ലാലിഗയില്‍ സെല്‍റ്റ വിഗയോട് തോല്‍വി ഏറ്റുവാങ്ങി സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. സ്വന്തം തട്ടകമായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ടീമിന്റെ തോല്‍വി. ഇതിനൊപ്പം രണ്ട് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ടതും ടീമിന് തിരിച്ചടിയായി.
തോല്‍വിയോടെ ചിരവൈരികളായ ബാഴ്സലോണയുമായുള്ള പോയിന്റ് വ്യത്യാസം നാലായി. നിലവില്‍ ലീഗിലെ പോയിന്റ് ടേബിളില്‍ ബാഴ്സ ഒന്നാമതും റയല്‍ രണ്ടാമതുമാണ്. പോയിന്റ് ടേബിളിലെ പത്താം സ്ഥാനക്കാരോട് തോല്‍വി വഴങ്ങിയതോടെ ബാഴ്സയ്ക്ക് പിന്നില്‍ കടുത്ത പോരാട്ടം കാഴ്ച വെക്കാനുള്ള അവസരമാണ് ടീമിന് നഷ്ടമായത്. ഈ മത്സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ ടീമിന്റെ പോയിന്റ് 39ലേക്ക് ഉയര്‍ത്താനും ബാഴ്സയുമായുള്ള വ്യത്യാസം ഒരു പോയിന്റായി കുറക്കാനും സാധിച്ചേനെ.
റയൽ മാഡ്രിഡ് ടീം Photo: LaLigaEnglish/x.com
ഇതുമാത്രമല്ല, റയലിനെയും ആരാധകരെയും ആശങ്കയിലെത്തുന്നത്. ഈ സീസണിനിലെ കഴിഞ്ഞ കുറച്ച് മത്സരങ്ങളിലെ ടീമിന്റെ മോശം ഫോം കൂടിയാണ്. അവസാനം കളിച്ച ഏഴ് മത്സരങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമാണ് ലോസ് ബ്ലാങ്കോസിന് വിജയിക്കാന്‍ സാധിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ ഒളിമ്പിക്കോസിനോടും ലാലിഗയില്‍ അത്ലറ്റിക് ക്ലബ്ബിനോടുമായിരുന്നു ഈ വിജയങ്ങള്‍.
ബാക്കി അഞ്ച് മത്സരങ്ങളില്‍ രണ്ട് മത്സരത്തില്‍ തോല്‍വിയും മൂന്നെണ്ണത്തില്‍ സമനിലയുമായിരുന്നു ഫലം. ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനോട് പരാജയപ്പെട്ടതിന് ശേഷം ഇപ്പോള്‍ സെല്‍റ്റ വിഗയോടും തോല്‍വി വഴങ്ങേണ്ടി വന്നു. റയോ വല്ലക്കാനോ, എല്‍ക്കെ, ജിറോണ എന്നീ ടീമുകളോടായിരുന്നു സമനില.
അതേസമയം, ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ സെല്‍റ്റ വിഗോയ്ക്ക് വേണ്ടി സ്വീഡിഷ് താരം വില്യറ്റ് സ്വീഡന്‍ബര്‍ഗാണ് ഇരട്ട ഗോള്‍ നേടിയത്. 54, 90+3 എന്നീ മിനിട്ടുകളിലായിരുന്നു താരത്തിന്റെ ഗോള്‍.
സെൽറ്റ വിഗ താരങ്ങൾ മത്സരത്തിനിടെ Photo: LaLigaEnglish/x.com
റയല്‍ ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒരു തവണ പോലും പന്ത് വലയിലെത്തിക്കാനായില്ല. നേരത്തെ 64ാം മിനിട്ടില്‍ രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് ഫ്രാന്‍ ഗാര്‍ഷ്യ പുറത്തായതിന് പിന്നാലെ ടീം പത്ത് പേരായി ചുരുങ്ങിയിരുന്നു. പിന്നീട് പത്ത് പേരുമായി കളിച്ച് മുന്നോട്ട് പോയെങ്കിലും കളിയുടെ അവസാന നിമിഷങ്ങളില്‍ മറ്റൊരു താരവും ചുവപ്പ് കണ്ട് മടങ്ങി.