ഭരത് ചന്ദ്രനും ബല്‍റാമും കൈയടി നേടിയ കാലം മാറി, പൊലീസിന്റെ ക്രൂരതകളെ വിമര്‍ശിക്കുന്ന നരിവേട്ട
Entertainment
ഭരത് ചന്ദ്രനും ബല്‍റാമും കൈയടി നേടിയ കാലം മാറി, പൊലീസിന്റെ ക്രൂരതകളെ വിമര്‍ശിക്കുന്ന നരിവേട്ട
അമര്‍നാഥ് എം.
Saturday, 24th May 2025, 2:07 pm

മലയാളസിനിമയില്‍ പൊലീസ് കഥാപാത്രങ്ങള്‍ക്ക് എക്കാലവും വലിയ ഫാന്‍ബേസ് തന്നെയുണ്ട്. പ്രേം നസീര്‍, സത്യന്‍ എന്നിവരുടെ കാലം മുതല്‍ക്ക് തന്നെ നല്ലവരായ പൊലീസിനെ മാത്രമായിരുന്നു സിനിമകളില്‍ കാണാന്‍ സാധിച്ചത്. ആദര്‍ശധീരനായ, സത്യത്തില്‍ നിന്ന് വ്യതിചലിക്കാത്ത പൊലീസ് കഥാപാത്രങ്ങളെയായിരുന്നു ഇവര്‍ അവതരിപ്പിച്ചത്.

ഇവരുടെ കാലത്തിന് ശേഷം ഐ.വി. ശശി, ടി.ദാമോദരന്‍ എന്നിവരുടെ കാലത്ത് പൊലീസ് കഥാപാത്രങ്ങള്‍ക്ക് മറ്റൊരു മാനം സിനിമയിലൂടെ നല്‍കപ്പെട്ടു. ഫയര്‍ബ്രാന്‍ഡ് കഥാപാത്രങ്ങളായ ഇന്‍സ്‌പെക്ടര്‍ ബല്‍റാമായിരുന്നു ഇതില്‍ പ്രധാനം. ഇതിന്റെ തുടര്‍ച്ചയായാണ് ഷാജി കൈലാസ്, രഞ്ജി പണിക്കര്‍ എന്നിവരുടെ വരവോടെ മലയാളസിനിമയില്‍ കാണപ്പെട്ടത്.

മലയാളത്തിലെ ഏറ്റവും മികച്ച പൊലീസ് കഥാപാത്രമെന്ന് പറയപ്പെടുന്ന ഭരത് ചന്ദ്രന്‍ ഐ.പി.എസ്സാണ് ഇതില്‍ പ്രധാനം. മേലുദ്യോഗസ്ഥരുടെ ആജ്ഞകള്‍ അനുസരിക്കാത്ത, സിസ്റ്റത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന തീപ്പൊരി കഥാപാത്രങ്ങള്‍ തിയേറ്റുകളെ ഇളക്കിമറിച്ചു. ഇതേ അച്ചില്‍ വാര്‍ത്തെടുത്ത മറ്റ് പല പൊലീസ് കഥാപാത്രങ്ങളെയും മലയാളസിനിമയില്‍ കാണാന്‍ സാധിച്ചു.

മമ്മൂട്ടി അവതരിപ്പിച്ച നരേന്ദ്രന്‍ (രൗദ്രം), സുരേഷ് ഗോപിയുടെ ചന്ദ്രചൂഡന്‍ (സത്യമേവ ജയതേ), മുഹമ്മദ് സര്‍ക്കാര്‍ (എഫ്.ഐ.ആര്‍), മോഹന്‍ലാലിന്റെ ബാബ കല്യാണി, പൃഥ്വിരാജിന്റെ സോളമന്‍ ജോസഫ് (വര്‍ഗം) തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. എന്നാല്‍ യഥാര്‍ത്ഥ പൊലീസ് ജീവിതം എങ്ങനെയാണെന്ന് മലയാളസിനിമക്ക് ആദ്യമായി കാണിച്ചു തന്ന ചിത്രം ആക്ഷന്‍ ഹീറോ ബിജുവാണ്.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക്ക് പൊലീസ് ചിത്രമാണെന്ന് പറയാന്‍ സാധിക്കും. എന്നാല്‍ പൊലീസിനെ പൊക്കിയടിച്ചതിനോടൊപ്പം ബോഡി ഷെയ്മിങ്, കസ്റ്റഡി ഉപദ്രവം തുടങ്ങിയ കാര്യങ്ങളെ വെള്ള പൂശിയതിന്റെ പേരില്‍ ചിത്രം വിമര്‍ശനത്തിന് വിധേയമായി.

സജീവ് പാഴൂരിന്റെ രചനയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലും റിയലിസ്റ്റിക്കായാണ് പൊലീസിനെ കാണിച്ചത്. പരാതിയുമായി വരുന്നവരോട് പൊലീസിന്റെ പെരുമാറ്റവും സത്യം തെളിയിക്കാന്‍ വേണ്ടി ദേഹോപദ്രവം ഏല്പിക്കുന്ന രീതിയും ചിത്രത്തില്‍ കാണിക്കുന്നുണ്ട്.

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ഉണ്ട പൊലീസ് സിനിമകളില്‍ വേറിട്ട് നില്‍ക്കുന്ന ഒന്നാണ്. ക്യാമ്പില്‍ മാത്രം പ്രവര്‍ത്തിച്ച് പരിചയമുള്ള പൊലീസിനെ മാവേയിസ്റ്റുകളുള്ള സ്ഥലത്തേക്ക് പറഞ്ഞയച്ചതിന്റെ കഥ പറഞ്ഞ ചിത്രം പ്രമേയം കൊണ്ടും അവതരണം കൊണ്ടും മികച്ച സിനിമയാണ്. എസ്.ഐ മണി സാറായി മമ്മൂട്ടിയുടെ പ്രകടനവും ഗംഭീരമായിരുന്നു.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മന പറയുന്ന രാഷ്ട്രീയവും പൊലീസ് ചിത്രങ്ങളില്‍ വേറിട്ട അനുഭവം സമ്മാനിച്ച ഒന്നാണ്. എന്‍കൗണ്ടറുകള്‍ കണ്ട് കൈയടിച്ച പ്രേക്ഷകന്റെ മനോഭാവത്തെ ചോദ്യം ചെയ്ത ചിത്രം ഒരുപാട് ചര്‍ച്ചകള്‍ക്ക് വിധേയമായി. സുരാജ് വെഞ്ഞാറമൂടിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായിരുന്നു ജന ഗണ മനയിലെ സജ്ജന്‍ കുമാര്‍.

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട്, ജോജു ഇരട്ടവേഷത്തിലെത്തിയ ഇരട്ട, കുഞ്ചാക്കോ ബോബന്‍ നായകനായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങളും പൊലീസ് ജീവിതത്തിന്റെ റിയലിസ്റ്റിക്കായിട്ടുള്ള അവതരണമാണ്. എന്നാല്‍ ഇത്രയും ചിത്രങ്ങള്‍ വന്നിട്ടും തമിഴില്‍ വിസാരണൈ പോലെ പൊലീസിന്റെ ക്രൂരതകളെ വരച്ചുകാട്ടുന്ന ഒന്ന് മലയാളത്തില്‍ വരുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

കേരള രാഷ്ട്രീയ ചരിത്രത്തില്‍ മറക്കാനാകാത്ത അധ്യായമായ മുത്തങ്ങ ഭൂസമരത്തെ ആസ്പദമാക്കി എത്തിയ ചിത്രമാണ് നരിവേട്ട. ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം ശക്തമായ രാഷ്ട്രീയമാണ് സംസാരിക്കുന്നത്. ഭരണകൂടത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന പൊലീസ് സേന സാധാരണക്കാര്‍ അവരുടെ അവകാശത്തിന് വേണ്ടി നടത്തുന്ന സമരത്തെ എങ്ങനെയെല്ലാം അടിച്ചമര്‍ത്തുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് നരിവേട്ട എന്ന ചിത്രം.

തമിഴ് നടന്‍ ചേരന്‍ അവതരിപ്പിച്ച കേശവദാസ് എന്ന കഥാപാത്രം അത്തരത്തിലൊരു കഥാപാത്രമാണ്. ആദ്യം കാണുമ്പോള്‍ സൗമ്യനാണെന്ന് തോന്നിക്കുന്ന കേശവദാസ് ഭൂസമരത്തെ എങ്ങനെയെല്ലാം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു എന്നും അതിന് തടസമായി നില്‍ക്കുന്നവരെ എങ്ങനെ അവസാനിപ്പിക്കുന്നു എന്നും ചിത്രത്തില്‍ വ്യക്തമായി കാണിക്കുന്നുണ്ട്. പൊലീസ് സിസ്റ്റത്തിന്റെ പ്രതിനിധിയാണ് നരിവേട്ടയിലെ കേശവദാസ് എന്ന കഥാപാത്രം. അതിഗംഭീരമായാണ് ചേരന്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.

കഥ പറയുന്ന രീതിയില്‍ മലയാളസിനിമയും കാണുന്ന പ്രേക്ഷകനും ഒരുപാട് മാറിയ കാലമാണ് ഇത്. തീപ്പൊരി ഡയലോഗുകള്‍ കൊണ്ട് രോമാഞ്ചമുണ്ടാക്കുന്ന പൊലീസ് നായകന്മാര്‍ ഇക്കാലത്ത് സ്വീകരിക്കപ്പെടില്ല. യാഥാര്‍ത്ഥ്യമെന്താണെന്ന് പ്രേക്ഷകര്‍ക്ക് തിരിച്ചറിയാനാകുമെന്ന് സിനിമാക്കാര്‍ക്കും മനസിലായിത്തുടങ്ങിയതാണ് ഭരത് ചന്ദ്രന്മാരെ സൃഷ്ടിക്കാതിരിക്കുന്നതിന് പിന്നില്‍.

Content Highlight: Realistic Police characters in Malayalam cinema

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം