Administrator
Administrator
വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് പിന്നില്‍ മോഡി ആന്റ് കമ്പനി: ആര്‍.ബി ശ്രീകുമാര്‍
Administrator
Monday 21st November 2011 9:16pm

കോഴിക്കോട്: ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് നരേന്ദ്രമോഡി ആന്റ് കമ്പനിയാണെന്ന് ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍. കോഴിക്കോട്ടെത്തിയ അദ്ദേഹം ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെക്കുറിച്ച് ഡൂള്‍ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു.

ബി.ജെ.പിക്ക് പുറത്തും ഉള്ളിലും രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളിലെല്ലാം മോഡി വ്യാജ ഏറ്റുമുട്ടല്‍ തന്ത്രം പ്രയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് ഗുജറാത്ത് കലാപമുണ്ടാവുന്നത്. കലാപത്തോടെ ഗുജറാത്തിലെ ജനതയെ വര്‍ഗ്ഗീയമായി വിഭജിക്കാന്‍ മോഡിക്ക് കഴിഞ്ഞു. ഗുജറാത്തിലെ സാഹചര്യം അതിന് എളുപ്പവുമായിരുന്നു.

അതിലൂടെ അധികാരത്തിലെത്തുകയാണ് മോഡി ചെയ്തത്. ജനം മോഡിയെത്തന്നെ തിരഞ്ഞെടുത്തില്ലേയെന്ന് ചോദിക്കുന്നതില്‍ അര്‍ഥമില്ല. ജനാധിപത്യത്തില്‍ തല മാത്രമേ എണ്ണുകയുള്ളൂ. തലയ്ക്കകത്ത് എന്താണുള്ളതെന്ന് പരിശോധിക്കുകയില്ല. അതുകൊണ്ട് ജനങ്ങള്‍ മോഡിയെ വീണ്ടും തിരഞ്ഞെടുത്തുവെന്ന് പറയുന്നതില്‍ അര്‍ഥമില്ല. താന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ പാകത്തില്‍ മോഡി ഗുജറാത്തിനെ മാറ്റിയിരുന്നുവെന്നാണ് പറയേണ്ടത്.

താന്‍ ഡി.ജി.പിയായിരിക്കെ വ്യാജ ഏറ്റുമുട്ടല്‍ നടത്താന്‍ ഗുജറാത്ത് ചീഫ് സെക്രട്ടറി എന്നോട് നിര്‍ദേശിക്കുന്നുണ്ട്. അതിനെ എതിര്‍ത്തതോടെയാണ് എന്നെ സ്ഥലം മാറ്റിയത്. പിന്നീടാണ് വ്യാജ ഏറ്റുമുട്ടലുണ്ടായത്. വ്യാജ ഏറ്റുമുട്ടല്‍ നടത്തിയതിന് വന്‍സാരെയെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടല്‍ നടത്താന്‍ വന്‍സാരെക്ക് പ്രത്യേക താല്‍പര്യമൊന്നുമില്ല. വന്‍സാരെ ചെയ്തത് മോഡിക്ക് വേണ്ടിയാണ്. മോഡി ആന്റ് കമ്പനിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. നിയമനടപടിക്ക് അവരെ തൊടാന്‍ കഴിയുന്നില്ലെങ്കില്‍ ഇപ്പോഴുള്ളത് പുറംപൂച്ച് മാത്രമായിത്തീരും.

മോഡി അന്താരാഷ്ട്ര മുസ്‌ലിം ഭീകരവാദികളുടെ ലക്ഷ്യമാണെന്ന് വരുത്തിത്തീര്‍ക്കേണ്ടത് മോഡിയുടെ ആവശ്യമാണ്. ഹിന്ദു അനുകമ്പ ലഭിക്കാനാണിത്. തീവ്രവാദികള്‍ മോഡിയെ ലക്ഷ്യമിട്ടിരുന്നുവെന്നത് ശരിയാണ്. എന്നാല്‍ ഗുജറാത്തില്‍ അതിന്റെ പേരില്‍ നടന്ന ഏറ്റുമുട്ടലുകളെല്ലാം വ്യാജമായിരുന്നു. മുംബൈയില്‍ നിന്നും മുസ്‌ലിം ചെറുപ്പക്കാരെ പിടിച്ചുകൊണ്ട് വന്ന് കൊലപ്പെടുത്തി അവര്‍ മോഡിയെ കൊല്ലാന്‍ വന്ന ലഷ്‌കര്‍ തീവ്രവാദികളാണെന്ന് പറയുകയായിരുന്നു. ഇതെല്ലാം തെളിയിക്കപ്പെടേണ്ടതുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ ഈ അര്‍ത്ഥത്തില്‍ വേണം കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കോളജ് വിദ്യാര്‍ഥിയായ ഇസ്രത്ത് ജഹാനും സുഹൃത്തുക്കളും 2004ല്‍ കൊല്ലപ്പെട്ടത് ഗുജറാത്ത് പോലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ഇക്കാര്യം വ്യക്തമാക്കി അന്വേഷണ സംഘം ഗുജറാത്ത് ഹൈകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

വിദ്യാര്‍ഥിനിയായ ഇസ്രത് ജഹാന്‍, മലയാളിയായ ജാവേദ് ഗുലാം ഷെയ്ഖ് എന്ന പ്രാണേഷ് കുമാര്‍ എന്നിവരടക്കം നാല് പേരെ പോലീസ് വ്യാജ ഏറ്റുമുട്ടിലിലൂടെ കൊലപ്പെടുത്തിയെന്നാണ് കേസ്. ആലപ്പുഴ ജില്ലയിലെ താമരക്കുളം സ്വദേശി ഗോപിനാഥന്‍ പിള്ളയുടെ മകനാണ് പ്രാണേഷ്‌കുമാര്‍ പിള്ള.

2004 ജൂണ്‍ 15നായിരുന്നു സംഭവം. അംജത്ത്, അലി, ജിസാന്‍ അബ്ദുള്‍ എന്നിവരാണ് കൊല്ലപ്പെട്ട മറ്റു രണ്ട് പേര്‍. ഇവര്‍ നാലുപേരും ലഷ്‌കറെ ത്വയ്ബ അംഗങ്ങളാണെന്നും മോഡിയെ കൊല്ലാന്‍ നിയോഗിക്കപ്പെട്ടവരാണെന്നുമായിരുന്നു പ്രചാരണം. അഹമ്മദാബാദ് ക്രൈം ബ്രാഞ്ചാണ് ഇവരെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നും ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്നും കഴിഞ്ഞ വര്‍ഷം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്.പി തമാങ് കണ്ടെത്തിയിരുന്നു

2004 നവംബര്‍ 26ന് സൊഹ്‌റാബുദ്ദീന്‍ ശൈഖ് എന്നയാളെ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് പോലീസ് കൊലപ്പെടുത്തിയതെന്ന് 2007 മാര്‍ച്ചില്‍ ഗുജറാത്ത് സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. മോഡിയെ കൊല്ലാന്‍ നിയോഗിക്കപ്പെട്ട ലഷ്‌കര്‍ ഭീകരനായതിനാലാണ് ഇയാളെ കൊന്നതെന്നാണ് അന്നും പോലീസ് അവകാശപ്പെട്ടിരുന്നത്. തെളിവ് നശിപ്പിക്കാനായി ഇയാളുടെ ഭാര്യ കൗസര്‍ബിയെ പോലീസ് കൊന്നു കത്തിക്കുകയും ചെയ്തിരുന്നു.

പ്രിയപ്പെട്ട മോഡീ, താങ്കള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു

Malayalam news

Kerala news in English

Advertisement