ഐ.പി.എല്‍ 2026ന് മുന്നോടിയായി എല്ലാ ടീമുകളും തങ്ങള്‍ നിലനിര്‍ത്തിയതും റിലീസ് ചെയ്തതുമായ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു. ചില താരങ്ങളുടെ റിലീസ് ആരാധകര്‍ക്കിടയില്‍ വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും ആന്ദ്രേ റസലിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റിലീസ് ചെയ്തതടക്കമുള്ള ചില നീക്കങ്ങള്‍ വലിയ ഞെട്ടലിനും നിരാശയ്ക്കും വഴിയൊരുക്കി.
ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലിയാം ലിവിങ്സ്റ്റണും ലുങ്കി എന്‍ഗിഡിയുമടക്കമുള്ള സൂപ്പര്‍ താരങ്ങളെയടക്കം റിലീസ് ചെയ്തിരുന്നു.
RCB’s Class of 2025 was a vibe, thanks to each one of you! ❤️
ആര്‍.സി.ബിയുടെ റിലീസ് ലിസ്റ്റില്‍ ഇടം നേടിയ മറ്റൊരു താരമായിരുന്നു സിംബാബ്‌വേ സൂപ്പര്‍ പേസര്‍ ബ്ലെസിങ് മുസരബാനി. കഴിഞ്ഞ സീസണില്‍ എന്‍ഗിഡിക്ക് പകരക്കാരനായെത്തിയ മുസരബാനിയെ പുതിയ സീസണിന് മുന്നോടിയായി ആര്‍.സി.ബി നിലനിര്‍ത്താന്‍ താത്പര്യം കാണിച്ചിരുന്നില്ല.
കഴിഞ്ഞ സീസണില്‍ താരം ഒറ്റ മത്സരത്തില്‍ പോലും കളത്തിലിറങ്ങിയിരുന്നില്ല. എങ്കിലും ടീമിനൊപ്പം ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിടാനും താരത്തിന് സാധിച്ചു. ഐ.പി.എല്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ സിംബാബ്‌വന്‍ താരമെന്ന ചരിത്ര നേട്ടവും ഇതോടെ മുസരബാനി ഇപ്പോള്‍ തന്റെ പേരിലാക്കി.
ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത താരമെന്നാണ് ആരാധകര്‍ മുസരബാനിയെ വിശേഷിപ്പിക്കുന്നത്. ടീമിലെത്തുകയും ഒറ്റ മത്സരം പോലും കളിക്കാതെ കരിയറിലെ സുപ്രധാന കിരീടങ്ങളിലൊന്ന് സ്വന്തമാക്കുകയും ചെയ്ത മുസരബാനി ഇപ്പോള്‍ ടീം വിടുകയാണ്.
ഡിസംബര്‍ 16ന് നടക്കുന്ന താരലേലത്തില്‍ മുസരബാനിയെ റോയല്‍ ചലഞ്ചേഴ്‌സ് വീണ്ടും സ്വന്തമാക്കുമോ അതോ പുതിയ ടീമിനൊപ്പം താരം പുതിയ സീസണില്‍ കളത്തിലിറങ്ങുമോ എന്ന് കണ്ടുതന്നെ അറിയണം.