'നിങ്ങളുടെ സര്‍ക്കാരിനോട് പറയൂ, ഞങ്ങളുടെ ജഡ്ജ്‌മെന്റ് നിലനില്‍ക്കുന്നുണ്ടെന്ന്'; ശബരിമല വിഷയത്തില്‍ സോളിസിറ്റര്‍ ജനറലിനോട് ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍
sabarimal women entry
'നിങ്ങളുടെ സര്‍ക്കാരിനോട് പറയൂ, ഞങ്ങളുടെ ജഡ്ജ്‌മെന്റ് നിലനില്‍ക്കുന്നുണ്ടെന്ന്'; ശബരിമല വിഷയത്തില്‍ സോളിസിറ്റര്‍ ജനറലിനോട് ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th November 2019, 12:46 pm

ന്യൂദല്‍ഹി: സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് ജസ്റ്റിസ് ആര്‍.എഫ് നരിമാന്റെ രൂക്ഷ വിമര്‍ശനം. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നും തുഷാര്‍ മേത്തയോട് നരിമാന്‍ പറഞ്ഞു.

തങ്ങളുടെ വിയോജന വിധികള്‍ വായിക്കണമെന്നും അത് വെച്ച് കളിക്കരുതെന്നും നരിമാന്‍ താക്കീത് നല്‍കി. ‘നിങ്ങളുടെ സര്‍ക്കാരിനോട് പറയൂ, ഞങ്ങളുടെ ജഡ്ജ്‌മെന്റ് നിലനില്‍ക്കുന്നുണ്ടെന്ന്’, നരിമാന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നല്‍കിയ ഹരജി പരിഗണിക്കവെയാണ് നരിമാന്റെ പരാമര്‍ശം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശബരിമല യുവതീ പ്രവേശന വിഷയം ഏഴംഗ ബഞ്ചിന് വിട്ട സുപ്രീം കോടതി വിധിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആര്‍.എഫ് നരിമാന്റെ ഈ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.

അതേസമയം, ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബര്‍ 28 ന്റെ വിധി പുനപ്പരിശോധിക്കണമെന്ന ഹരജികള്‍ ഏഴംഗ ഭരണ ഘടന ബെഞ്ചിനു വിട്ടിരുന്നു. ഹരജി പരിഗണിക്കുന്നതുവരെ പഴയ വിധി നിലനില്‍ക്കും. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുന്നുവെന്ന് ജസ്റ്റിസ് നരിമാന്‍ നിര്‍ദേശിച്ചിരുന്നു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ ശ്രമം നടന്നതായും നരിമാന്‍ പറഞ്ഞിരുന്നു. സുപ്രീംകോടതി വിധിക്കെതിരെ നടന്ന അക്രമങ്ങള്‍ക്കെതിരെയും പ്രക്ഷോഭങ്ങള്‍ക്കെതിരെയുമായിരുന്നു ന്യൂനപക്ഷ വിധി വായിക്കുന്നതിനിടെ നരിമാന്‍ ശക്തമായ പരാമര്‍ശം നടത്തിയത്.

സുപ്രീം കോടതി വിധിയെ നിശിതമായി വിമര്‍ശിക്കുന്നത് അനുവദനീയമാണ്. എന്നാല്‍ വിധി അട്ടിമറിക്കാനുള്ള സംഘടിത ശ്രമങ്ങള്‍ അനുവദിക്കാന്‍ കഴിയില്ല. സുപ്രീം കോടതി ഒരു വിധി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അത് അന്തിമമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഭരണഘടനാ മൂല്യങ്ങളുടെ പൂര്‍ത്തീകരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളണം. സുപ്രീംകോടതിയുടെ വിധി തടയുന്നതിനുള്ള സംഘടിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.