരുന്ന സര്‍ദാര്‍ ചന്ദ്രോത്തിന്റെ വിവരണമനുസരിച്ച് വാരിയന്‍കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ പട്ടാളത്തില്‍ അഞ്ഞുറിലധികം ഹിന്ദുവിഭാഗക്കാരുണ്ടായിരുന്നു.

അധികാരമേറ്റ ശേഷം തന്റെ ലക്ഷ്യം ഹിന്ദുമത വിശ്വാസികളെക്കൂടി സംരക്ഷിക്കലാണെന്നും അല്ലാതെ അവരെ ഉപദ്രവിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍ക്കുമെന്നും വാരിയന്‍കുന്നത്ത് പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടീഷ് പട്ടാള നടപടിക്കാലത്ത് ഒളിവുജീവിതം നയിക്കുന്ന ഘട്ടത്തില്‍ വാരിയന്‍കുന്നത്ത്് കുഞ്ഞഹമ്മദ് ഹാജിക്കും സഹായികള്‍ക്കും സംരക്ഷണം നല്‍കിയതും ഭക്ഷണം എത്തിച്ചിരുന്നതും ആദിവാസികളും ചെറുമവിഭാഗത്തില്‍പ്പെട്ടവരുമായിുന്നു. ആ പ്രവൃത്തിയുടെ പേരില്‍ കുറേ പേരെ ബ്രിട്ടീഷ് പട്ടാളം നിലമ്പൂരില്‍ പിടികൂടിയപ്പോള്‍, ആ ക്യാമ്പ് അക്രമിച്ച് തന്റെ അനുയായികളെ മോചിപ്പിക്കുവാന്‍ വാരിയന്‍കുന്നത്തിന് കഴിഞ്ഞിരുന്നു. വാരിയന്‍കുന്നത്ത് ഇസ്ലാം മത വിശ്വാസികള്‍ക്ക് അമീറും ഹിന്ദുമതക്കാര്‍ക്ക് രാജാവും ഖിലാഫത്ത് വളണ്ടിയര്‍മാര്‍ക്ക് കേണലുമായിരുന്നു. സമരത്തെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതും അക്രമപ്രവര്‍ത്തനങ്ങളിലേക്ക് നയിച്ചതും സാമൂഹ്യവിരുദ്ധരും മുതലെടുപ്പുകാരുമായിരുന്നു. സാമ്രാജ്യത്വ ഭരണകൂടം ഇത്തരം സംഭവങ്ങളെ പെരുപ്പിച്ചു കാട്ടി ഈ സമരത്തെ വര്‍ഗീയ മുന്നേറ്റമാക്കുന്നതിന് കൊണ്ടു പിടിച്ച ശ്രമം നടത്തുകയും ചെയ്തു.

ബോള്‍ഷെവിക് ഖിലാഫത്തുകാര്‍

മലബാര്‍ സമരത്തെ സ്വാധീനിച്ച പ്രധാന മുന്നേറ്റമായിരുന്നു റഷ്യയില്‍ നടന്ന ബോള്‍ഷെവിക് വിപ്ലവം. സമഷ്ടിവാദമെന്ന പേരില്‍ 1906 മുതല്‍ തന്നെ മലയാള ഭാഷയില്‍ സോഷ്യലിസം സ്വാധീനം ചെലുത്തിത്തുടങ്ങിയിരുന്നു. കെ.രാമകൃഷ്ണ പിള്ള, സഹോദരന്‍ അയ്യപ്പന്‍, കെ.എം. പണിക്കര്‍, അമ്പാടി നാരായണമേനോന്‍ തുടങ്ങിവര്‍ നൂതനയുഗത്തിന് കാരണമായേക്കാവുന്ന സോഷ്യലിസത്തിന് മലയാള മണ്ണിലേക്ക് സ്വാഗതമരുളിയിരുന്നു.

