ഇവളുടെ വക ഭൂമിക്ക് 5100 മരങ്ങള്‍; സീസണിലെ 'ആദ്യ സെഞ്ച്വറിയുമായി' ബെല്‍
Cricket
ഇവളുടെ വക ഭൂമിക്ക് 5100 മരങ്ങള്‍; സീസണിലെ 'ആദ്യ സെഞ്ച്വറിയുമായി' ബെല്‍
ഫസീഹ പി.സി.
Tuesday, 27th January 2026, 8:22 am

വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യു.പി.എല്‍) റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് വിജയം സ്വന്തമാക്കിയിരുന്നു. വഡോദരയില്‍ നടന്ന മത്സരത്തില്‍ 15 റണ്‍സിനാണ് മുന്‍ ചാമ്പ്യന്മാരുടെ ജയം. ഡബ്ല്യു.പി.എല്‍ ചരിത്രത്തിലെ ആദ്യ സെഞ്ച്വറി നേടിയ നാറ്റ് സിവര്‍ ബ്രണ്ടിന്റെ കരുത്തിലാണ് ടീം മൂന്നാം വിജയം നേടിയെടുത്തത്.

മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത മുംബൈ 200 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തിയിരുന്നു. ഇത് പിന്തുടര്‍ന്ന ആര്‍.സി.ബി റിച്ച ഘോഷിലൂടെ മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും വിജയിക്കാനായില്ല. അതോടെ മുംബൈ സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി.

ലോറന്‍ ബെല്‍. Photo: Johns/x.com

ഡബ്ല്യു.പി.എല്‍ ചരിത്രത്തിലെ ആദ്യ സെഞ്ച്വറി പിറന്ന മത്സരം മറ്റൊരു ‘സെഞ്ച്വറി’യ്ക്ക് കൂടി വേദിയായി. ഇത് സ്വന്തമാക്കിയതാകട്ടെ ഒരു ആര്‍.സി.ബി ബൗളറും. ഫാസ്റ്റ് ബൗളര്‍ ലോറന്‍ ബെല്ലാണ് ഈ സെഞ്ച്വറിക്കാരി. താരം റണ്‍സിലോ വിക്കറ്റിലോ അല്ല, മറിച്ച് ഡോട്ട് ബോളുകളിലാണ് നൂറടിച്ചത്.

ടൂര്‍ണമെന്റില്‍ ഈ സീസണില്‍ ബെല്‍ ഇതുവരെ 102 ഡോട്ട് ബോളുകളാണ് എറിഞ്ഞത്. കഴിഞ്ഞ മത്സരത്തില്‍ മാത്രം താരം എറിഞ്ഞത് 15 ഡോട്ട് ബോളുകളാണ്. ഡോട്ട് ബോളുകളുടെ എണ്ണം നൂറ് തൊട്ടതോടെ ഇതുവരെ സീസണില്‍ ഭൂമിക്കായി 5100 മരങ്ങളാണ് താരം ഒറ്റയ്ക്ക് നട്ടുപിടിപ്പിച്ചത്.

ഗ്രീന്‍ ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് അപെക്സ് ബോര്‍ഡ് ഓരോ ഡോട്ട് ബോളിനും മരങ്ങള്‍ നടുന്നത്. ഡബ്ല്യു.പി.എല്‍ മത്സരങ്ങളില്‍ പിറക്കുന്ന ഓരോ ഡോട്ട് ബോളിനും 50 വീതം മരങ്ങളാണ് ബി.സി.സി.ഐ ഇതിന്റെ ഭാഗമായി നട്ടുപിടിപ്പിക്കുന്നത്. ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായ ടാറ്റ ഗ്രൂപ്പിനൊപ്പം ചേര്‍ന്നാണ് ബി.സി.സി.ഐയുടെ ഈ ഇനീഷിയേറ്റിവ്.

ഡബ്ല്യു.പി.എല്‍ 2026ല്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോളുകള്‍ എറിഞ്ഞ താരങ്ങള്‍

(താരം – ടീം – ഡോട്ട് ബോളുകള്‍ എന്നീ ക്രമത്തില്‍)

ലോറന്‍ ബെല്‍ – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 102

ശബ്‌നം ഇസ്മായില്‍ – മുംബൈ ഇന്ത്യന്‍സ് – 82

മാരിസന്‍ കാപ്പ് – ദല്‍ഹി ക്യാപിറ്റല്‍സ് – 77

രേണുക സിങ് താക്കൂര്‍ – ഗുജറാത്ത് ജയന്റ്‌സ് – 65

ക്രാന്തി ഗൗഡ് – യു.പി. വോറിയേഴ്സ് – 59

അമേലിയ കേര്‍ – മുംബൈ ഇന്ത്യന്‍സ് – 56

Content Highlight: RCB’s Lauran Bell became first bowler to bowl 100 dots in WPL 2026

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി