സമീപകാലത്ത് മലയാള സിനിമയിലെ ട്രെന്‍ഡുകളിലൊന്നാണ് പഴയ ഹിറ്റ് ചിത്രങ്ങളുടെ റീ റിലീസുകള്‍. കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയ മോഹന്‍ലാലിന്റെ ഛോട്ടാമുംബൈയും രാവണപ്രഭുവും തിയേറ്ററുകളെ പൂരപ്പറമ്പാക്കിയിരുന്നു. ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ കിട്ടിയ വമ്പിച്ച വരവേല്പിന് പിന്നാലെ പല ഹിറ്റ് ചിത്രങ്ങളുടെയും രണ്ടാം വരവിന് മലയാള സിനിമ സാക്ഷ്യം വഹിച്ചിരുന്നു.
ഇതില്‍ ഒടുവിലേതായി പുറത്തുവന്ന ചിത്രമായിരുന്നു മോഹന്‍ലാലിനെയും അമല പോളിനെയും കേന്ദ്രകഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത റണ്‍ ബേബി റണ്‍. 2012 ല്‍ പുറത്തിറങ്ങി തിയേറ്ററുകളില്‍ വിജയമായി മാറിയ ചിത്രം റീ റിലീസില്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യത കണ്ടാണ് കഴിഞ്ഞ ദിവസം വീണ്ടും തിയേറ്ററുകളിലെത്തിയത്.
എന്നാല്‍ റീ റിലീസില്‍ മികച്ച റെക്കോര്‍ഡുള്ള താരത്തിന് റണ്‍ ബേബി റണ്‍ ചീത്തപ്പേരാവുമെന്നാണ് തിയേറ്ററുകളില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ കാലിയായി കിടന്ന തിയേറ്ററുകളാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോയില്‍ കാണാന്‍ സാധിച്ചത്. ഇതിന് പിന്നാലെ ആദ്യ ദിവസം ചിത്രത്തിന് കിട്ടിയ കളക്ഷനും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.
റീ റിലീസ് ചെയ്ത് ആദ്യദിനം മൂന്നുലക്ഷത്തി മുപ്പത്തിയെട്ടായിരം രൂപയാണ് ചിത്രം തിയേറ്ററുകളില്‍ നിന്നും നേടിയിട്ടുള്ളത്. റീ റിലീസില്‍ ഒരു മോഹന്‍ലാല്‍ ചിത്രത്തിന് കിട്ടുന്ന ഏറ്റവും മോശം കളക്ഷന്‍ എന്നതിലുപരി മലയാളത്തില്‍ ഇതുവരെയിറങ്ങിയ ചിത്രങ്ങളില്‍ ആദ്യദിനം രണ്ടാമത്തെ ഏറ്റവും മോശം കളക്ഷന്‍ കൂടിയാണ് ചിത്രത്തിന് ലഭിച്ചത്.
ലിസ്റ്റില്‍ ആദ്യ സ്ഥാനത്ത് നില്‍ക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഉസ്താദ് ഹോട്ടലാണ്. താരത്തിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ ചിത്രം റീ റിലീസില്‍ 67150 രൂപ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ജനുവരി 3 നായിരുന്നു ഉസ്താദ് ഹോട്ടലിന്റെ രണ്ടാം വരവ്.
റണ്‍ ബേബി റണ്ണിന്റെ കണക്കുകള്‍ പുറത്തുവന്നതോടെ ആരാധകരുടെ ട്രോളില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നത് സൂപ്പര്‍താരം മമ്മൂട്ടിയാണ്. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥയായിരുന്നു കളക്ഷനില്‍ ഏറ്റവും പിന്നിലെന്നായിരുന്നു ഇതു വരെയുള്ള കണക്കുകള്‍.
Content Highlight: Re Released Mohanlal movie Run Baby Run second lowest first day collection
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.