മുംബൈയെ ചാരമാക്കി ബെംഗളൂരു; പൊരുതി നിന്ന് റൂഥര്‍ഫോര്‍ഡ്
Cricket
മുംബൈയെ ചാരമാക്കി ബെംഗളൂരു; പൊരുതി നിന്ന് റൂഥര്‍ഫോര്‍ഡ്
ശ്രീരാഗ് പാറക്കല്‍
Sunday, 12th April 2026, 11:58 pm

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മുംബൈയുടെ സ്വന്തം തട്ടകമായ വാംഖഡെയില്‍ നടന്ന മത്സരത്തില്‍ 18 റണ്‍സിനാണ് ബെംഗളൂരു വിജയം സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നാല് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മുംബൈക്ക് വേണ്ടി ഉയര്‍ന്ന റണ്‍സ് നേടിയത് ഇംപാക്ട് പ്ലെയര്‍ ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡാണ്. 31 പന്തില്‍ 71 റണ്‍സാണ് തോരം നേടിയത്. ഒമ്പത് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെയാണ് താരം അവസാന ഘട്ടത്തില്‍ പൊരുതിയത്. അവസാന ഓവറില്‍ നാല് സിക്‌സറുകളാണ് താരം അടിച്ചിട്ടത്.

ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ 22 പന്തില്‍ 40 റണ്‍സ് നേടിയാണ് പുറത്തായത്. ഓപ്പണര്‍ റിയാന്‍ റിക്കിള്‍ട്ടണ്‍ 22 പന്തില്‍ 37 റണ്‍സും നേടി മടങ്ങി.

മുംബൈയ്ക്ക് വേണ്ടി സുയാഷ് ശര്‍മ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജേക്കബ് ഡഫി, റാസിക് സല്‍മാന്‍, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഓപ്പണര്‍മാരായ വിരാട് കോഹ്‌ലിയും ഫില്‍ സാള്‍ട്ടുമാണ് ബെംഗളൂരുവിന് വെടിക്കെട്ട് തുടക്കം സമ്മാനിച്ചത്. 36 പന്തില്‍ ആറ് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 78 റണ്‍സാണ് സാള്‍ട്ട് അടിച്ചെടുത്തത്. 38 പന്തില്‍ 50 റണ്‍സായിരുന്നു വിരാടിന്റെ സംഭാവന. ഇരുവരും 65 പന്തില്‍ 120 റണ്‍സിന്റെ കൂട്ടുകെട്ടാണ് ബെംഗളൂരുവിന് നല്‍കിയത്.

പിന്നീട് ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ വെടിക്കെട്ട് ബാറ്റിങ്ങും ബെംഗളൂരുവിന്റെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു. 20 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 53 റണ്‍സാണ് ക്യാപ്റ്റന്‍ അടിച്ചുകൂട്ടിയത്. നാലാമനായി ഇറങ്ങിയ ടിം ഡേവിഡ് 16 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 34 റണ്‍സ് നേടി പുറത്താകാതെ നിന്നു.

മുംബൈയ്ക്ക് വേണ്ടി ശര്‍ദുല്‍ താക്കൂര്‍, ഹര്‍ദിക് പാണ്ഡ്യ, മിച്ചല്‍ സാന്റ്‌നര്‍, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

Content Highlight: RCB Defeat Mumbai

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