'മുഹമ്മദ്; ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ്'ന്റെ ഡിജിറ്റല്‍ റിലീസ് തടയണമെന്ന് റാസ അക്കാദമി; കേന്ദ്രത്തിന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ കത്ത്
മുംബൈ: പ്രവാചകനെ ചിത്രീകരിച്ചതിലൂടെ വിവാദത്തിലായ ഇറാനിയന്‍ സിനിമ ”മുഹമ്മദ്; ദി മെസഞ്ചര്‍ ഓഫ് ഗോഡ്’ ന്റെ ഓണ്‍ലൈനിലൂടെയുള്ള പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ കത്ത്.
സിനിമയ്‌ക്കെതിരെ മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സുന്നി മുസ്ലിം സംഘടനയായ റാസ അക്കാദമി രംഗത്ത് എത്തുകയും പ്രദര്‍ശനം തടയണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്നാണ് റിലീസ് തടയണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചത്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ഈ മാസം 21ന് ചിത്രം റിലീസാവാനിരിക്കെയാണ് പുതിയ നടപടി.
നേരത്തെ സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് റാസ അക്കാദമി രംഗത്ത് എത്തിയിരുന്നു. 2015 ല്‍ ഇറാനില്‍ പുറത്തിറങ്ങിയ ഈ ചിത്രം 88-ാമത് അക്കാദമി അവാര്‍ഡുകളില്‍ മികച്ച വിദേശ ഭാഷാ ഫിലിം വിഭാഗത്തിനുള്ള ഇറാനിയന്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ലോകോത്തര ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയാണ് സിനിമയുടെ സംവിധാനം. എ.ആര്‍.റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചത്.
പ്രവാചകനെ ചിത്രീകരിക്കുന്നത് ഇസ്ലാമില്‍ നിഷിദ്ധമാണെന്നും, ഇസ്ലാമിന്റെ നിയമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച സംവിധായകനും റഹ്മാനും അടക്കമുള്ളവര്‍ക്കെതിരെ ഫത്വ ഇറക്കുന്നതായും 2015ല്‍ റാസ അക്കാദമി പ്രഖ്യാപിച്ചിരുന്നു. ഇസ്ലാം മതവിശ്വാസികള്‍ ഈ സിനിമ കാണരുതെന്നും സംഘടന ആഹ്വാനം ചെയ്തിരുന്നു.
എന്നാല്‍ ഫത്വയ്ക്കെതിരെ വന്‍ പ്രതിഷേധമുയരുകയും നിരവധി പ്രമുഖരും സംഘടനകളും റഹ്മാനും മജീദിക്കും പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടെ റഹ്മാന്‍ ”ഘര്‍ വാപസി”ക്ക് തയ്യാറാകണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ധാരാളം സിനിമകള്‍ക്ക് സംഗീതം ചെയ്ത താന്‍ പ്രവാചകനെപ്പറ്റിയുള്ള സിനിമയ്ക്ക് സംഗീതം ചെയ്തില്ലെങ്കില്‍ ദൈവം തന്നോട് അക്കാര്യം ചോദിക്കുമെന്നായിരുന്നു റഹ്മാന്‍ വിഷയത്തില്‍ പ്രതികരിച്ചത്.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതത്തെക്കുറിച്ചുള്ള മൂന്നു ചിത്രങ്ങളാണ് മജീദ് മജീദി ഒരുക്കുന്നത്. അതില്‍ ആദ്യത്തേതാണ് ഇത്. മുഹമ്മദ് ജനിച്ച് 13 വയസ്സുവരെയുള്ള സംഭവങ്ങളാണ് ആദ്യ സിനിമയില്‍ ഇതിവൃത്തമാകുന്നത്.
നേരത്തെ മുഹമ്മദ് നബിയെയും ഭാര്യയെയും അപമാനിച്ചുവെന്നാരോപിച്ച് മലയാള സിനിമയായ അഡാര്‍ ലൗവിനെതിരെയും പ്രിയാ വാര്യര്‍ക്കെതിരെയും റാസ അക്കാദമി രംഗത്ത് എത്തിയിരുന്നു. മാണിക്യ മലരായ പൂവി എന്ന ഗാനമാണ് ഇവരെ അന്ന് ചൊടിപ്പിച്ചത്.