ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ജൂണ്‍ 20ന് ആരംഭിക്കും. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ശുഭ്മന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ഇന്ത്യ.
രോഹിത് ശര്‍മയുടേയും വിരാട് കോഹ്‌ലിയുടേയും വിരമിക്കലിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരകൂടിയാണിത്. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഉള്‍പ്പെടെ ഇന്ത്യന്‍ സ്‌ക്വാഡിലെ എല്ലാവര്‍ക്കും പരമ്പര നിര്‍ണായകമാണ്.
ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയെ നയിക്കുക എന്നത് കഠിനമായ ജോലിയാണെന്നും ഈ അനുഭവത്തില്‍ നിന്ന് ഗില്ലിന് ചില കാര്യങ്ങള്‍ പഠിക്കുമെന്നും ശാസ്ത്രി പറഞ്ഞു.
‘അവന് സമയമെടുക്കേണ്ടിവരുമെന്നാണ് എനിക്ക് തോന്നുന്നത്. ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയെ നയിക്കുക എന്നത് എളുപ്പമായിരിക്കില്ല. അവനോട് വളരെ കഠിനമായ ഒരു ജോലി ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും ഈ അനുഭവത്തില്‍ നിന്ന് അവന്‍ പഠിക്കുമെന്ന് ഞാന്‍ കരുതുന്നു.
ഗുജറാത്ത് ടൈറ്റന്‍സില്‍ അവന്‍ വളരെ ശാന്തനും സംയമനം പാലിക്കുന്നവനുമായിട്ടാണ് ഞാന്‍ കണ്ടത്. അവന് നല്ല സ്വഭാവമുണ്ട്. ഒരു വ്യക്തിയെന്ന നിലയില്‍ അവന്‍ പക്വത പ്രാപിച്ചു, അവനൊപ്പം ചില യുവതാരങ്ങളുമുണ്ട്, ശുഭ്മന്‍ ഗില്ലിനെ സംബന്ധിച്ചിടത്തോളം ഇത് പഠിക്കാനുള്ള സമയമാണ്,’ ശാസ്ത്രി ഐ.സി.സി റിവ്യൂവില്‍ പറഞ്ഞു.