റഷ്യന്‍ വിപ്ലവം നടന്നതോടെ ബ്രിട്ടീഷ് ഭരണകൂടം സോഷ്യലിസ്റ്റ് പ്രചരണങ്ങള്‍ക്കുമേല്‍ രഹസ്യ നിരീക്ഷണം ഏര്‍പ്പെടുത്തി. ലോകത്തിലാകമാനം വ്യാപിച്ച ഖിലാഫത്ത് മുന്നേറ്റം ബോള്‍ഷെവിക് പ്രചാരണമാണെന്ന് സര്‍ക്കാര്‍ ഭയപ്പെട്ടിരുന്നു. കേരളത്തിലെ അക്കാലത്തെ ഭരണധികാരികള്‍ക്ക് ബ്രിട്ടിഷ് സര്‍ക്കാര്‍ ‘ബോള്‍ഷെവിക്ക്’ ഭീഷണി’ എന്ന തലക്കെട്ടില്‍ കത്തയക്കുകയും ഖിലാഫത്ത് ബോള്‍ഷെവിക്കുകളെ നിരീക്ഷിച്ച് നടപടി എടുക്കുവാന്‍ നിര്‍േദശം നല്‍ക്കുകയും ചെയ്തിരുന്നു.

‘റഷ്യന്‍ മഹാരാജ്യത്തിന്റെ സ്വാതന്ത്രലാഭം’ എന്നാണ് മലയാള മാസികയായ പൗരന്‍ റഷ്യന്‍ വിപ്ലവത്തെ വ്യാഖ്യനിച്ചത്. ഇക്കാലത്ത് മലബാറില്‍ വേരോട്ടം നേടിയ ഹോംറൂള്‍ പ്രസ്ഥാനത്തെയും സര്‍ക്കാര്‍ ബോള്‍ഷെവിക് യത്നമായി കാണുകയും വീടുവിടാന്തരം കയറിയിറങ്ങുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ ബോള്‍ഷെവിക് ഹോംറൂളേഴ്സ് എന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്വയംഭരണ പ്രക്ഷോഭകര്‍ വിതരണം ചെയ്തിരുന്ന ഒരു ലഘുലേഖയുടെ പേര് ‘സന്ധ്യാകാലത്തിന്റെ രാഷ്ട്രീയം: റഷ്യയില്‍ നിന്നുള്ള സന്ദേശം’ എന്നതായിരുന്നു.
1920-21 കാലത്തെ മലബാര്‍ സമരത്തിന്റെ പശ്ചാത്തലമൊരുക്കുന്നതില്‍ റഷ്യയില്‍ നേടിയെടുത്ത തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിജയം സ്വാധീനം ചെലുത്തിയതായി കാണാം.

മലബാര്‍ സമരവും ഇടതുപക്ഷവും

അബാനി മുഖര്‍ജിയെ പോലുള്ളവരും റഷ്യന്‍ നേതാക്കളും മാപ്പിള പോരാട്ടത്തിന്റെ സാമ്രാജ്യത്വ വിരുദ്ധവും കര്‍ഷികവുമായ സ്വഭാവത്തെ അന്വേഷിക്കുവാന്‍ ശ്രമിച്ചിരുന്നു. സിവില്‍ നിയമലംഘന സമരകാലത്ത് കോഴിക്കോട്ടെ പുരേഗമനവാദികളുടെ താരാ കലസമിതി 921 എന്ന ചരിത്ര സംഗീനാടകത്തിലൂടെ മലബാര്‍ സമരത്തെ വേദികളില്‍ അവതരിപ്പിച്ചിരുന്നു. ദേശീയ പ്രസ്ഥാനം ജനകീയമായി പുരോഗമിച്ചതോടെ മാപ്പിള പോരാട്ടത്തിന്റെ വീരസ്മരണ ഓര്‍ത്തെടുക്കുവാന്‍ തുടങ്ങി.

