അടുത്ത ചിത്രത്തിലും നായകന്‍ പെപ്പെ തന്നെ; പുതിയ ചിത്രത്തെ കുറിച്ച് സോഫിയ പോള്‍
Movie Day
അടുത്ത ചിത്രത്തിലും നായകന്‍ പെപ്പെ തന്നെ; പുതിയ ചിത്രത്തെ കുറിച്ച് സോഫിയ പോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th September 2023, 3:07 pm

ആര്‍.ഡി.എക്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സോഫിയാ പോള്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിലും നായകന്‍ ആന്റണി വര്‍ഗീസ് പെപ്പെ തന്നെ. സോഫിയ പോള്‍ തന്നെയാണ് തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്.

ആര്‍.ഡി.എക്‌സിന്റെ റിലീസിന് മുന്നോടിയായി ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍.ഡി.എക്‌സിന് ശേഷം ഒരുങ്ങുന്ന പുതിയ ചിത്രത്തെ കുറിച്ചും നായകനെ കുറിച്ചുമൊക്കെ സോഫിയ പോള്‍ സംസാരിക്കുന്നത്.

‘ ആന്റണി വര്‍ഗീസിനെ വെച്ചിട്ടാണ് അടുത്തൊരു പ്രൊജക്ട് പ്ലാന്‍ ചെയ്യുന്നത്. നേരത്തെ ചോദിച്ചില്ലേ ചെറിയ സിനിമകള്‍ ചെയ്യില്ലേ എന്ന്. ഇതൊരു ചെറിയ സിനിമായിരിക്കും. അതിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നുണ്ട്. വൈകാതെ ഞങ്ങള്‍ അത് അനൗണ്‍സ് ചെയ്യുന്നതായിരിക്കും. അതാണ് അടുത്ത ചിത്രം. വേറെയും പ്രൊജക്ടുകള്‍ ഉണ്ട്’, സോഫിയ പോള്‍ പറഞ്ഞു.

അതും ഇടിപ്പടമായിരിക്കുമോ എന്ന ചോദ്യത്തിന് പെപ്പെയാകുമ്പോള്‍ ഇടികൊടുക്കണമല്ലോ എന്നും അതുകൊണ്ട് തീര്‍ച്ചയായും ഇടിയുണ്ട് എന്നുമായിരുന്നു സോഫിയ പോളിന്റെ മറുപടി. ഉടനെ ചെയ്യാന്‍ പോകുന്ന പടം ഇതു തന്നെയാണെന്നും സോഫിയ പോള്‍ പറഞ്ഞു.

ചെറിയ കഥകള്‍ ചെറിയ ബഡ്ജറ്റില്‍ കേട്ടാല്‍ തീര്‍ച്ചയായും ചെയ്യും. മിന്നല്‍ മുരളി കഴിഞ്ഞിട്ട് ഒരു ചെറിയ സിനിമ ചെയ്യണമെന്ന് തന്നെയായിരുന്നു ആഗ്രഹം. പക്ഷേ അതിന് പറ്റിയ കഥകള്‍ ലഭിച്ചില്ല. അങ്ങനെ കേട്ട് ഇഷ്ടപ്പെട്ടതാണ് ആര്‍.ഡി.എക്‌സ്.

ആര്‍.ഡി.എക്‌സിന്റെ കഥ കേട്ടപ്പോള്‍ തന്നെ ബഡ്ജറ്റ് കൂടുതലുള്ള പടമായിരിക്കുമെന്ന് തോന്നിയിരുന്നു. പിന്നെ ഇഷ്ടപ്പെട്ട് ചെയ്യുന്ന പടമായതുകൊണ്ട് അങ്ങനെ ചെയ്തതാണെന്നും ചെയ്തു വന്നപ്പോള്‍ വലിയ സിനിമയായെന്നും അവര്‍ പറഞ്ഞു.

കേട്ട് ഇഷ്ടപ്പെട്ട് കൈയില്‍ നിന്ന് സ്ലിപ്പായിപ്പോയ കഥകള്‍ ഉണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടെന്നായിരുന്നു സോഫിയ പോളിന്റെ മറുപടി.

കഥ കേട്ട ശേഷം കയ്യില്‍ നിന്ന് സ്ലിപ്പായി പോയ സബ്ജക്ടുകള്‍ ഉണ്ട്. അതില്‍ പക്ഷേ വിഷമമില്ല. നമ്മള്‍ ചെയ്യേണ്ട എന്നായിരിക്കാം യോഗം. തിയേറ്ററില്‍ വിജയിച്ചതും അല്ലാത്തതുമായ സിനിമകള്‍ ആ കൂട്ടത്തില്‍ ഉണ്ട്. അതില്‍ വിഷമമില്ല. ആ സിനിമകള്‍ നമുക്ക് ഉള്ളതല്ലല്ലോ. നമുക്ക് ഉള്ളതാണെങ്കില്‍ അത് നമ്മള്‍ തന്നെ ചെയ്യുമായിരുന്നല്ലോ, സോഫിയ പോള്‍ പറഞ്ഞു.

Content Highlight: RDX Producer Sofia Paul about her Next Project with Antony varghese