വീണ്ടും എംബാപ്പെ തിളക്കത്തില്‍ റയല്‍; ഒസാസുനയെ തകര്‍ത്ത് വിജയമധുരം
Football
വീണ്ടും എംബാപ്പെ തിളക്കത്തില്‍ റയല്‍; ഒസാസുനയെ തകര്‍ത്ത് വിജയമധുരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 20th August 2025, 7:31 am

പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കി സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. ലാലിഗയില്‍ ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഒസാസുനയെ തകര്‍ത്താണ് ലോസ് ബ്ലാങ്കോസ് വിജയകൊടി പാറിച്ചത്. സ്വന്തം തട്ടകമായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ ഒറ്റ ഗോളിന്റെ കരുത്തിലാണ് ടീമിന്റെ വിജയം.

സീസണിലെ ആദ്യ പോയിന്റ് തേടി സ്വന്തം കാണികള്‍ക്ക് മുമ്പില്‍ പന്ത് തട്ടാനിറങ്ങിയ റയലിന് മത്സരത്തില്‍ വളരെ പെട്ടെന്ന് തന്നെ ആധിപത്യം നേടാന്‍ സാധിച്ചു. മൈതാനത്ത് വെള്ള കുപ്പായക്കാരായിരുന്നു കളിയുടെ ഏറിയ പങ്കും പന്ത് കൈവശം വെച്ചത്. എന്നാല്‍, ഒന്നാം പകുതിയിലെ മുന്നേറ്റങ്ങളില്‍ പഴയ റയലിന്റെ പ്രതാപം കാണാന്‍ കഴിഞ്ഞില്ല.

അക്രമങ്ങള്‍ക്ക് മൂര്‍ച്ച കുറവായിരുന്നെങ്കിലും പത്ത് ഷോട്ടുകളാണ് ലോസ് ബ്ലാങ്കോസ് എടുത്തത്. വലിയ മുന്നേറ്റങ്ങള്‍ നടത്താനായില്ലെങ്കിലും ഒസാസുനയും വിട്ടു നല്‍കാന്‍ തയ്യാറായിരുന്നില്ല. അവര്‍ക്ക് റയലിന്റെ പോസ്റ്റിലേക്ക് ഒരു ഷോട്ട് മാത്രമേ എടുക്കാനായുള്ളു. എന്നാല്‍, റയലിന്റെ കുതിപ്പിനെ പ്രതിരോധിക്കാനും ആദ്യ പകുതിയില്‍ സമനിലയില്‍ തളച്ചിടാനുമായി.

പക്ഷേ, ആ ആശ്വാസം ഏറെ നേരം നിലനിര്‍ത്താനായില്ല. രണ്ടാം പകുതിക്ക് വിസില്‍ മുഴങ്ങി അഞ്ച് മിനിട്ടില്‍ തന്നെ റയലിന്റെ ഗോളെത്തി. 50ാം മിനിട്ടില്‍ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയാണ് ടീമിനായി വല കുലുക്കിയത്. മുന്നേറ്റവുമായി പോസ്റ്റിനോട് പാഞ്ഞടുത്ത എംബാപ്പെയെ ഒസാസുന താരം ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.

പിന്നാലെ, വെള്ള കുപ്പായക്കാര്‍ ഒന്ന് കൂടെ ഉണര്‍ന്നു കളിച്ചു. അതോടെ, ഒസാസുന താരങ്ങള്‍ റയല്‍ താരങ്ങളെ തടയാന്‍ നന്നേ വിയര്‍ത്തു. അതിനിടയില്‍ ഗോള്‍ തിരിച്ചടിക്കാനും ദി ലിറ്റില്‍ റെഡ്‌സ് ശ്രമിച്ചെങ്കിലും നടന്നില്ല. മാറ്റങ്ങളുമായി ലീഡ് ഉയര്‍ത്താന്‍ റയല്‍ താരങ്ങള്‍ ശ്രമങ്ങളുമായി മുന്നേറിയെങ്കിലും സ്‌കോര്‍ ബോര്‍ഡിന് മാറ്റമൊന്നും കൊണ്ടുവരാനായില്ല.

റയലിന്റെ ഗോളില്‍ തളര്‍ന്ന ഒസാസുനയ്ക്ക് മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ മറ്റൊരു തിരിച്ചടി കൂടി നേരിട്ടു. ടീമിന്റെ മിഡ്ഫീല്‍ഡര്‍ ആബേല്‍ ബ്രെന്‍സ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. റയല്‍ താരം ഗണ്‍സാലോ ഗാര്‍ഷ്യയെ ഫൗള്‍ ചെയ്തതതിനായിരുന്നു ഈ റെഡ് കാര്‍ഡ്. അതോടെ ഒസാസുന പത്ത് പേരായി ചുരുങ്ങി. ഏറെ വൈകാതെ ഫൈനല്‍ വിസില്‍ എത്തിയതോടെ റയല്‍ മൂന്ന് പോയിന്റും സ്വന്തമാക്കി.

Content Highlight: Real Madrid defeated Osasuna in La Liga with Kylian Mbappe’s penalty goal