1931ല്‍ വടകരയില്‍ ചേര്‍ന്ന രാഷ്ട്രീയ സമ്മേളനത്തില്‍ എം.പി നാരായണമേനോന്റെ സംഭാവനകള്‍ സ്മരിക്കപ്പെട്ടു. അന്നും നാരായണമേനോന്‍ ജയിലിലടക്കപ്പെട്ട സ്ഥിതിയിലായിരുന്നു. വാഗണ്‍ കൂട്ടക്കൊല ഓര്‍ക്കുവാനും ഈ സംഭവത്തിലെ ജീവന്‍ വെടിഞ്ഞ ധീരന്‍മാര്‍ക്ക് ദേശീയ സ്മാരകമുണ്ടാക്കുന്നതും വടകര സമ്മേളനം ആഹ്വാനം ചെയ്തു. കോണ്‍ഗ്രസ് സോഷ്യലിസറ്റ് പ്രവര്‍ത്തകര്‍ മലബാര്‍ പോരാട്ടത്തെ മുഖ്യധാരയിലെത്തിക്കുന്നതിന് ‘ആന്തമാന്‍ ദിനം’ ആചരിച്ചിരുന്നു.

അബാനി മുഖര്‍ജി

ആന്തമാന്‍ ജയിലുകളില്‍ നരകയാതന അനുഭവിക്കുന്ന മാപ്പിള പോരാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യപിക്കുവാനായിരുന്നു ഇത്. സൗമ്യേന്ദ്രനാഥ് ടാഗോര്‍ മാപ്പിള സമരത്തിന്റെ കാര്‍ഷിക സ്വഭാവത്തെകുറിച്ച് ലേഖനമെഴുതുകയും സമരപഥത്തിലെ യുവാക്കള്‍ സ്വാതന്ത്ര്യസമര രംഗത്തേക്ക് മലബാര്‍ പോരാട്ടം ഉന്നയിച്ച സാമ്രാജ്യത്വ ജന്‍മിവിരുദ്ധ പ്രശ്നങ്ങള്‍ വീണ്ടുമെത്തിക്കുകയും ചെയ്തു.

മാപ്പിള പോരാട്ടത്തെ അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കിയ ഹിച്ച്ക്കോകിന് മലപ്പുറം വള്ളുവമ്പ്രത്ത് സ്ഥാപിച്ച സമാരകത്തിനെതിരെ മുഹമ്മദ് അബദുറഹ്മാന്‍ സാഹിബും ഇ.എം.എസ് നമ്പൂതിരിപ്പാടും നയിച്ച പ്രതിഷേധവും അക്കാലത്ത് ‘മലബാറില്‍ വീരമക്കളെ’ കുറിച്ച് കമ്പളത്ത് ഗോവിന്ദന്‍നായര്‍ എഴുതിയ സമരഗാനമായ പടപ്പാട്ടും ഈ ധീരസമരത്തിന്റെ ഓര്‍മ്മകളെ ആളിക്കത്തിച്ചു. ഇതില്‍ വ്യാപൃതരായ നേതാക്കള്‍ക്കെതിരെയെല്ലാം സാമ്രാജ്യത്വ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു. സാമ്രാജ്യത്വ വാഴ്ചയും ജാതിജന്‍മിത്തത്തിന്‍ കീഴിലെ ദുര്‍ഭരണവുമാണ് മലബാറിലെ സാധാരണക്കാരുടെ ദുരിതജീവിതത്തിനു കാരണമെന്ന് സ്വാതന്ത്ര്യസമരം തിരിച്ചറിഞ്ഞു.

1946 ആഗസ്റ്റ് 18,19 തിയ്യതികളില്‍ കോഴിക്കോടു ചേര്‍ന്ന കേരളത്തിലെ കമ്യുണിസ്റ്റ് പാര്‍ട്ടി സമിതിയുടെ സംയുക്ത യോഗം മലബാര്‍ സമരത്തിന്റെ 25ാമത് വാര്‍ഷികം പ്രമാണിച്ച് ‘ആഹ്വാനവും താക്കീത’ുമെന്ന പ്രസ്താവന പുറത്തിറക്കി. മാപ്പിള പോരാളികളെ അഭിവാദ്യം ചെയ്യുന്ന ഈ പ്രസ്താവന പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ദേശാഭിമാനി പത്രത്തിനെതിരെ ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമനടപടി സ്വീകരിച്ചു. എല്ലാ പാര്‍ട്ടികളോടും സമുദായങ്ങളോടും 1921ന്റെ ആഹ്വാനവും താക്കീതും ഉള്‍ക്കൊള്ളുവാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഇ.എം.എസ് തയ്യാറാക്കിയ ഈ പ്രസ്താവന പുറത്തുവന്നത്. 1957ലെ ഐക്യകേരളത്തിലെ ആദ്യ സര്‍ക്കാര്‍ കുടിയൊഴിപ്പിക്കല്‍ നിര്‍ത്തലാക്കിയതിനും കാര്‍ഷിക പരിഷ്‌കാരം നടപ്പിലാക്കുവാന്‍ നടപടികള്‍ കൈക്കൊണ്ടതിനും പിന്നില്‍ മലബാര്‍ സമരം പകര്‍ന്നു നല്‍കിയ ഊര്‍ജമുണ്ടായിരുന്നു.

