കുത്തേറ്റ വിദ്യാര്‍ഥി എഫ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകന്‍; കുത്തിയത് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളെന്ന് വിദ്യാര്‍ഥികള്‍
Kerala
കുത്തേറ്റ വിദ്യാര്‍ഥി എഫ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകന്‍; കുത്തിയത് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളെന്ന് വിദ്യാര്‍ഥികള്‍
ന്യൂസ് ഡെസ്‌ക്
Friday, 12th July 2019, 1:42 pm

 

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കുത്തേറ്റ വിദ്യാര്‍ഥി എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനെന്ന് വിദ്യാര്‍ഥികള്‍. മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി അഖിലിനാണ് കുത്തേറ്റത്.

ഇതിനെതിരെ വിദ്യാര്‍ഥികള്‍ യൂണിവേഴ്‌സിറ്റി കോളജിന്റെ ഗേറ്റിനു മുമ്പില്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസെത്തി ഇവരോട് കാര്യം തിരക്കിയ വേളയിലാണ് അഖില്‍ എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനാണെന്നും എസ്.എഫ്.ഐ യൂണിറ്റി അംഗങ്ങള്‍ തന്നെയാണ് അഖിലിനെ ആക്രമിച്ചതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

കഴിഞ്ഞ മൂന്നുവര്‍ഷമായി എസ്.എഫ്.ഐയ്ക്കുവേണ്ടി യൂണിവേഴ്‌സിറ്റി കോളജില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥിയാണ് അഖില്‍. കോളജിലെ മരച്ചുവട്ടില്‍ ഇരുന്ന് പാടിയെന്നു പറഞ്ഞ് യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയും പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികളും തമ്മില്‍ ഇന്നലെ ചെറിയ തര്‍ക്കമുണ്ടായിരുന്നു. ഇത് ചെറിയ സംഘര്‍ഷത്തിനും വഴിവെച്ചിരുന്നു.

ഇതിന്റെ തുടര്‍ച്ചയെന്നോണം ഇന്ന് രാവിലെ അഖിലിന്റെ സുഹൃത്തിന് ചെറിയ തോതിലുള്ള മര്‍ദ്ദനം ഏല്‍ക്കേണ്ടിയും വന്നിരുന്നു. യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ തന്നെയാണ് മര്‍ദ്ദിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. അതിനെച്ചൊല്ലിയുള്ള തര്‍ക്കം വീണ്ടും സംഘര്‍ഷത്തിനു വഴിവെക്കുകയും അതിനിടയില്‍ അഖിലിന് കുത്തേല്‍ക്കുകയുമായിരുന്നു.

അഖിലിനെയിപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനിലയില്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഫോട്ടോ കടപ്പാട്: മനോരമ ഓണ്‍ലൈന്‍