കള്ളനോട്ടുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ: നോട്ടുനിരോധനത്തിനുശേഷമുണ്ടായത് 20.4% വര്‍ധനയെന്ന് ആര്‍.ബി.ഐ
Daily News
കള്ളനോട്ടുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ: നോട്ടുനിരോധനത്തിനുശേഷമുണ്ടായത് 20.4% വര്‍ധനയെന്ന് ആര്‍.ബി.ഐ
ന്യൂസ് ഡെസ്‌ക്
Friday, 1st September 2017, 9:25 am

ന്യൂദല്‍ഹി: രാജ്യത്ത് കള്ളനോട്ടുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതായി റിസര്‍വ് ബാങ്ക്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ കള്ളനോട്ടുകളുടെ എണ്ണത്തില്‍ 20.4% വര്‍ധനയാണുണ്ടായതെന്നാണ് റിസര്‍വ് ബാങ്ക് കണക്കുകള്‍ പറയുന്നത്.

2016-17 കാലഘട്ടത്തില്‍ 41.5 കോടി മൂല്യമുള്ള വ്യാജ കറന്‍സികളാണ് പഴയ 500, 1000രൂപ നോട്ടുകളായി ബാങ്കുകളിലെത്തിയത്. 2015-16 വര്‍ഷത്തില്‍ ഈ മൂല്യമുള്ള നോട്ടുകളില്‍ 6.32ലക്ഷം കള്ളനോട്ടുകളാണ് ബാങ്കുകളില്‍ ലഭിച്ചത്.

കള്ളനോട്ടുകളുടെ കാര്യത്തില്‍ പുതിയ 500, 2000 നോട്ടുകളും മോശമല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2000ത്തിന്റെ 638 വ്യാജനോട്ടുകളാണ് ലഭിച്ചത്. പുതിയ അഞ്ഞൂറു രൂപയുടെ 199 നോട്ടുകളും ലഭിച്ചു.


Also Read: മോദിപ്രഭാവം ഉണ്ടായിരുന്നു; കേരളത്തിലെ ഇടതുയുവാക്കള്‍ പോലും അതില്‍പ്പെട്ടെന്നും സി.പി.ഐ.എം നേതാവ്


കള്ളനോട്ടുകളും കള്ളപ്പണവും ഇല്ലാതാക്കാനാണെന്നു പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം നവംബര്‍ എട്ടിന് നോട്ടുനിരോധനം കൊണ്ടുവന്നത്. എന്നാല്‍ അത് സമ്പൂര്‍ണ പരാജയമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകളും.

പഴയ നോട്ടുകളിലെ കള്ളപ്പണം കണ്ടെത്താനായെങ്കിലും ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ പുതിയ 2000രൂപയ്ക്കും 500രൂപയ്ക്കും ഇത്രയേറെ വ്യാജന്‍ ഉണ്ടായി എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്.

നോട്ടുനിരോധനത്തിനു പിന്നാലെ വ്യാജ നോട്ടുകള്‍ കണ്ടെത്താനുള്ള കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നൂറിന്റെ വ്യാജനില്‍ കുറവുണ്ടായെന്നും ആയിരത്തിന്റേതു വര്‍ധിച്ചെന്നും ആര്‍.ബി.ഐ രേഖകള്‍ വ്യക്തമാക്കുന്നു. പഴയ അഞ്ഞൂറു രൂപയുടെ 3,17,567 വ്യാജ നോട്ടുകളാണ് ബാങ്കുകളില്‍ ലഭിച്ചത്.