ഇ.എം.എസ്

കനലെരിയുന്ന കാലം

മലബാറിലെ മാപ്പിളമാര്‍ നടത്തിയ പോരാട്ടം അടിവേരോടെ ഇല്ലാതാക്കിയെന്ന് അഹങ്കരിച്ച സാമ്രാജ്യത്വ സര്‍ക്കാരിന് ഈ സമരത്തെ എന്നും ഭയമായിരുന്നു. ജനകീയപോരാട്ടം തുടങ്ങിയ സമയത്തു തന്നെ ബ്രീട്ടിഷ് സര്‍ക്കാര്‍ പ്രചാരണ വകുപ്പ്, ഈ സമരത്തിനെതിരെ പ്രചാരണം നടത്തുന്നതിന് ‘മലബാര്‍ റബല്യണ്‍ ഫിലിം’ എന്ന ഡോക്യുമെന്ററി സിനിമ തയ്യാറാക്കുവാന്‍ തുടങ്ങി. ബാംഗ്ലൂരിലെ പട്ടാള വിഭാഗം തയ്യാറാക്കിയ മുപ്പത് മിനുറ്റ് ദൈര്‍ഘ്യമുള്ള ഈ സിനിമ തമിഴ് ഇംഗ്ലീഷ് ടൈറ്റിലുകളോടെയാണ് മലബാറിന് പുറത്ത് ഇന്ത്യയിലാകമാനവും യുറോപ്പിലും പ്രദര്‍ശിപ്പിക്കപ്പെട്ടത്.

മലബാര്‍ സമരം ഹിന്ദുവിരുദ്ധ പോരാട്ടമാണെന്നും ബ്രീട്ടിഷ് പട്ടാളം ആ വര്‍ഗീയ സമരത്തെ അടിച്ചമര്‍ത്തിയെന്നും കാണികളെ മനസ്സിലാക്കുന്ന തരത്തില്‍ തയ്യാറാക്കിയ ആസൂത്രിത സിനിമയായിരുന്നു ഇത്. 1921നു ശേഷം മലബാര്‍ പോരാട്ടം വീണ്ടും ആവര്‍ത്തിക്കാന്‍ ശ്രമിച്ചുവെന്ന പേരില്‍ മാപ്പിളമാരെ അറസ്റ്റ് ചെയുകയും ഗ്രാമങ്ങളെ ഭയപ്പെടുത്തുകയും ചെയ്തിരുന്നു. വീരന്‍മാരുടെ ഖബറിടങ്ങള്‍ സന്ദര്‍ശിക്കുന്നതും സര്‍ക്കാര്‍ വിലക്കി. സമരകാലത്ത് സാമ്രാജ്യത്വ സേവനം ചെയ്തതിന് ഹിച്ച്കോക്കിനും സഹകാരികള്‍ക്കും വന്‍തുകകളാണ് നഷ്ടപരിഹാരമായി ലഭിച്ചത്. അത്തരക്കാരുടെ സ്മരണ നിലനിര്‍ത്തുന്നതിന് ഓര്‍മ്മസ്മാരകങ്ങളും പണിയുകയുണ്ടായി. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി 1921 ഉയര്‍ത്തിയ സാമ്രാജ്യത്ത വിരോധം കനലായി മറ്റൊരു വിമോചന പോരാട്ടം പ്രതീക്ഷിച്ച് എരിയുകയാണുണ്ടായത്.

