ലാലിഗയില്‍ മയ്യോര്‍ക്കയെ തകര്‍ത്ത് സ്പാനിഷ് അതികായരായ റയല്‍ മാഡ്രിഡ്. സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ക്ലബ്ബിന്റെ വിജയം. വിജയത്തോടെ ടീം പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി.
മത്സരം തുടങ്ങി ആദ്യ മിനിട്ട് മുതല്‍ തന്നെ ഇരു ടീമുകളും ആക്രമണങ്ങളുമായി മുന്നോട്ട് കുതിച്ചു. 7ാം മിനിട്ടില്‍ റയല്‍ പന്ത് വലയിലെത്തിച്ചു. ആഘോഷങ്ങള്‍ക്ക് ഒരുങ്ങവെ വാര്‍ പരിശോധനയിലൂടെ റഫറി ഗോള്‍ നിഷേധിച്ചു.
പിന്നാലെ, തുടരെ മുന്നേറ്റങ്ങളുമായി ഇരു ടീമുകളും മൈതാനത്ത് പോരാടി. 18ാം മിനിട്ടില്‍ ഗാലറിയില്‍ ഇരുന്ന ആരാധകരെ നിശബ്ദരാക്കി മയ്യോര്‍ക്ക ആദ്യ വെടി പൊട്ടിച്ചു. വേദത് മുറിഖിയായിരുന്നു ടീമിനായി ഗോള്‍ കണ്ടെത്തിയത്. മയ്യോര്‍ക്കക്ക് ലഭിച്ച കോര്‍ണര്‍ ടോറെ അടിച്ച് അകറ്റിയ പന്തിനെ താരം ഹെഡ് ചെയ്തത് വലയിലെത്തിക്കുകയായിരുന്നു.
ഗോള്‍ വീണതോടെ റയല്‍ താരങ്ങള്‍ ഉണര്‍ന്ന് കളിക്കാന്‍ തുടങ്ങി. മുന്നേറ്റങ്ങളുമായി എതിര്‍ പോസ്റ്റിലേക്ക് നിരന്തരം പാഞ്ഞടുത്ത് മയ്യോര്‍ക്കയെ പ്രതിരോധത്തിലാക്കി. ടോറെയും ഫ്രാങ്കോ മസ്റ്റാന്റുവാനോയും എംബാപ്പെയും ഷോട്ടെടുത്തെങ്കിലും അവ പുറത്തേക്ക് പോയി.
ഒടുവില്‍ അവരുടെ മുന്നേറ്റങ്ങളുടെ ഫലം കണ്ടു. 37ാം മിനിട്ടില്‍ ലോസ് ബ്ലാങ്കോസിന്റെ സമനില ഗോളെത്തി. ഡീന്‍ ഹുയിജ്സെന്‍ നല്‍കിയ പാസ് സ്വീകരിച്ച് ആര്‍ദെ ഗുളറാണ് ടീമിന്റെ ആദ്യ ഗോള്‍ സമ്മാനിച്ചത്. അതിന്റെ ആവേശം കെട്ടടങ്ങും മുമ്പ് തന്നെ റയലിന്റെ രണ്ടാം ഗോളുമെത്തി.
വിനീഷ്യസ് ജൂനിയറാണ് ലോസ് ബ്ലാങ്കോസിനായി ലീഡ് നല്‍കിയത്. റയലിന്റെ രണ്ട് ഗോളും തമ്മിലുള്ള വ്യത്യാസം വെറും ഒരു മിനിട്ട് മാത്രമായിരുന്നു. തുടര്‍ന്നും റയല്‍ താരങ്ങള്‍ മുന്നേറ്റങ്ങളുമായി കളം നിറഞ്ഞ് കളിച്ചു. 45ാം മിനിട്ടില്‍ എംബാപ്പെ പന്ത് വലയിലെത്തിച്ചെങ്കിലും അത് ഓഫ്സൈഡായി.
രണ്ടാം പകുതിയിലും റയല്‍ താരങ്ങള്‍ ലീഡ് ഉയര്‍ത്താന്‍ ശ്രമങ്ങള്‍ നടത്തി. 56ാം മിനിട്ടില്‍ മസ്റ്റാന്റുവാനോ ഒരു പന്ത് വലയിലേക്ക് അടിച്ച് കയറ്റി. എന്നാല്‍, റഫറി ആ ഗോളും ഓഫ് സൈഡാണെന്ന് വിധിച്ചു. ഒരു മിനിട്ടിനകം വീണ്ടും റയല്‍ പന്ത് വലയിലെത്തിച്ചു. വാര്‍ പരിശോധനയിലൂടെ ആ ഗോളും റഫറി നിഷേധിച്ചു.
പിന്നെയും ഇരു ടീമുകളും ആക്രമണങ്ങളുമായി മുന്നേറി. 65ാം മിനിട്ടില്‍ മയ്യോര്‍ക്ക സമനില ഗോളിനോടുത്തെത്തി. മയ്യോര്‍ക്ക താരം കോസ്റ്റ റൈറ്റ് കോര്‍ണറില്‍ നിന്ന് ഒരു ഷോട്ടെടുത്തു. പന്ത് കോര്‍ട്ടോയിസിനെയും മറികടന്ന് മുന്നോട്ട് പോയെങ്കിലും കരേരസ് പാഞ്ഞെത്തി തട്ടിയകറ്റി.
പിന്നെയും മുന്നേറ്റങ്ങളുമായി ഇരു കൂട്ടരും ഗോളിനായി ശ്രമിച്ചെങ്കിലും സ്‌കോര്‍ ബോര്‍ഡിന് ഒരു മാറ്റവും സംഭവിച്ചില്ല. ഫൈനല്‍ വിസില്‍ എത്തിയതോടെ റയല്‍ മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കി.
Content Highlight: Real Madrid defeated Mallorca in La Liga and became table toppers