ഇന്ത്യ ടുഡേയെ കടത്തിവെട്ടി 90 ലക്ഷം വരിക്കാരുമായി രവീഷ് കുമാറിന്റെ യൂട്യൂബ് ചാനൽ; കാഴ്ചക്കാരിൽ എൻ.ഡി.ടി.വിയെക്കാൾ പതിൻമടങ്ങ് മുമ്പിൽ
national news
ഇന്ത്യ ടുഡേയെ കടത്തിവെട്ടി 90 ലക്ഷം വരിക്കാരുമായി രവീഷ് കുമാറിന്റെ യൂട്യൂബ് ചാനൽ; കാഴ്ചക്കാരിൽ എൻ.ഡി.ടി.വിയെക്കാൾ പതിൻമടങ്ങ് മുമ്പിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th March 2024, 1:24 pm

ന്യൂദൽഹി: അദാനി എൻ.ഡി.ടി.വി ഏറ്റെടുത്തതിന് പിന്നാലെ ചാനലിൽ നിന്ന് രാജിവെച്ച പ്രമുഖ മാധ്യമപ്രവർത്തകൻ രവീഷ് കുമാറിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 90 ലക്ഷത്തിലേക്ക്.

നിലവിൽ 89.4 ലക്ഷം സബ്സ്ക്രൈബേഴ്സാണ് രവീഷ് കുമാറിനുള്ളത്. 86.6 ലക്ഷം വരിക്കാറുള്ള ഇന്ത്യ ടുഡേയുടെ യൂട്യൂബ് ചാനലിനെയും പിന്തള്ളിയിരിക്കുകയാണ് രവീഷ് കുമാർ ഒഫീഷ്യൽ എന്ന ചാനൽ.

2022ൽ മാത്രം ആരംഭിച്ച രവീഷ് കുമാറിന്റെ ചാനലിൽ 470 വീഡിയോകളാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. 84 കോടിയോളം വ്യൂസും ചാനലിന് ഈ കാലയളവിലുണ്ട്.

അതേസമയം 2015ൽ ആരംഭിച്ച മുഖ്യധാര ചാനലായ ഇന്ത്യ ടുഡേ 1,79,732 വീഡിയോകളിലൂടെ മാത്രമാണ് മൂന്ന് ബില്യണിലധികം വ്യൂസ് നേടിയത്.

അതേസമയം രവീഷ് കുമാർ രാജിവെച്ച എൻ.ഡി.ടി.വിയുടെ യൂട്യൂബ് ചാനലിലെ വീഡിയോകൾ ഒരു ദിവസം ശരാശരി പതിനായിരം പേർ കാണുമ്പോൾ രവീഷിന്റെ ചാനൽ കാണുന്നത് പത്ത് ലക്ഷത്തിലധികം ആളുകളാണ്.

കഴിഞ്ഞ ഒരു മാസത്തിനിടയിൽ മാത്രം ചാനലിന് 48 ലക്ഷം പുതിയ വരിക്കാരെ ലഭിച്ചു. 91 ലക്ഷം പേരാണ് ചാനലിലെ ഹ്രസ്വ വീഡിയോകൾ കണ്ടത്.

2022 നവംബറിലായിരുന്നു രവീഷ് കുമാർ എൻ.ഡി.ടി.വിയിൽ നിന്ന് രാജിവെച്ചത്. എന്നാൽ സംഘപരിവാറും കോർപ്പറേറ്റുകളും സ്വതന്ത്ര മാധ്യമങ്ങളിൽ പിടിമുറുക്കുന്നതിൽ പ്രതിഷേധിച്ച് ഇതേ വർഷം ജൂണിൽ തന്നെ അദ്ദേഹം യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു.

എൻ.ഡി.ടി.വിയിൽ നിന്ന് രാജിവെക്കുമ്പോൾ ഏഴ് ലക്ഷം വരിക്കാരായിരുന്നു അദ്ദേഹത്തിന്റെ ചാനലിന് ഉണ്ടായിരുന്നത്. രാജിവെച്ച കാര്യം വെളിപ്പെടുത്തിക്കൊണ്ട് ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്തതിന് പിന്നാലെ വരിക്കാരുടെ എണ്ണം ഒരു ദിവസം കൊണ്ട് 15 ലക്ഷമായി ഉയർന്നിരുന്നു.

Content Highlight: Ravish Kumar surpass India Today with 90 lakhs subscribers