'വെടിനിര്‍ത്തലിന് തയ്യാര്‍' ഇസ്രഈലും ഇറാനും 12 ദിവസത്തെ സംഘര്‍ഷം അവസാനിപ്പിക്കുന്നു: ട്രംപ്
World News
'വെടിനിര്‍ത്തലിന് തയ്യാര്‍' ഇസ്രഈലും ഇറാനും 12 ദിവസത്തെ സംഘര്‍ഷം അവസാനിപ്പിക്കുന്നു: ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th June 2025, 6:52 am

വാഷിങ്ടണ്‍: ഇസ്രഈലും ഇറാനും തമ്മില്‍ 12 ദിവസമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാനായി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഡൊണാള്‍ഡ് ട്രംപ്. അതേസമയം വെടിനിര്‍ത്തലിന് സമ്മതിച്ചതായി ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല.

ആക്രമണങ്ങളുണ്ടാവുമെന്നും തുടരുമെന്നും ഇസ്രഈലും ഇറാനും ഭീഷണി ഉയര്‍ത്തിയതിന് പിന്നാലെയാണ് വെടിനിര്‍ത്തലുണ്ടാവുമെന്ന ട്രംപിന്റെ പ്രഖ്യാപനം. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം.

വെടിനിര്‍ത്തല്‍ സംബന്ധിച്ച് ധാരണയായതായി ഇറാന്‍ സ്ഥിരീകരിച്ചിട്ടൊന്നുമില്ലെന്നും എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ആക്രമണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കില്‍ വെടിനിര്‍ത്തലിന് സമ്മതമാണെന്നാണ് ഇസ്രഈല്‍ അറിയിച്ചതെന്നാണ് വിവരം.

ഏകദേശം ആറ് മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ ആരംഭിക്കുമെന്നും ഇറാന്‍ വെടിനിര്‍ത്തലിന് തുടക്കമിടുമെന്നും ട്രംപ് അറിയിച്ചു. 24 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് കുറിച്ചു.

വെടിനിര്‍ത്തലോടെ ഇരുവശത്തും സമാധാനമുണ്ടാകുമെന്നും ശരിയായി വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും ഇറാനെയും ഇസ്രഈലിനെയും ഈ തീരുമാനത്തില്‍ താന്‍ അഭിനന്ദിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ ഇസ്രഈലും ഇറാനും കാണിച്ച സ്ഥിരതയെയും ധൈര്യത്തെയും പ്രശംസിക്കുന്നുവെന്നും മിഡില്‍ ഈസ്റ്റിനെ തന്നെ തകര്‍ക്കാന്‍ കഴിയുന്ന യുദ്ധമായിരുന്നുവിതെന്നും പറഞ്ഞ ട്രംപ് എന്നാല്‍ ഇത് അവസാനിക്കാന്‍ പോകുന്നുവെന്നും വ്യക്തമാക്കി.

അതേസമയം ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇറാന്‍ അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Ready for ceasefire’: Israel, Iran end 12-day conflict: Trump