പരാജയപ്പെട്ട വര്‍ഗ്ഗീയ പ്രചരണം

മലബാര്‍ സമരം വര്‍ഗ്ഗീയ സമരവും മതഭ്രാന്തിന്റെ ഉല്‍പന്നവുമാണെന്ന് പ്രചരിപ്പിക്കുവാന്‍ തുടങ്ങിയത് ബ്രിട്ടീഷ് അധികാരികളാണ്. ഇതിന് പത്തൊമ്പതാം നുറ്റാണ്ടിലുടനീളം തെളിവുകളുണ്ട്. ഏറനാട്, വള്ളുവനാട് കേന്ദ്രങ്ങളെ ‘മതഭ്രാന്തിന്റെ കേന്ദ്ര’ മെന്നാണ് അവര്‍ പരാമര്‍ശിച്ചത്. 1921 നവംബര്‍ മാസത്തോടെ ‘മലബാര്‍ റബല്യണ്‍ ഫിലിം’ തയ്യാറാക്കിയതിന്റെ ഉദ്ദേശവും ലോകത്തിലാകമാനം മലബാറില്‍ മാപ്പിളമാര്‍ ഹിന്ദു വിരുദ്ധ വേട്ട നടത്തുന്നു എന്നു പ്രചരിപ്പിക്കുവാനായിരുന്നു.

ഇത് നിരവധി പേരെ തെറ്റിദ്ധരിപ്പിക്കുകയും ആ തെറ്റായ ധാരണ കുമാരാനാശാന്റെ ദുരവസ്ഥയിലും കൊച്ചിയില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട ‘മലബാര്‍ കലാപം: ശിതങ്കന്‍ തുള്ളല്‍’ പോലുള്ള കൃതികളിലും പ്രത്യക്ഷപ്പെടുകയും ചെയ്തു. ബ്രിട്ടീഷ് സര്‍കാരുമായി സഹകരിച്ച് വടക്കെ ഇന്ത്യയില്‍ നിന്നുവന്ന ആര്യസമാജക്കാരും മറ്റ് സംഘടനകളും ദുരിതാശ്വാസ പ്രവര്‍ത്തനമെന്നപേരില്‍ വലിയ ധനാസമാഹരണം നടത്തുകയുണ്ടായി. വടക്കെ ഇന്ത്യയിലാണ് ഈ പ്രചരണം നടന്നത്.

മലബാറില്‍ നടന്ന പോരാട്ടം ‘മാപ്പിള ലഹള’ യാണെന്ന ബ്രിട്ടീഷ വാദം ഇവര്‍ ആവര്‍ത്തിക്കുകയും ആ നിലപാടിലുറച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. മലബാര്‍ സമരം ഉന്നയിച്ച സാമ്രാജ്യത്വവിരുദ്ധ വികാരം വഴിതിരിച്ചുവിടുകയായിരുന്നു ഈ പ്രചരണങ്ങളുടെ ലക്ഷ്യം. ഈ കാലത്ത് കേരളത്തിലെ ആര്യസമാജം പ്രസിദ്ധീകരിച്ച ‘സ്വാമി ദയാനന്ദ സരസ്വതി’ എന്ന പുസ്തകത്തിലെ ഒരു പ്രധാന വാചകം ഇതായിരുന്നു. ‘the tragic events of the mopla rebellion are still fresh in the minds of the public, and it will take considerable time to target the most humiliating story of thousands of hindus forcibly converted to islam’. ദുഷ്ടാലാക്കോടെ നടത്തിയ സാമ്രാജ്യത്ത നിര്‍മ്മിത വര്‍ഗ്ഗീയ പ്രചാരണത്തിന്റെ ലക്ഷ്യം സമുഹത്തെ ഛിന്നഭിന്നമാക്കലായിരുന്നു അതുവഴി ഇതര പ്രദേശങ്ങളില്‍ മുതലെടുപ്പ് നടത്തുകയും ചെയ്തു. ഇതെല്ലാം തെളിയിക്കുന്നത് വര്‍ഗ്ഗീയ പ്രചാരകരുടെ ലക്ഷ്യം കോളനിവാഴ്ചയുടെ അന്ത്യമായിരുന്നില്ല എന്നാണ്. പ്രതീക്ഷക്ക് വിരുദ്ധമായി ഏറനാട്ടിലും വള്ളുവനാട്ടിലും വര്‍ഗീയ വിഷം ജനമനസ്സുകളിലേക്കെത്തിക്കുവാന്‍ സാമ്രാജ്യത്വ ശക്തികള്‍ക്കോ വര്‍ഗ്ഗീയ വാദികള്‍ക്കോ ഇന്നോളം സാധിച്ചില്ല എന്നതു ശ്രദ്ധേയമാണ്.

