ഇന്ത്യയുടെ അടുത്ത ടി-20 നായകന്‍ ആരായിരിക്കുമെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമായിരിക്കുന്നത്. സൂര്യകുമാര്‍ യാദവിന്റെ പകരക്കാരനായി ആരെത്തുമെന്ന ചര്‍ച്ചകളും നിലനില്‍ക്കുന്നുണ്ട്. ശ്രേയസ് അയ്യരുടെയും മലയാളി താരം സഞ്ജു സാംസണിന്റെയും പേരുകള്‍ അടുത്ത നായകസ്ഥാനത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്നുണ്ട്.
ഇപ്പോള്‍ ഇന്ത്യന്‍ ടി-20 ടീമിന്റെ അടുത്ത ക്യാപ്റ്റനാവാന്‍ സഞ്ജുവിന് സാധിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു ക്യാപ്റ്റന്‍സി തെളിയിച്ചതാണെന്നും ക്യാപ്റ്റനാവാന്‍ സഞ്ജു ഒന്നാം സ്ഥാനത്തുണ്ടാവുമെന്നുമാണ് ശാസ്ത്രി പറഞ്ഞത്. ഐ.സി.സി റിവ്യൂവില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘2028ലെ അടുത്ത ടി-20 ലോകകപ്പില്‍ ഇന്ത്യ പുതിയൊരു ക്യാപ്റ്റനെ അന്വേഷിച്ചേക്കാം. ഇത് അടുത്ത രണ്ട് വര്‍ഷങ്ങളില്‍ സൂര്യ എങ്ങനെ മുന്നോട്ട് പോവും എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുക. എന്നാല്‍ സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ സ്വയം തയ്യാറാണ്. കാരണം അവന്‍ രാജസ്ഥാന് വേണ്ടി അത് ചെയ്തിട്ടുണ്ട്. അവന്‍ ഒന്നാം സ്ഥാനത്തുണ്ടാവും ഞാന്‍ ക്യാപ്റ്റനായി സഞ്ജുവിനെയാണ് കാണുന്നത്. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തില്‍ സഞ്ജുവില്‍ നിന്നും നിങ്ങള്‍ കാണാന്‍ പോവുന്നതിന്റെ തുടക്കം മാത്രമാണ് ഇപ്പോള്‍ നിങ്ങള്‍ കാണുന്നത്,’ രവി ശാസ്ത്രി പറഞ്ഞു.
2026 ടി-20 ലോകകപ്പിലെ സഞ്ജു സാംസണിനെ തകര്‍പ്പന്‍ പ്രകടങ്ങളെക്കുറിച്ചും ശാസ്ത്രി സംസാരിച്ചു. ഐ.പി.എല്ലില്‍ ഇപ്പോള്‍ വളരെ പക്വതയോടെയാണ് സഞ്ജു കളിക്കുന്നതെന്നും ശാസ്ത്രി വ്യക്തമാക്കി.
‘ടി-20 ലോകകപ്പില്‍ വലിയ മത്സരങ്ങളില്‍ ഒറ്റയ്ക്കാണ് അവന്‍ കളിച്ചത്. സെമി ഫൈനലിലും ഫൈനലിലും അവന്‍ കളിച്ച രീതി ഇപ്പോള്‍ ഐ.പി.എല്ലില്‍ കാണിക്കുന്ന പക്വത എല്ലാം നോക്കിയാല്‍ ഭാവിയില്‍ ക്യാപ്റ്റന്‍സി നല്‍കാന്‍ സാധിക്കുന്ന ഒരാളാണ് താനെന്ന് അവന്‍ തെളിയിക്കുകയാണ്,’ രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
ടി-20 ലോകകപ്പ് ഫൈനലില്‍ 46 പന്തില്‍ നിന്ന് എട്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. സെമിയടക്കമുള്ള നിര്‍ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. ഇതോടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു.
ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രം കളിച്ച സഞ്ജു പിന്നീട് അവസരം ലഭിച്ചപ്പോള്‍ വമ്പന്‍ പ്രകടനങ്ങളാണ് പുറത്തെടുത്തത്. വെറും അഞ്ച് ഇന്നിങ്സില്‍ നിന്ന് 321 റണ്‍സാണ് താരം നിന്ന് അടിച്ചെടുത്തത്. 199.37 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് ടൂര്‍ണമെന്റില്‍ താരം ബാറ്റ് വീശിയത്. സൂപ്പര്‍ 8ല്‍ വിന്‍ഡീസിനെതിരായ ഡു ഓര്‍ ഡൈ മത്സരത്തില്‍ 97* റണ്‍സ് നേടിയ സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89 റണ്‍സും നേടിയിരുന്നു.
അതേസമയം ഐ.പി.എല്ലിലും മിന്നും ഫോമിലാണ് സഞ്ജു കളിച്ചുകൊണ്ടിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമുള്ള അരങ്ങേറ്റ സീസണില്‍ 11 ഇന്നിങ്സില്‍ നിന്നും 430 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. സീസണില്‍ ഇതിനകം രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്.
Photo: IndianPremierLeague/x.com
സഞ്ജുവിന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറി ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു. 56 പന്തില്‍ നാല് സിക്‌സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്. മുംബൈക്കെതിരെയാണ് സഞ്ജു രണ്ടാം സെഞ്ച്വറി അടിച്ചെടുത്തത്. മുംബൈക്കെതിരെ 54 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സാണ് സഞ്ജു നേടിയത്.
Content Highlight: Ravi Shastri Talks Sanju Samson Deserve next Indian t20 captain