1921 ലെ പാണ്ടിക്കാട്. ഫോട്ടോ: എഡ്വേര്‍ഡ് ഷാംബ്രേ ഹാര്‍ഡ്മന്‍

സമരം നല്‍ക്കുന്ന സന്ദേശം

നിരക്ഷരരും നിരായുധരുമായ സാധുകൃഷിക്കാരുടെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടമായിരുന്നു മാപ്പിള ലഹള എന്നാക്ഷേപിക്കപ്പെട്ട മലബാര്‍ സമരം. നഗര-ഗ്രാമ പ്രദേശത്തെ ജനങ്ങള്‍ പ്രത്യേക സാഹചര്യത്തില്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതാണ് ഈ സമരത്തിനു വഴിയൊരുക്കിയത്. മലബാറിലെ ജന്മിമാര്‍ക്ക് കുടിയാന്‍മാരിലുണ്ടായ പൂര്‍ണ നിയന്ത്രണമാണ് ഈ സമരത്തിന്റെ ജന്മിത്വ വിരുദ്ധതയ്ക്ക് കാരണം. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ പ്രത്യേക പ്രാധാന്യമാണ് ഈ ജനകീയ പോരാട്ടത്തിനുള്ളത്.

പട്ടാള നടപടികള്‍ക്കിടക്ക് സമരത്തിന്റെ നിയന്ത്രണം ചിലഘട്ടങ്ങളില്‍ നഷ്ടമായെങ്കിലും ഇന്ത്യയിലെ സാമ്രാജ്യത്വം അജയ്യമല്ലെന്ന് തെളിയിക്കുവാന്‍ മലബാര്‍ പോരാട്ടത്തിന് സാധിച്ചു. ‘നാട്ടിലാരും പട്ടിണികിടക്കരുത്’ എന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രഖ്യാപനം ഈ സമരത്തിന്റെ ബഹുജനമുഖം വ്യക്തമാക്കുന്നുണ്ട്.

മഞ്ചേരിയില്‍ വച്ച് നേതാവായ വാരിയന്‍കുന്നത്ത് തന്റെ മുമ്പിലുള്ള ജനങ്ങളോടു പറഞ്ഞ വാക്കുകളാണ് ഈ സമരത്തിന്റെ സന്ദേശം. അത് ഇതാണ്,

‘നമ്മള്‍ കഷ്ടപ്പെട്ടിരിക്കുന്നു.
നമ്മള്‍ അന്യന്‍മാരുടെ ചൊല്‍പ്പടിക്കു നടക്കേണ്ടവരായിരിക്കുന്നു.
ബ്രിട്ടീഷ് ഗവണ്‍മെന്റാണിതിനു കാരണം.
അതിനെ നമുക്കൊടുക്കണം.
നമ്മുടെ കാര്യങ്ങള്‍ നാം നോക്കണം.
എല്ലാ കഷ്ടപ്പാടുകളും നീക്കണം’

ഈ ലക്ഷ്യം നേടാനായിരുന്നു നാം കോളണിവാഴ്ചക്കെതിരെ പോരാടിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Reasons behind Malabar rebellion – Dr. P. Sivadasan writes

ഡോ. പി. ശിവദാസന്‍
കാലിക്കറ്റ് സര്‍വകലാശാലയില്‍ ചരിത്ര വിഭാഗം പ്രൊഫസറും ദക്ഷിണേന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയുമാണ് ലേഖകന്‍